യാത്ര സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ ദുബായ് എയർപോർട്ടും ജിഡിആർഎഫ്എയും കരാറിൽ ഒപ്പുവെച്ചു

യാത്ര സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ ദുബായ് എയർപോർട്ടും ജിഡിആർഎഫ്എയും കരാറിൽ ഒപ്പുവെച്ചു

ദുബായ്: ദുബായ് വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും (ജിഡിആർഎഫ്എ) ദുബായ്- എയർപോർട്ടും തമ്മിൽ ഒരു സഹകരണ കരാർ ഒപ്പുവെച്ചു. യാത്രക്കാർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനും ദുബായ് വിമാനത്താവളങ്ങളെ ലോകത്തെ മുൻ‌നിര വ്യാമയാന കേന്ദ്രമായി മാറ്റുന്നതിനും ലക്ഷ്യമിട്ടാണ് കരാർ.ജിഡിആർഎഫ്എ ദുബായുടെ പ്രധാന ഓഫീസിൽ നടന്ന ചടങ്ങിൽ മേധാവി ലഫ്റ്റന ന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറിയും ദുബായ് വിമാനത്താവളങ്ങളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പോൾ ഗ്രിഫിത്ത്സും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്.

പ്രധാന പങ്കാളികളുമായുള്ള സഹകരണം കൂടുതൽ വർദ്ധിപ്പിക്കുന്നതിനും ദുബായ് വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് സംയോജിതവും ഫലപ്രദവുമായ സേവനങ്ങൾ നൽകുന്നതിനുമായി രൂപകൽപ്പന ചെയ്ത ജിഡിആർഎഫ്എയുടെ തന്ത്രത്തെ ഈ സഹകരണ കരാർ ഗണ്യമായി പിന്തുണയ്ക്കുമെന്ന് ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു. ദുബായ്‌യെ ലോകത്തിലെ മുൻ‌നിര എയർപോർട്ടായി ഉറപ്പിക്കുന്നതിനുള്ള ഞങ്ങളുടെ തുടർ ശ്രമങ്ങളുടെ ഭാഗമാണ് കരാറെന്ന്  ദുബായ് എയർപോർട്ട് സിഇഒ പോൾ ഗ്രിഫിത്ത്സ് പറഞ്ഞു . ഈ സഹകരണം യാത്രക്കാർക്ക് കൂടുതൽ മികച്ചതും കാര്യക്ഷമവുമായ സേവനങ്ങൾ നൽകാൻ ഞങ്ങളെ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ പങ്കാളിത്തത്തിലൂടെ ദുബായ് വിമാനത്താവളം വെബ്‌സൈറ്റിൽ ഒരു ലിങ്ക് നൽകി സ്മാർട് ഗേറ്റുകളിലെ രജിസ്ട്രേഷൻ അന്വേഷിക്കുന്ന പ്രക്രിയ പരിഷ്‌കരിക്കാനും ലക്ഷ്യമിടുന്നു.യാത്രക്കാർക്ക് എയർപോർട്ടുകളിൽ എത്തുന്നതിനുമുമ്പ് സ്മാർട് ഗേറ്റുകൾ ഉപയോഗിക്കാനുള്ള സാധ്യതയെക്കുറിച്ച് മനസിലാക്കാനും അവരെ അതിലേക്ക് നയിക്കാനും ഈ സേവനം സഹായിക്കും. ഇതുവഴി യാത്ര പ്രക്രിയ സുഗമമാക്കുകയും വേഗത്തിലാക്കുകയും ചെയ്യും.

കൂടാതെ, വിമാനത്താവളങ്ങളിലെ സുരക്ഷാ പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും സുരക്ഷയും വർദ്ധിപ്പിക്കുന്നതിന് ഈ പങ്കാളിത്തം ഇരു കക്ഷികൾക്കും ഇടയിൽ സുരക്ഷാ സംവിധാനങ്ങൾ തമ്മിൽ ഒരു ഇലക്ട്രോണിക് ലിങ്ക് വഴി സഹകരണം പ്രോത്സാഹിപ്പിക്കും. യാത്രക്കാരുടെ കടന്നുപോകൽ സുഗമമാക്കുകയും സമയവും പരിശ്രമവും ലാഭിക്കുകയും ചെയ്യുന്ന സ്മാർട്ട് ഗേറ്റുകൾ പോലുള്ള മികച്ചതും പുതുമയുള്ളതുമായ സേവനങ്ങൾ നൽകുന്നതിനുള്ള ജിഡിആർഎഫ്എ പ്രതിബദ്ധത ഈ കരാറിലൂടെ വീണ്ടും ഊട്ടിയുറപ്പിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.