തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ വൈദികര്‍ സഭാ സ്ഥാനങ്ങള്‍ ഒഴിയണം; ആവശ്യമെങ്കില്‍ വിലക്കി ഉത്തരവിറക്കുമെന്ന് ഓര്‍ത്തഡോക്സ് സഭ

തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍  വൈദികര്‍ സഭാ സ്ഥാനങ്ങള്‍ ഒഴിയണം; ആവശ്യമെങ്കില്‍ വിലക്കി ഉത്തരവിറക്കുമെന്ന് ഓര്‍ത്തഡോക്സ് സഭ

കോട്ടയം: വൈദികര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ ഓര്‍ത്തഡോക്സ് സഭ. മത്സരിക്കാന്‍ താത്പര്യമുളളവര്‍ക്ക് സഭാ സ്ഥാനങ്ങള്‍ ഒഴിഞ്ഞ് മത്സരിക്കാമെന്ന് സഭാ വൈദിക ട്രസ്റ്റി ഫാദര്‍ എം ഒ ജോണ്‍ പറഞ്ഞു.

റാന്നി മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഓര്‍ത്തഡോക്സ് വൈദികന്‍ മാത്യൂസ് വാഴക്കുന്നം സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് വൈദികര്‍ മത്സരിക്കുന്ന കാര്യത്തില്‍ പരസ്യ നിലപാടുമായി വൈദിക ട്രസ്റ്റി രംഗത്ത് വന്നത്. നിലവില്‍ വൈദികര്‍ മത്സരിക്കുന്നതിനെ എതിര്‍ക്കുന്ന ചട്ടങ്ങളും ഉത്തരവുകളും സഭയില്‍ ഇല്ല. ആവശ്യമെങ്കില്‍ വൈദികര്‍ മത്സരിക്കുന്നതിനെ വിലക്കി ഔദ്യോഗികമായി ഉത്തരവിറക്കുന്നത് അടക്കം കടുത്ത തീരുമാനങ്ങള്‍ എടുക്കാനാണ് ആലോചനയെന്നും അദ്ദേഹം പറയുന്നു.

2001ല്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് ഓര്‍ത്തഡോക്സ് വൈദികന്‍ മത്തായി നൂറനാല്‍ നിയമസഭയിലേക്ക് മത്സരിച്ചതാണ്. എന്നാല്‍ അന്നത്തെ സാഹചര്യമല്ല നിലവിലെന്നും രാഷ്ട്രീയ ചേരിതിരിവ് രൂക്ഷമായിരിക്കുന്ന പുതിയ സാഹചര്യത്തില്‍ വൈദികര്‍ മത്സരിക്കുന്നത് ഉചിതമല്ലായെന്നുമാണ് സഭയുടെ വിശദീകരണം.

മുന്നണികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷം മാത്രമേ പിന്തുണ ആര്‍ക്കെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുകയുളളൂവെന്നും സഭ ട്രസ്റ്റി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.