അനാഥാലയങ്ങളില്‍ നിന്ന് മാസപ്പടി വാങ്ങി; വീണാ വിജയനെതിരെ വീണ്ടും കുഴല്‍നാടന്‍: ആരോപണം നിയമസഭയില്‍, മൈക്ക് ഓഫാക്കി സ്പീക്കര്‍

അനാഥാലയങ്ങളില്‍ നിന്ന് മാസപ്പടി വാങ്ങി; വീണാ വിജയനെതിരെ വീണ്ടും കുഴല്‍നാടന്‍: ആരോപണം നിയമസഭയില്‍, മൈക്ക് ഓഫാക്കി സ്പീക്കര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ നിയമസഭയില്‍ പുതിയ ആരോപണവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. അനാഥാലയങ്ങളില്‍ നിന്ന് വീണ മാസപ്പടി കൈപ്പറ്റിയെന്നാണ് മാത്യുവിന്റെ പുതിയ ആരോപണം.

രേഖകള്‍ ഉയര്‍ത്തി കാട്ടിയായിരുന്നു നിയമസഭയില്‍ ആരോപണം ഉന്നയിച്ചത്. അതേസമയം പ്രസംഗത്തിനിടെ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഇടപെടുകയും മാത്യുവിന്റെ മൈക്ക് ഓഫ് ചെയ്യുകയും ചെയ്തു.

സി.എം.ആര്‍.എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയതിനെക്കുറിച്ചാണ് ഇതുവരെ കേട്ടത്. ആര്‍.ഒ.സി അയച്ചൊരു നോട്ടീസില്‍ പറയുന്നത് ഹാജരാക്കിയ ബാങ്ക് സ്റ്റേറ്റുമെന്റുകളില്‍ നിന്ന് കമ്പനി ഏതാണ്ട് മാസം തോറം വിവിധ ജീവകാരുണ്യ സ്ഥാപനങ്ങളിലും സംഘടനകളിലും നിന്ന് പണം കൈപ്പറ്റുന്നതായി വ്യക്തമായി എന്നാണ്.

നാട്ടിലെ സാധാരണക്കാരും പാവപ്പെട്ടവരും അനാഥാലയങ്ങള്‍ക്കും ധര്‍മ്മ സ്ഥാപനങ്ങള്‍ക്കും അങ്ങോട്ട് പണം കൊടുക്കുന്നവരാണ്. എങ്ങനെയാണ് മുഖ്യമന്ത്രിയുടെ മകള്‍ അനാഥാലയങ്ങളില്‍ നിന്ന് മാസാമാസം പണം വാങ്ങുന്നത്. അനാഥാലയങ്ങളില്‍ നിന്ന് മാസപ്പടി വാങ്ങുന്നത് എങ്ങനെയാണ് അംഗീകരിക്കാന്‍ കഴിയുന്നതെന്നും കുഴല്‍നാടന്‍ ചോദിച്ചു.

എന്നാല്‍ മാത്യു സ്ഥിരമായി ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും അതിനുള്ള വേദിയല്ല നിയമസഭയെന്നും സ്പീക്കര്‍ ഇടപെട്ടു പറഞ്ഞു. ചട്ടവും ക്രമവും പാലിക്കാത്ത ഒരു കാര്യവും സഭാ രേഖയിലുണ്ടാവില്ലെന്ന് ഷംസീര്‍ അറിയിച്ചു.

അതേസമയം തന്റെ ആരോപണങ്ങള്‍ വസ്തുതയുടെ അടിസ്ഥാനത്തിലാണെന്നും തെറ്റാണെങ്കില്‍ നിഷേധിക്കാമെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.