പ്രമേഹത്തിന്റെ വ്യാജ മരുന്നുകള്‍ വ്യാപകം; ഓണ്‍ലൈന്‍ വഴി വാങ്ങുന്നവ ഡോക്ടറെ കാണിക്കണം: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

പ്രമേഹത്തിന്റെ വ്യാജ മരുന്നുകള്‍ വ്യാപകം; ഓണ്‍ലൈന്‍ വഴി വാങ്ങുന്നവ ഡോക്ടറെ കാണിക്കണം: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: പ്രമേഹത്തിനും ശരീര ഭാരം കുറയ്ക്കാനും ഉപയോഗിക്കുന്ന മരുന്നുകളുടെ വ്യാജന്‍ വിപണിയില്‍ വ്യാപകമാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അറിയാതെയാണെങ്കിലും ഇത്തരം വ്യാജ മരുന്നുകള്‍ ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

നോവോ നോര്‍ഡിസ്‌ക് പുറത്തിറക്കുന്ന ഒസെംപിക് എന്ന മരുന്നിന്റെ വ്യാജനാണ് വിപണിയില്‍ വ്യാപകമായുള്ളത്. വിശപ്പും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്ന മരുന്നുകളിലൊന്നാണിത്. മറ്റു പ്രമേഹ മരുന്നുകളെ അപേക്ഷിച്ച് ഇതിന് വിലയും കൂടുതലാണ്.

പ്രമേഹം, അമിത വണ്ണം എന്നിവക്കായി ഉപയോഗിക്കുന്ന മരുന്നുകളുടെ ഡിമാന്റുകളാണ് ഇവയുടെ വ്യാജന്‍ വിപണിയിലെത്തിക്കുന്നതിന് പിന്നിലെന്ന് ആരോഗ്യ സംഘടന പറയുന്നു. 2023 ഒക്ടോബറില്‍ ബ്രസീലിലും യു.കെയിലും 2023 ഡിസംബറില്‍ യു.എസിലും സെമാഗ്ലൂറ്റൈഡിന്റെ മൂന്ന് വ്യാജ ബാച്ചുകളെ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.

വ്യാജ മരുന്നുകള്‍ ഉപയോഗിക്കുന്നത് രോഗികളുടെ ആരോഗ്യനില വഷളാക്കാനിടയാക്കും. വ്യാജ മരുന്നുകളില്‍ അടങ്ങിയിട്ടുള്ള അപകടകരമായ ചേരുവകള്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഇവയില്‍ രോഗം ശമിപ്പിക്കാനുള്ള എല്ലാ ഘടകങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടാകില്ല.

ഇത് പാര്‍ശ്വഫലമുണ്ടാക്കുന്നതിനൊപ്പം രോഗം മൂര്‍ച്ഛിക്കാന്‍ കാരണമാകും. ഓണ്‍ലൈനിലും മറ്റും മരുന്നുകള്‍ വാങ്ങുമ്പോള്‍ സൂക്ഷ്മമായ പരിശോധന നടത്തണമെന്നും സംശയം തോന്നിയാല്‍ ഡോക്ടറെ സമീപിച്ച് ഉറപ്പു വരുത്തണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.