ലണ്ടൻ : ആംഗ്ലിക്കൻ വിശ്വാസത്തിൽ നിന്ന് പരിവർത്തനം ചെയ്ത കത്തോലിക്കർക്കായുള്ള വാൽസിംഗ്ഹാം ഓർഡിനേറിയേറ്റിൻ്റെ ആദ്യത്തെ ബിഷപ്പായി ഡേവിഡ് വാലർ അഭിഷിക്തനായി. വിശുദ്ധരായ ജോൺ ഫിഷറിന്റെയും തോമസ് മൂറിന്റെയും തിരുനാൾ ദിനമായ ജൂൺ 22-ന് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിൽ വച്ച് വത്തിക്കാനിലെ വിശ്വാസ പ്രമാണങ്ങൾക്കായുള്ള ഡിക്കാസ്റ്റയുടെ ചുമതല വഹിക്കുന്ന കർദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസിൽ നിന്നാണ് ഫാ. വാലർ മെത്രാൻ പട്ടം സ്വീകരിച്ചത്.
വെസ്റ്റ്മിൻസ്റ്ററിലെ കർദിനാൾ വിൻസെന്റ് നിക്കോൾസ്, യു. എസ്. – കാനഡ, പസഫിക് – ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ആംഗ്ലിക്കൻ – കാത്തലിക് ഓർഡിനേറിയേറ്റുകളുടെ ബിഷപ്പുമാരായ സ്റ്റീഫൻ ലോപ്‌സ്, ആന്റണി റാൻഡാസോ എന്നിവരും മെത്രാഭിഷേക ചടങ്ങുകൾക്ക് നേതൃത്വം നൽകിയിരുന്നു. ആംഗ്ലിക്കൻ സഭയും കത്തോലിക്കാ സഭയുമായുള്ള പൂർണമായ കൂട്ടായ്മയുടെ വേദിയായിരുന്നു ഇത്.
യു. എസിലെയും ഓസ്‌ട്രേലിയയിലെയും ഓർഡിനേറിയേറ്റുകൾക്ക് സ്വന്തമായി ബിഷപ്പുമാരുണ്ടെങ്കിലും അവരിലാരും മുൻ ആംഗ്ലിക്കൻ പുരോഹിതന്മാരായിരുന്നില്ല. യു.കെയിലെ ഓർഡിനറിയേറ്റിനെ നയിക്കുന്ന ആദ്യത്തെ ബിഷപ്പാണ് വാലർ. വാൽസിംഗ്ഹാം ഓർഡിനറിയേറ്റിനെ നയിച്ചിരുന്നത് മുൻ ആംഗ്ലിക്കൻ മോൺസിഞ്ഞോർ കീത്ത് ന്യൂട്ടനായിരുന്നു. 13 വർഷത്തോളം സേവനമനുഷ്ഠിച്ച് വിരമിക്കുന്ന 72-കാരനായ മോൺസിഞ്ഞോർ കീത്ത് ന്യൂട്ട് വൈദികനായിരുന്നെങ്കിലും വിവാഹിതനായതിനാൽ അദേഹം ബിഷപ്പായി നിയമിക്കപ്പെട്ടിരുന്നില്ല. അങ്ങനെ 63-കാരനായ ഫാ. വാലർ പുതിയ ബിഷപ്പായി അഭിഷിക്തനായി.
ആംഗ്ലിക്കൻ സഭയിൽ നിന്ന് കത്തോലിക്ക വിശ്വാസത്തിലേക്ക് വരുന്ന മെത്രാന്മാരെയും വൈദികരെയും സ്വാഗതം ചെയ്യുന്നതിനായി 2011ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ കാലത്ത് സ്ഥാപിതമായ ഓർഡിനേറിയേറ്റിന്റെ ഭാഗമായുള്ള ശുശ്രൂഷകളാണ് ശനിയാഴ്ച നടന്നത്. ബെനഡിക്ട് പാപ്പ അപ്പസ്‌തോലിക് കോൺസ്റ്റിറ്റ്യൂഷന് കീഴിൽ സ്ഥാപിച്ചതാണ് 'പേഴ്സണൽ ഓർഡിനറിയേറ്റ് ഓഫ് ഔർ ലേഡി ഓഫ് വാൽസിംഗ്ഹാം'. കത്തോലിക്കാ സഭയുമായി കൂട്ടായ്മയിൽ ഏർപ്പെട്ടിട്ടുള്ള ആംഗ്ലിക്കൻ സഭാംഗങ്ങളായിരിന്നവരുടെ ഒരു രൂപത പോലെയുള്ള ഘടനയാണ് ഇത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ നിരവധി ആംഗ്ലിക്കൻ ബിഷപ്പുമാരാണ് കത്തോലിക്ക വിശ്വാസം സ്വീകരിച്ചത്. ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ഓർഡിനറിയേറ്റ് ആരംഭിച്ചതിന് ശേഷം കുറഞ്ഞത് 15 മുൻ ആംഗ്ലിക്കൻ മെത്രാന്മാരെങ്കിലും കത്തോലിക്കാ സഭയിലേക്ക് കടന്നുവന്നിട്ടുണ്ട്. 2021ൽ മാത്രം നാല് മെത്രാന്മാരാണ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചത്. ഇതിൽ കാന്റർബറി ആർച്ച് ബിഷപ്പ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട മൈക്കിൾ നാസർ അലിയും ഉൾപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.