കെജരിവാളിന് തിരിച്ചടി; വിചാരണക്കോടതി അനുവദിച്ച ജാമ്യം ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി

കെജരിവാളിന് തിരിച്ചടി; വിചാരണക്കോടതി അനുവദിച്ച ജാമ്യം ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി

ന്യൂഡല്‍ഹി:  മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് തിരിച്ചടി. കെജരിവാളിന് ജാമ്യം നല്‍കിയ വിചാരണ കോടതി ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി.

റോസ് അവന്യൂ കോടതി നല്‍കിയ ജാമ്യത്തിനെതിരെ ഇ.ഡി സമര്‍പ്പിച്ച ഹര്‍ജിയിലാണ് മേല്‍ക്കോടതി ഉത്തരവ്. ഇഡിയുടെ വാദങ്ങള്‍ വിചാരണക്കോടതി ജഡ്ജി പരിഗണിച്ചില്ലെന്നും അതിനാല്‍ ഉത്തരവ് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

മുഴുവന്‍ രേഖകളും പരിശോധിച്ചിട്ടില്ലെന്ന വിചാരണ കോടതി ജഡ്ജിയുടെ നിരീക്ഷണം, ജാമ്യം അനുവദിക്കുമ്പോള്‍ ശരിയായല്ല കാര്യങ്ങള്‍ മനസിലാക്കതെന്നാണ് സൂചിപ്പിക്കുന്നതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

ജൂണ്‍ 20 നായിരുന്നു ഡല്‍ഹി റോസ് അവന്യു കോടതി കെജരിവാളിന് ജാമ്യം നല്‍കിയത്. ഇതിനെതിരെ ജൂണ്‍ 21 ന് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റിസുമാരായ സുധിര്‍ കുമാര്‍ ജെയിന്‍, രവീന്ദര്‍ ദുദേജ എന്നിവരാണ് ഇ.ഡിയുടെ അപേക്ഷ പരിഗണിച്ചത്. ജാമ്യം അനുവദിച്ച നടപടി സ്റ്റേ ചെയ്യണമെന്നായിരുന്നു ഇ.ഡി യുടെ പ്രധാന ആവശ്യം.

ഇത് പരിഗണിച്ച ഡല്‍ഹി ഹൈക്കോടതി വിചാരണക്കോടതി വിധി താല്‍കാലികമായി സ്റ്റേ ചെയ്യുകയും വിധി പറയാന്‍ ജൂണ്‍ 25 ലേക്ക് മാറ്റി വയ്ക്കുകയായുമായിരുന്നു. ഹൈക്കോടതി വിധിക്കെതിരെ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ സമീപിച്ചെങ്കിലും രണ്ടംഗ അവധിക്കാല ബെഞ്ച് ഉടന്‍ വിധി പറയാന്‍ വിസമ്മതിച്ചു.

ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21നനാണ് കെജരിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് അദേഹത്തെ തീഹാര്‍ ജയിലിലേക്ക് അയച്ചു. പിന്നീട് ലോക്‌സഭാ തിരഞ്ഞെടുപ്പ് പരിഗണിച്ച് സുപ്രീം കോടതി 21 ദിവസം ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.