റഷ്യയിൽ പള്ളികൾക്കും സിനഗോഗിനും നേരെ വെടിവയ്പ്പ്; വൈദികനുൾപ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു; ഭീകരാക്രമണമെന്ന് സംശയം

റഷ്യയിൽ പള്ളികൾക്കും സിനഗോഗിനും നേരെ വെടിവയ്പ്പ്; വൈദികനുൾപ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു; ഭീകരാക്രമണമെന്ന് സംശയം

മോസ്‌കോ: റഷ്യയിലെ ഡാഗെസ്താനിൽ ആരാധനാലയങ്ങൾക്ക് നേരെ ഭീകരരുടെ ആക്രമണം. വിവിധ സ്ഥലങ്ങളിലെ പള്ളികൾ, ജൂത ആരാധനാലയങ്ങൾ പൊലിസിന്റെ ട്രാഫിക് സ്റ്റോപ്പ് എന്നിവിടങ്ങളിലാണ് വെടിവയ്പ്പുണ്ടായത്. ആക്രമണത്തിൽ ഒരു വൈദികനുൾപ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റു. റഷ്യൻ അന്വേഷണ സമിതിയുടെ ഇൻവെസ്റ്റിഗേറ്റീവ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റഷ്യയിലെ ഡർബെന്റ്, മഖാച്കല മേഖലകളിലാണ് തോക്കുധാരികളുടെ ആക്രമണമുണ്ടായത്. മരിച്ചവരിൽ ഏഴ് പൊലീസ് ഉദ്യോഗസ്ഥരും ഒരു പുരോഹിതനും പള്ളി സെക്യൂരിറ്റി ഗാർഡും ഉൾപ്പെടുന്നു. നാല്‌ ഭീകരരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഒരു ജൂതപ്പള്ളി ആക്രമികൾ തീയിട്ട് നശിപ്പിച്ചു. സംഭവത്തിൽ ആളപായമില്ലെന്നാണ് വിവരം.

ആരാധനാലയങ്ങളിലെല്ലാം ഒരേ സമയമാണ് ആക്രമണം നടന്നത്. ഡാഗെസ്തൻ പൊലീസ് ഡിപ്പാർട്ട്മെന്റ് മേധാവിയും കൊല്ലപ്പെട്ട ഉദ്യോഗസ്ഥരിൽ ഉൾപ്പെടുന്നു. ആരാണ് അക്രമത്തിന് പിന്നിലെന്ന് അറിയില്ലെന്നും ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. ആക്രമണത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും ഭീകരരുടെ ഉറവിടത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്നും റഷ്യൻ അന്വേഷണ വിഭാഗം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.