ഓണ്‍ലൈന്‍ തട്ടിപ്പ്: പൊലീസ് സൈബര്‍ ഡിവിഷന്‍ മരവിപ്പിച്ചത് അയ്യായിരത്തിലേറെ അക്കൗണ്ടുകള്‍

ഓണ്‍ലൈന്‍ തട്ടിപ്പ്: പൊലീസ് സൈബര്‍ ഡിവിഷന്‍ മരവിപ്പിച്ചത് അയ്യായിരത്തിലേറെ അക്കൗണ്ടുകള്‍

തിരുവനന്തപുരം: ഐ.ജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സൈബര്‍ ഡിവിഷന്‍ കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന്റെ 5107 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. 3289 മൊബൈല്‍ നമ്പറുകളും 239 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും 945 വെബ്‌സൈറ്റുകളും തടഞ്ഞു. നഷ്ടപ്പെട്ട 201 കോടിയില്‍ 20 ശതമാനം തുക തിരിച്ചുപിടിച്ചു.

അതേസമയം കഴിഞ്ഞ അഞ്ച് മാസത്തിനിടെ 1511 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. തട്ടിപ്പിനുപയോഗിച്ച 1730 സിം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു. 2124 ഐ.എം.ഇ.ഐ നമ്പരുകളും മരവിപ്പിച്ചു. തട്ടിയെടുക്കുന്ന പണം നിക്ഷേപിക്കാന്‍ സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ നല്‍കുന്ന 50 ലേറെപ്പേര്‍ അറസ്റ്റിലായിട്ടുണ്ട്. വായ്പാ തട്ടിപ്പ് നടത്തുന്ന 436 ആപ്പുകളും നീക്കം ചെയ്തു. 6011 തട്ടിപ്പ് വെബ്‌സൈറ്റുകളും ബ്ലോക്ക് ചെയ്തു.

റിസര്‍വ് ബാങ്ക് അംഗീകരിച്ച നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ലോണ്‍ ആപ്പുകളെക്കുറിച്ചും ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പുകളെക്കുറിച്ചും പൊലീസ് ബോധവത്കരണം നടത്തുന്നുണ്ട്.

ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ കഴിഞ്ഞ ആറുമാസത്തിനിടെ കേരളത്തില്‍ നിന്ന് തട്ടിച്ചത് 617.59 കോടി രൂപയാണ്. ഇതില്‍ തിരിച്ചുപിടിക്കാനായത് 9.67 കോടി മാത്രം. കഴിഞ്ഞ ഡിസംബര്‍ മുതല്‍ മെയ് വരെ നഷ്ടപ്പെട്ട തുകയാണിത്. വന്‍തുക കിട്ടുമെന്ന പ്രലോഭനത്തിലും കേസില്‍ കുടുക്കുമെന്ന് സി.ബി.ഐ ചമഞ്ഞുള്ള ഭീഷണികള്‍ക്ക് വഴങ്ങിയും ലോണ്‍ ആപ്പുകളില്‍ തലവച്ചും മൊബൈലിലെത്തുന്ന ഒ.ടി.പി പങ്കിട്ടുമാണ് മിക്കവരും തട്ടിപ്പിനിരയാകുന്നത്.

പാഴ്‌സലില്‍ മയക്കുമരുന്നുണ്ടെന്ന് വീഡിയോ കോള്‍ ചെയ്ത് ഭീഷണിപ്പെടുത്തി മുംബൈ പൊലീസിന്റെ സൈബര്‍ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥനെന്ന വ്യാജേനയും കോടികള്‍ തട്ടിയിട്ടുണ്ട്. ഉത്തരേന്ത്യയും മറ്റു രാജ്യങ്ങളും കേന്ദ്രീകരിച്ച് നടത്തുന്ന തട്ടിപ്പായതിനാല്‍ അന്വേഷണത്തിന് പരിമിതികളുണ്ട്.
ഇന്നലെ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ വെളിപ്പെടുത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.