'നവകേരള സദസ് തിരിച്ചടിച്ചു; മുഖ്യമന്ത്രിയുടെ ശൈലി കമ്യൂണിസ്റ്റ് ഭരണാധികാരിക്ക് ചേര്‍ന്നതല്ല': പിണറായിയുടെ തട്ടകമായ കണ്ണൂരിലും രൂക്ഷ വിമര്‍ശനം

'നവകേരള സദസ് തിരിച്ചടിച്ചു; മുഖ്യമന്ത്രിയുടെ  ശൈലി കമ്യൂണിസ്റ്റ് ഭരണാധികാരിക്ക് ചേര്‍ന്നതല്ല': പിണറായിയുടെ തട്ടകമായ കണ്ണൂരിലും രൂക്ഷ വിമര്‍ശനം

കണ്ണൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ തട്ടകമായ കണ്ണൂരിലും സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനം.

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭരണ പരാജയമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിക്ക് കാരണമെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ പിണറായി വിഭാഗക്കാരായ നേതാക്കള്‍ തുറന്നടിച്ചത്.

നവകേരള സദസ് തിരിച്ചടിയായി. കല്യാശേരിയില്‍ നവകേരള ബസിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൂച്ചട്ടികൊണ്ടും ഹെല്‍മെറ്റുകൊണ്ടും നേരിട്ടത് തെറ്റായ നടപടിയായിപ്പോയി. ഇതിനെ രക്ഷാ പ്രവര്‍ത്തനമാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വിശേഷിപ്പിച്ചത്. ഇതി പൊതുജനമധ്യത്തില്‍ അവഹേളനമുണ്ടാക്കിയെന്ന വിമര്‍ശനവുമുണ്ടായി.

സോഷ്യല്‍ മീഡിയയിലും ചാനലുകളിലും ഇതു സംബന്ധിച്ചുയര്‍ന്ന ചര്‍ച്ചകള്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും തിരിച്ചടിയായി. പാര്‍ട്ടി അണികളില്‍ പോലും ഈ വിഷയത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞു.

മുഖ്യമന്ത്രിയുടെ പൊതു പരിപാടികളില്‍ അവതാരകരോട് മോശമായി പെരുമാറുന്നതും മൈക്ക് തകരാറായതിന് പോലിസ് കേസെടുത്തതും ഒരു കമ്യൂണിസ്റ്റ് ഭരണാധികാരിക്ക് ചേര്‍ന്നതായിരുന്നില്ലെന്നും പിണറായി ശൈലി മാറ്റണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

ഏകാധിപത്യ രീതിയിലുള്ള ഇത്തരം പ്രവണതകള്‍ തിരുത്തിക്കാന്‍ സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിന് കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിക്ക് കീഴില്‍ വിനീത വിധേയമായി നില്‍ക്കുകയായിരുന്നു പാര്‍ട്ടി സംസ്ഥാന നേതൃത്വം. നേരത്തെ പാര്‍ട്ടിയായിരുന്നു സര്‍ക്കാരിനെ നയിച്ചിരുന്നത്. ഇപ്പോള്‍ മുഖ്യമന്ത്രിയാണ് പാര്‍ട്ടിയെയും സംസ്ഥാന സര്‍ക്കാരിനെയും നയിക്കുന്നത്. ഈ നിലയില്‍ പോയാല്‍ പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടും.

വ്യക്തികള്‍ പാര്‍ട്ടിക്ക് അപ്പുറത്തേക്ക് വളര്‍ന്നതിന്റെ തിരിച്ചടിയാണ് ബംഗാളിലും ത്രിപുരയിലും നേരിട്ടത്. ഇതില്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ജില്ലാ സെക്രട്ടറിയെ മത്സര രംഗത്ത് ഇറക്കിയിട്ടും ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് തോറ്റത്. മട്ടന്നൂരും ധര്‍മടത്തും നേരിയ ഭൂരിപക്ഷമാണ് നേടാന്‍ കഴിഞ്ഞത്. പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍ ബിജെപിക്ക് വോട്ടുകള്‍ കൂടിയത് അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്നും വിമര്‍ശനമുണ്ടായി.

താമര ചിഹ്നത്തില്‍ വോട്ടു ചെയ്യാന്‍ പോലും മടിയില്ലാത്തവരായി പാര്‍ട്ടി അനുഭാവികളും അംഗങ്ങളും മാറിക്കഴിഞ്ഞു. 2019 ലെ തോല്‍വിയെക്കാള്‍ അപകടകരമായ സാഹചര്യമാണിത്. ദല്ലാള്‍ നന്ദകുമാറുമായ കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി ജയരാജന് ബന്ധമുണ്ടെന്ന ആരോപണം പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചു.

തളിപറമ്പ് മണ്ഡലത്തില്‍ കെ. സുധാകരന് വോട്ടു കൂടിയത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പിടിപ്പുകേടു കൊണ്ടാണെന്ന തുറന്ന വിമര്‍ശനവും ഉയര്‍ന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.