സാമ്പത്തിക ഉപരോധം മറികടക്കാന്‍ റഷ്യയെ സഹായിച്ചു: ഇന്ത്യന്‍ കമ്പനിക്കെതിരെ ജപ്പാന്റെ കടുത്ത നടപടി

സാമ്പത്തിക ഉപരോധം മറികടക്കാന്‍ റഷ്യയെ സഹായിച്ചു: ഇന്ത്യന്‍ കമ്പനിക്കെതിരെ ജപ്പാന്റെ കടുത്ത നടപടി

ന്യൂഡല്‍ഹി: ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനിക്ക് ജപ്പാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വിലക്ക്. തങ്ങളുടെ നിരോധനം മറികടന്ന് റഷ്യയില്‍ നിന്ന് ഉല്‍പന്നങ്ങള്‍ ജപ്പാനിലെത്തിക്കാന്‍ സഹായിച്ചെന്നതാണ് കുറ്റം. ഇന്ത്യ, ചൈന, ഖസാക്കിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള പത്തോളം കമ്പനികള്‍ക്കെതിരെയാണ് നടപടി.

ഈ കമ്പനികള്‍ക്ക് ജപ്പാനിലുള്ള ആസ്തികള്‍ മരവിപ്പിച്ചു. ഇതിനോടൊപ്പം ജപ്പാനിലേക്ക് ഉല്‍പന്നങ്ങള്‍ കയറ്റി അയക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ജപ്പാനിലെ വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി.

റഷ്യ ഉക്രെയിന്‍ യുദ്ധത്തെ തുടര്‍ന്നാണ് ജപ്പാന്‍ റഷ്യക്ക് മുകളില്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയത്. ഉക്രെയിന്‍ അധിനിവേശത്തില്‍ നിന്ന് റഷ്യയെ പിന്മാറാന്‍ പ്രേരിപ്പിക്കും വിധം സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുകയായിരുന്നു പാശ്ചാത്യ രാജ്യങ്ങളുടെയും അവരുടെ സഖ്യ രാഷ്ട്രങ്ങളുടെയും ലക്ഷ്യം.

എന്നാല്‍ വിവിധ കമ്പനികള്‍ വഴി ജപ്പാനിലേക്ക് റഷ്യയില്‍ നിന്ന് ചരക്കുകള്‍ എത്തിയെന്ന് വ്യക്തമായത് ഇപ്പോഴാണ്. ജപ്പാനിലെ ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്റ് ഫോറിന്‍ ട്രേഡ് ആക്ട് പ്രകാരമാണ് നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എന്നാല്‍ കമ്പനികള്‍ ഏതൊക്കെയെന്ന് ജപ്പാല്‍ വെളിപ്പെടുത്തിയിട്ടില്ല.

ഇറ്റലിയില്‍ നടന്ന ജി-7 സമ്മിറ്റില്‍ തന്നെ പ്രധാനമന്ത്രി ഫുമിയോ കിഷിദ തങ്ങള്‍ ചില കമ്പനികള്‍ക്കും സംഘങ്ങള്‍ക്കും എതിരെ നടപടി എടുത്തതായി അറിയിച്ചിരുന്നു. റഷ്യയെ സഹായിക്കുന്നതിനാണ് നടപപടിയെന്നും അദേഹം പറഞ്ഞിരുന്നു. ഉക്രെയിന്‍ അധിനിവേശത്തില്‍ കടുത്ത സാമ്പത്തിക ഉപരോധം റഷ്യക്കെതിരെ നേരത്തെ തന്നെ ജി-7 രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.