മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു മന്ത്രിയാകും; വകുപ്പുകളില്‍ മാറ്റം

മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു മന്ത്രിയാകും; വകുപ്പുകളില്‍ മാറ്റം

തിരുവനന്തപുരം: ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് കെ. രാധാകൃഷ്ണന്‍ രാജിവെച്ച ഒഴിവില്‍ മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമവകുപ്പ് മന്ത്രിയാകും.

രണ്ട് തവണ എംഎല്‍എയായ കേളു നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ്. പട്ടിക വര്‍ഗത്തില്‍ നിന്നുള്ള ആളുമാണ്. പട്ടിക വര്‍ഗത്തില്‍ നിന്നും സിപിഎം സംസ്ഥാന സമിതിയില്‍ ഇടം നേടുന്ന ആദ്യ നേതാവാണ് ഒ.ആര്‍ കേളു. മാത്രമല്ല വയനാട് ജില്ലയില്‍ നിന്നുള്ള സിപിഎമ്മിന്റെ ആദ്യ മന്ത്രി കൂടിയാവുകയാണ് അദേഹം.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് പുതിയ മന്ത്രിയെ തീരുമാനിച്ചത്. കുന്നത്തുനാട് എംഎല്‍എ പി.വി ശ്രീനിജിന്‍, ബാലുശേരി എംഎല്‍എ സച്ചിന്‍ ദേവ്, തരൂര്‍ എംഎല്‍എ പി.പി സുമോദ്, കോങ്ങാട് എംഎല്‍എ ശാന്തകുമാരി തുടങ്ങിയവരും പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ സീനിയര്‍ എന്ന നിലയില്‍ കേളുവിന് മന്ത്രിസ്ഥാനം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം കെ.രാധാകൃഷ്ണന്‍ വഹിച്ച എല്ലാ വകുപ്പുകളും കേളുവിന് ലഭിക്കില്ല. പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമ വകുപ്പുകളാകും കേളുവിന് നല്‍കുക. രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി.എന്‍ വാസവനും പാര്‍ലമെന്ററി കാര്യ വകുപ്പ് എം.ബി രാജേഷിനും നല്‍കാനും തീരുമാനിച്ചതായാണ് സൂചന.

യുഡിഎഫ് സര്‍ക്കാരില്‍ പി.കെ ജയലക്ഷ്മി മന്ത്രിയായ ശേഷം പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നും മന്ത്രിയാകുന്ന നേതാവാണ് കേളു. തിരുനെല്ലി ഗ്രാമപഞ്ചായത്തംഗമായാണ്  തുടക്കം. പിന്നീട് 2005 ലും 2010 ലും തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി.

2015 ല്‍ തിരുനെല്ലി ഡിവിഷനില്‍ നിന്നും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2016 ലും 2021 ലും നിയമസഭയിലെത്തി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.