വരവറിയിച്ച് പ്രതിപക്ഷം: ലോക്സഭയില്‍ മോഡിക്കും അമിത് ഷായ്ക്കും നേരെ ഭരണഘടന ഉയര്‍ത്തിക്കാട്ടി; നീറ്റ് ക്രമക്കേടിലും പ്രോ ടെം സ്പീക്കര്‍ വിഷയത്തിലും പ്രതിഷേധം

 വരവറിയിച്ച് പ്രതിപക്ഷം: ലോക്സഭയില്‍ മോഡിക്കും അമിത് ഷായ്ക്കും നേരെ ഭരണഘടന ഉയര്‍ത്തിക്കാട്ടി; നീറ്റ് ക്രമക്കേടിലും പ്രോ ടെം സ്പീക്കര്‍ വിഷയത്തിലും പ്രതിഷേധം

ഡിഎംകെയ്ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ പദവി വാഗ്ദാനം ചെയ്ത് ഇന്ത്യ സഖ്യത്തില്‍ വിള്ളലുണ്ടാക്കാന്‍ ബിജെപി ശ്രമം; നടക്കില്ലെന്ന് പ്രതിപക്ഷം.

ന്യൂഡല്‍ഹി: പതിനെട്ടാം ലോക്സഭയുടെ പ്രഥമ സമ്മേളനത്തില്‍ തന്നെ ഇത്തവണ പ്രതിപക്ഷം ശക്തമാണെന്ന മുന്നറിയിപ്പ് നല്‍കി ഭരണപക്ഷത്തെ നേരിട്ട് പ്രതിപക്ഷം.

രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ഭരണഘടനയുടെ കോപ്പികളുമായാണ് പാര്‍ലമെന്റിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി സത്യപ്രതിജ്ഞ ചെയ്യാന്‍ എഴുന്നേറ്റപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യ സഖ്യ നേതാക്കള്‍ ഭരണഘടനയുടെ കോപ്പികള്‍ ഉയര്‍ത്തി കാണിച്ചു.

ആഭ്യന്തര മന്ത്രി അമിത് ഷാ എത്തിയപ്പോഴും പ്രതിപക്ഷം ഭരണഘടനയുടെ കോപ്പികള്‍ ഉയര്‍ത്തി കാണിച്ചു. വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ എത്തിയതോടെ നീറ്റ് മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം ബഹളം വെച്ചു.

ഒരു ശക്തിക്കും ഇന്ത്യന്‍ ഭരണഘടനയെ തൊടാന്‍ സാധിക്കില്ലെന്ന സന്ദേശമാണ് ഭരണഘടന ഉയര്‍ത്തിക്കാട്ടി പാര്‍ലമെന്റില്‍ തങ്ങള്‍ നല്‍കിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഭരണഘടനയ്‌ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തരമന്ത്രി അമിത് ഷായും നിരന്തരം നടത്തുന്ന അക്രമങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല.

അങ്ങനെ സംഭവിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്ന് മനസിലാക്കിക്കൊടുക്കാന്‍ വേണ്ടിയാണ് ഇരുവരും സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഭരണഘടന ഉയര്‍ത്തി കാണിച്ചതെന്നും രാഹുല്‍ ഗാന്ധി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

ലോക്സഭയുടെ പ്രഥമ സമ്മേളനം തുടങ്ങുന്നതിന് മുമ്പ് പാര്‍ലമെന്റിലേക്ക് പ്രവേശിക്കുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, അഖിലേഷ് യാദവ് എന്നിവര്‍ അടക്കമുള്ള ഇന്ത്യ സഖ്യ നേതാക്കള്‍ കൈയില്‍ ഭരണഘടനയുടെ കോപ്പി കരുതുകയും ഇത് ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു.

നീറ്റ് പരീക്ഷാ ക്രമക്കേട് വിഷയത്തിലും പ്രോ ടെം സ്പീക്കറായി കൊടിക്കുന്നില്‍ സുരേഷിനെ നിയമിക്കാത്തതിലും ആദ്യ ദിനം തന്നെ പ്രതിപക്ഷം പ്രതിഷേധിച്ചു. ഡെപ്യുട്ടി സ്പീക്കര്‍ പദവി ലഭിച്ചില്ലെങ്കില്‍ സ്പീക്കര്‍ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ ആണ് പ്രതിപക്ഷ തീരുമാനം.

അതേസമയം ഡിഎംകെയ്ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ പദവി വാഗ്ദാനം ചെയ്ത് ഇന്ത്യ സഖ്യത്തില്‍ വിള്ളലുണ്ടാക്കാനുള്ള ശ്രമവും ബിജെപി നടത്തി. എന്നാല്‍ ഇത്തരം വാഗ്ദാനങ്ങളിലൊന്നും വീഴാതെ പ്രതിപക്ഷം ഒറ്റക്കെട്ടായി പോരാടുമെന്ന് ഇന്ത്യ സഖ്യ നേതാക്കള്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.