കെ.എസ്.ആര്‍.ടി.സി പങ്കാളിത്ത പെന്‍ഷന്‍: മാസം തോറുമുള്ള വിഹിതം അടയ്ക്കുന്നില്ല; ജീവനക്കാരുടെ അക്കൗണ്ടില്‍ ലക്ഷങ്ങളുടെ കുറവ്

കെ.എസ്.ആര്‍.ടി.സി പങ്കാളിത്ത പെന്‍ഷന്‍: മാസം തോറുമുള്ള വിഹിതം അടയ്ക്കുന്നില്ല; ജീവനക്കാരുടെ അക്കൗണ്ടില്‍ ലക്ഷങ്ങളുടെ കുറവ്

പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സി പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍െപ്പട്ട ജീവനക്കാരുടെ അക്കൗണ്ടില്‍ ലക്ഷങ്ങളുടെ കുറവ്. ജീവനക്കാരില്‍ നിന്നും വിഹിതമായി മാസം തോറും പിടിക്കുന്ന പണവും മാനേജ്മെന്റിന്റെ വിഹിതവും കൃത്യമായി എന്‍.പി.എസ് ട്രസ്റ്റില്‍ അടയ്ക്കാത്തതാണ് അക്കൗണ്ടുകളില്‍ ലക്ഷങ്ങളുടെ കുറവ് ഉണ്ടാകാന്‍ കാരണം. ട്രസ്റ്റില്‍ 300 കോടി രൂപയാണ് സര്‍ക്കാര്‍ അടയ്ക്കാനുള്ളത്.

ഇതുവരെയുള്ള കാലയളവില്‍ പിടിച്ച വിഹിതം അനുസരിച്ച് ഓരോ ജീവനക്കാരുടേയും അക്കൗണ്ടുകളില്‍ കുറഞ്ഞത് 10 മുതല്‍ 12 ലക്ഷം രൂപ വരെ കാണേണ്ടതാണ്. എന്നാല്‍ ഈ അക്കൗണ്ടുകളില്‍ നിലവില്‍ 6000 മുതല്‍ രണ്ട് ലക്ഷം രൂപവരെ മാത്രമേയുള്ളൂ. എന്‍.പി.എസിനായി പിടിച്ച തുക, സാമ്പത്തിക പ്രതിസന്ധിമൂലം കെ.എസ്.ആര്‍.ടി.സിയുടെ ദൈനംദിന ചെലവുകള്‍ക്കായി വകമാറ്റിയതോടെയാണ് അടവ് മുടങ്ങിയത്.

2013 ലാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം നിലവില്‍വന്നത്. ഇതിനുള്ള ട്രസ്റ്റ് വന്നതിന് ശേഷം സര്‍വീസില്‍ കയറിയ ജീവനക്കാരില്‍ കുറച്ചുപേര്‍ മുന്‍ വര്‍ഷങ്ങളില്‍ വിരമിച്ചിട്ടുണ്ട്. ഇവര്‍ക്കുള്ള ആനുകൂല്യങ്ങളും പെന്‍ഷനും കൃത്യമായി നല്‍കിയിട്ടില്ല. സര്‍വീസില്‍ ഇരിക്കെ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ആനുകൂല്യം ലഭിച്ചിട്ടില്ല.

ജീവനക്കാരില്‍ നിന്ന് ആകെയുള്ള ശമ്പളത്തിന്റെ 10 ശതമാനമാണ് എല്ലാ മാസവും പിടിക്കുന്നത്. മാനേജ്‌മെന്റ് വിഹിതമായ 10 ശതമാനവും ചേര്‍ത്ത് എന്‍.പി.എസ് ട്രസ്റ്റില്‍ അടയ്ക്കണമെന്നാണ് വ്യവസ്ഥ. കെ.എസ്.ആര്‍.ടി.സിയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഈ തുക വകമാറ്റാന്‍ മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.