കെജിഎഫില്‍ വീണ്ടും സ്വര്‍ണ ഖനനം: ഒരു ടണ്‍ മണ്ണില്‍ നിന്ന് ഒരു ഗ്രാം സ്വര്‍ണം; ആകെയുള്ളത് 33 ദശലക്ഷം ടണ്‍ മണ്ണ്

 കെജിഎഫില്‍ വീണ്ടും സ്വര്‍ണ ഖനനം: ഒരു ടണ്‍ മണ്ണില്‍ നിന്ന് ഒരു ഗ്രാം സ്വര്‍ണം; ആകെയുള്ളത് 33 ദശലക്ഷം ടണ്‍ മണ്ണ്

ബംഗളൂരു: കര്‍ണാടകത്തിലെ കെജിഎഫില്‍ (കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്) സ്വര്‍ണ ഖനനം പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കി. കെജിഎഫില്‍ നിലവിലുള്ള 13 സ്വര്‍ണ ഖനികളില്‍ നിന്ന് ഖനനം ചെയ്ത് എടുത്ത കൂറ്റന്‍ മണ്‍കൂനകളില്‍ നിന്ന് സ്വര്‍ണം വേര്‍തിരിക്കാനാണ് നീക്കം.

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഭാരത് ഗോള്‍ഡ് മൈന്‍സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലാണ് ഈ ഖനികള്‍. കേന്ദ്ര പദ്ധതിക്ക് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. 1.003 ഏക്കറിലാണ് കെജിഎഫില്‍ മണ്ണ് സ്ഥിതി ചെയ്യുന്നത്. മുമ്പ് ഖനികളില്‍ നിന്ന് സ്വര്‍ണം വേര്‍തിരിക്കാന്‍ ഉപയോഗിച്ച സയനൈഡ് കലര്‍ന്ന മണ്ണില്‍ നിന്നാണ് ആദ്യ ഘട്ടത്തില്‍ സ്വര്‍ണം വേര്‍തിരിച്ചെടുക്കുക. ആധുനിക സാങ്കേതിക വിദ്യ ഇതിനായി ഉപയോഗപ്പെടുത്തും.

13 ഖനികളില്‍ നിന്നായി 33 ദശലക്ഷം ടണ്‍ മണ്ണുണ്ടെന്നാണ് കണക്ക്. ഒരു ടണ്‍ മണ്ണില്‍ നിന്ന് ഒരുഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. 2001 ഫെബ്രുവരി 28 നാണ് വിലയിലുണ്ടായ ഇടിവ് കാരണം സ്വര്‍ണ ഖനനം ഭാരത് ഗോള്‍ഡ് മൈന്‍സ് അവസാനിപ്പിച്ചത്.

ഖനിയുടെ പ്രവര്‍ത്തനം പുനരാംരംഭിക്കുന്നതോടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. പ്രദേശത്ത് 2330 ഏക്കറില്‍ ടൗണ്‍ ഷിപ്പ് നിര്‍മിക്കാനും കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.