പൊതുപരീക്ഷ പരിഷ്‌കരണം: ഡോ. കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായി ഉന്നതതല സമിതി

പൊതുപരീക്ഷ പരിഷ്‌കരണം: ഡോ. കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായി  ഉന്നതതല സമിതി

ന്യൂഡല്‍ഹി: പൊതുപരീക്ഷകളുടെ സുതാര്യത ഉറപ്പു വരുത്തുന്നതിന് ആവശ്യമായ പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല സമിതിയെ നിയോഗിച്ചു. മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണന്‍ അധ്യക്ഷനായുള്ള സമതിയില്‍ ഏഴംഗങ്ങളുണ്ട്.

നീറ്റ്, യുജിസി നെറ്റ് ക്രമക്കേടുകളെ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍. പ്രതിഷേധം പുകയുന്നതിനിടെ, പൊതുപ്രവേശന പരീക്ഷകളിലെ ക്രമക്കേട് തടയാന്‍ ലക്ഷ്യമിട്ടുള്ള പബ്ലിക് എക്സാമിനേഷന്‍ ആക്ട് 2024 കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ വിജ്ഞാപനം ചെയ്തിരുന്നു.

ചോദ്യപേപ്പര്‍ ചോര്‍ച്ച, വഞ്ചന തുടങ്ങിയവ തടയാന്‍ കടുത്ത നടപടികള്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന നിയമമാണ് ഇതോടെ പ്രാബല്യത്തില്‍ വന്നത്. ഫെബ്രുവരിയില്‍ പാസാക്കിയ നിയമമാണ് പുതിയ സാഹചര്യത്തില്‍ കേന്ദ്രം നടപ്പാക്കിയത്.

പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ ഉത്തരവാദികള്‍ക്കെതിരെ മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും നിര്‍ദേശിക്കുന്നതാണ് പുതിയ നിയമം. ഇതിന് പിന്നാലെയാണ് ദേശീയ തലത്തില്‍ നടക്കുന്ന വിവിധ പൊതുപരീക്ഷകള്‍ കുറ്റമറ്റ രീതിയില്‍ നടക്കുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ പരിഷ്‌കരണം നിര്‍ദേശിക്കാന്‍ പുതിയ സമിതിയെ കൂടി കേന്ദ്രം നിയോഗിച്ചത്.

എന്‍ടിഎ നടത്തുന്നത് അടക്കമുള്ള പൊതുപരീക്ഷകളിലെ പിഴവുകള്‍ കണ്ടെത്തുന്നതിനും പരിഷ്‌കാരം നിര്‍ദേശിക്കുന്നതിനുമായി നിയോഗിച്ച സമിതി രണ്ട് മാസത്തിനകം കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

സമിതിയില്‍ ഡോ. കെ രാധാകൃഷ്ണന് പുറമേ എയിംസ് മുന്‍ ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ, ഹൈദരാബാദ് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ബി.ജെ. റാവു, ഐ.ഐ.ടി. മദ്രാസിലെ അധ്യാപകനായിരുന്ന കെ. രാമമൂര്‍ത്തി, പീപ്പിള്‍ സ്ട്രോങ് സഹസ്ഥാപകനും കര്‍മയോഗി ഭാരത് ബോര്‍ഡ് അംഗവുമായ പങ്കജ് ബന്‍സാല്‍, ഡല്‍ഹി ഐ.ഐ.ടി. ഡീന്‍ ആദിത്യ മിത്തല്‍ എന്നിവര്‍ അംഗങ്ങളാണ്. കേന്ദ്ര വിദ്യാഭ്യാസ ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ജയ്സ്വാള്‍ സമിതിയുടെ മെമ്പര്‍ സെക്രട്ടറിയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.