സെന്റ് ലൂസിയ: ഓസ്ട്രേലിയക്കെതിരായ ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടി. ടി20 ലോകകപ്പിലെ ആവേശകരമായ മല്‍സരത്തില്‍ ഓസ്ട്രേലിയയെ 24 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ സെമിഫൈനലില്‍ ഇടം നേടിയത്.
സെന്റ് ലൂസിയയിലെ ഡാരന്‍ സമി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ടോസ് നേടിയ ഇന്ത്യയെ ബാറ്റിംഗിനയച്ച ഓസീസിന്റെ എല്ലാ കണക്കുകൂട്ടലുകളെയും തിരുത്തി രോഹിത് ശര്‍മ കളിച്ച തകര്‍പ്പന്‍ ഇന്നിങ്സാണ് കളിയുടെ ഗതി മാറ്റിയത്. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്.
ട്രാവിസ് ഹെഡിന്റെ ചുമലിലേറി ഓസീസും അതേ വേഗത്തില്‍ കുതിച്ചപ്പോള്‍ ഇടംകൈയന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് രക്ഷക്കെത്തി. ഏഴ് വിക്കറ്റിന് 181 റണ്‍സില്‍ ഓസീസ് പോരാട്ടം അവസാനിച്ചു. ഇന്ത്യക്ക് വമ്പന്‍ വിജയം. ടോസ് നേടി ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങിനു വിടുകയായിരുന്നു. രണ്ടാം ഓവറില്‍ വിരാട് കോഹ്ലി പൂജ്യത്തില്‍ മടങ്ങിയെങ്കിലും മറുഭാഗത്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഓസീസിന്റെ സകല കണക്കുകൂട്ടലും തെറ്റിച്ച് കത്തിക്കയറി.
നായകന്‍ വെറും 41 പന്തില്‍ 92 റണ്‍സ് വാരി. എട്ട് സിക്സും 7 ഫോറും സഹിതമായിരുന്നു രോഹിതിന്റെ മിന്നല്‍ ബാറ്റിങ്. ഈ ലോകകപ്പിലെ ആദ്യ സെഞ്ച്വറി രോഹിതിനു നേടാന്‍ കഴിയാത്തതു മാത്രമാണ് നിരാശപ്പെടുത്തിയത്. വിരാട് കോഹ്ലിയാണ് ആദ്യം മടങ്ങിയത്. പിന്നാലെ എത്തിയ ഋഷഭ് പന്ത് 15 റണ്‍സുമായും മടങ്ങി. പിന്നീട് രോഹിതിന്റെ കടന്നാക്രമണം. അതിവേഗ അര്‍ധ സെഞ്ച്വറിയുമായി രോഹിത് ഇന്ത്യന്‍ സ്‌കോര്‍ തുടക്കം മുതല്‍ ഉയര്‍ത്തി. വെറും 19 പന്തിലാണ് നായകന്റെ അര്‍ധ സെഞ്ച്വറി. ഈ ലോകകപ്പിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറിയായും ഈ പ്രകടനം മാറി.
മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മൂന്നാം ഓവറില്‍ രോഹിത് നാല് സിക്സുകളാണ് പറത്തിയത്. സ്റ്റാര്‍ക്ക് തന്നെ സെഞ്ച്വറി തടഞ്ഞ് രോഹിതിനെ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നീട് ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ എന്നിവരും മികച്ച സ്‌കോര്‍ നേടിയതോടെ ഇന്ത്യ 200 കടന്നു. സൂര്യകുമാര്‍ 16 പന്തില്‍ രണ്ട് സിക്സും മൂന്ന് ഫോറും സഹിതം 31 റണ്‍സെടുത്തു. ദുബെ 22 പന്തില്‍ രണ്ട് സിക്സും ഒരു ഫോറും സഹിതം 28 റണ്‍സും കണ്ടെത്തി.
കളി തീരുമ്പോള്‍ ഹര്‍ദിക് 17 പന്തില്‍ രണ്ട് സിക്സും ഒരു ഫോറും സഹിതം 27 റണ്‍സുമായി ക്രീസില്‍ ഉണ്ടായിരുന്നത്. ഒപ്പം 9 റണ്‍സുമായി രവീന്ദ്ര ജഡേജയും. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ജോഷ് ഹെയ്സല്‍വുഡ് ഒരു വിക്കറ്റെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.