ഒ.ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്തു; ഇടത് മന്ത്രിസഭയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ആദ്യ മന്ത്രി

ഒ.ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്തു; ഇടത് മന്ത്രിസഭയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ആദ്യ മന്ത്രി

തിരുവനന്തപുരം:  രണ്ടാം പിണറായി സര്‍ക്കാരിലെ പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായി മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ വൈകിട്ട് നാലിന് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരും സന്നിഹിതനായിരുന്നു. കുടുംബാംഗങ്ങളെ സാക്ഷിയാക്കിയായിരുന്നു ഒ.ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞ.

ചടങ്ങിനിടെ ഗവര്‍ണറും മുഖ്യമന്ത്രിയും പരസ്പരം സംസാരിച്ചില്ല. എന്നാല്‍ ഗവര്‍ണറുടെ ചായ സല്‍കാരത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തു. കേളുവിന്റെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ വയനാട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും അഭിവാദ്യം അര്‍പ്പിച്ചും ആഘോഷിച്ചു.

പിണറായി മന്ത്രിസഭയിലെ വയനാടില്‍ നിന്നുള്ള ആദ്യ സിപിഎം മന്ത്രിയാണ് കേളു. ആലത്തൂരില്‍ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ. രാധാകൃഷ്ണന് പകരമാണ് കേളുവിന്റെ സ്ഥാനലബ്ദി. രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി.എന്‍ വാസവനും പാര്‍ലമെന്ററി കാര്യം എം.ബി രാജേഷിനുമാണ് നല്‍കിയിരിക്കുന്നത്.

പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഒരാളെ സിപിഎം ആദ്യമായാണ് മന്ത്രിയാക്കുന്നത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ആദിവാസി വിഭാംഗമായ പി.കെ ജയലക്ഷ്മിയെ പരാജയപ്പെടുത്തി 2019 ലാണ് കേളു ആദ്യമായി നിയമസഭയിലെത്തിയത്. 2021 ലും വിജയം ആവര്‍ത്തിച്ചു. വയനാട് ജില്ലയില്‍ നിന്ന് സിപിഎം സംസ്ഥാന സമിതിയിലെത്തിയ ആദ്യ പട്ടികവര്‍ഗ നേതാവ് കൂടിയാണ് കുറിച്യ സമുദായാംഗമായ കേളു.

പട്ടികജാതി, പട്ടികവര്‍ഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭ സമിതി ചെയര്‍മാന്‍, സിപിഎമ്മിന്റെ ആദിവാസി വിഭാഗം പോഷക സംഘടനയായ ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന പ്രസിഡന്റ്, കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിബോര്‍ഡ് ഓഫ് മാനേജ്മെന്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു അമ്പത്തിനാലുകാരനായ കേളു.

വീട്ടമ്മയായ പി.കെ ശാന്തയാണ് ഭാര്യ. മക്കള്‍: മിഥുന സി.കെ.(ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, ബേഗൂര്‍ റെയ്ഞ്ച്), സി.കെ.ഭാവന (വിദ്യാര്‍ത്ഥിനി).



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.