കാര്‍ഷിക നിയമ ഭേദഗതിയ്ക്ക് ചെയ്യാന്‍ തയ്യാര്‍; തീരുമാനം കര്‍ഷക പ്രതിഷേധം കണക്കിലെടുത്തെന്ന് കേന്ദ്ര കൃഷി മന്ത്രി

കാര്‍ഷിക നിയമ ഭേദഗതിയ്ക്ക് ചെയ്യാന്‍ തയ്യാര്‍; തീരുമാനം  കര്‍ഷക പ്രതിഷേധം കണക്കിലെടുത്തെന്ന്  കേന്ദ്ര കൃഷി മന്ത്രി

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തില്‍ ഭേദഗതിക്ക് തയാറെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ലോക്‌സഭയില്‍ വ്യക്തമാക്കി. നിയമം തെറ്റായതു കൊണ്ടല്ല, കര്‍ഷക പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം. ഒരു സംസ്ഥാനത്തെ ആളുകള്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. പഞ്ചാബില്‍ മാത്രമാണ് പ്രതിഷേധം നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള പോരായ്മയുണ്ടെന്ന് വ്യക്തമാക്കാന്‍ കര്‍ഷക പ്രസ്ഥാനങ്ങള്‍ക്കോ പ്രതിപക്ഷത്തിനോ സാധിച്ചിട്ടില്ല. സര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കര്‍ഷകരുടെ ക്ഷേമത്തിനു വേണ്ടിയാണ് നിലകൊള്ളുന്നത്. ഇതൊരു അഭിമാനപ്രശ്നമായി സര്‍ക്കാര്‍ കാണുന്നില്ല. കാര്‍ഷിക നിയമങ്ങളില്‍ എന്താണ് പ്രശ്നമെന്നാണ് ഞങ്ങളുടെ ചോദ്യം. അതിനാരും ഉത്തരം നല്‍കുന്നില്ല, തോമര്‍ പറഞ്ഞു.

ഉത്പാദന ചെലവിനേക്കാള്‍ അമ്പത് ശതമാനം കൂടുതല്‍ താങ്ങുവില നല്‍കാനുളള നടപടികള്‍ക്ക് തുടക്കമായിട്ടുണ്ട്. ആത്മനിര്‍ഭര്‍ പാക്കേജില്‍ ഒരു ലക്ഷം കോടി രൂപയാണ് കാര്‍ഷിക അടിസ്ഥാന സൗകര്യ വികസനത്തിന് നീക്കിവച്ചിട്ടുളളത്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയും ജി ഡി പിയില്‍ കാര്‍ഷികമേഖലയുടെ വിഹിതം കൂട്ടുകയുമാണ് ലക്ഷ്യമാക്കുന്നത്. ഇതിലേക്കുളള സുപ്രധാന ചുവടുവയ്പാണ് കാര്‍ഷിക നിയമങ്ങളെന്നും മന്ത്രി അവകാശപ്പെട്ടു.

കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിപക്ഷം പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. സമരം ചെയ്യുന്ന കര്‍ഷകരെ നേരിടാന്‍ കിടങ്ങുകള്‍ കുഴിക്കുന്നതും മുള്ളു കമ്പികള്‍ നിരത്തുന്നതും അടക്കമുള്ള സര്‍ക്കാരിന്റെ നടപടികള്‍ പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.