ബാറ്റണ്‍ റൂജ്: അമേരിക്കന്‍ സംസ്ഥാനമായ ലൂസിയാനയില്‍ പൊതുവിദ്യാലയങ്ങളുടെ ക്ലാസ് മുറികളില്‍ ബൈബിളിലെ പത്ത് കല്‍പ്പനകള്‍ പ്രദര്‍ശിപ്പിക്കണമെന്ന നിയമത്തിനെതിരേ ഒന്‍പത് കുടുംബങ്ങള്‍ കോടതിയില്‍. പുതിയ നിയമനിര്‍മാണം അമേരിക്കന്‍ ഭരണഘടനയ്ക്ക് വിരുദ്ധമെന്നാണ് പരാതിക്കാരുടെ വാദം. കത്തോലിക്ക വിശ്വാസി കൂടിയായ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ജെഫ് ലാന്‍ഡ്രി കഴിഞ്ഞ ദിവസം ഇതുമായ ബന്ധപ്പെട്ട ബില്ലില്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് കോടതിയില്‍ വെല്ലുവിളി ഉയര്‍ത്തി ഒരു സംഘമെത്തിയത്. 
അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍, ഫ്രീഡം ഫ്രം റിലീജിയന്‍ ഫൗണ്ടേഷന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ഒന്‍പത് കുടുംബങ്ങള്‍ ലൂസിയാന സ്റ്റേറ്റ് ബോര്‍ഡ് ഓഫ് എലിമെന്ററി ആന്‍ഡ് സെക്കന്‍ഡറി എജ്യുക്കേഷനിലെ അംഗങ്ങള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തത്. നിരീശ്വരവാദികളടക്കമുള്ളവര്‍ ഉള്‍പ്പെടുന്ന കൂട്ടായ്മയാണിത്.
പുതിയ നിയമമനുസരിച്ച് കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ യൂണിവേഴ്‌സിറ്റി തലം വരെ സംസ്ഥാന ധനസഹായം ലഭിക്കുന്ന സ്‌കൂളുകളിലെയും കോളജുകളിലെയും എല്ലാ ക്ലാസ് മുറികളിലും പത്ത് കല്‍പ്പനകളുടെ പോസ്റ്റര്‍ നിര്‍ബന്ധമാക്കുന്നു. വലിയ അക്ഷരത്തിലും എളുപ്പത്തില്‍ വായിക്കാവുന്നതുമായ പോസ്റ്ററുകള്‍ ആയിരിക്കണം പ്രദര്‍ശിപ്പിക്കേണ്ടത്. അമേരിക്കയില്‍ തന്നെ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരമൊരു തീരുമാനവുമായി മുന്നോട്ട് വന്നത്. 
മതഭേദമന്യേ ധാര്‍മ്മികബോധമുള്ള മനുഷ്യനെ രൂപപ്പെടുത്താന്‍ സഹായിക്കുന്ന പത്ത് കല്‍പ്പനകള്‍ ക്ലാസ് മുറികളില്‍ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തിന് സമൂഹത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും പിന്തുണ ലഭിച്ചിരുന്നു. കുട്ടികളില്‍ ധാര്‍മ്മികവും ആത്മീയവുമായ പെരുമാറ്റത്തിനുള്ള അടിത്തറ വളര്‍ത്തിയെടുക്കാന്‍ ഉതകുന്നതാണ് പത്ത് കല്‍പ്പനകളെന്ന് നിയമനിര്‍മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ വിശ്വസിക്കുന്നു. 
എന്നാല്‍, മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം ലംഘിക്കുന്നതാണ് പുതിയ ഉത്തരവെന്ന് പരാതിക്കാര്‍ പറയുന്നു. ക്രിസ്തീയ വിഭാഗത്തില്‍ നിന്ന് അല്ലാതെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ സ്‌കൂള്‍ സമൂഹത്തിന്റെ ഭാഗമല്ലെന്ന തോന്നലുണ്ടാക്കാന്‍ പുതിയ നിര്‍ദേശം കാരണമാകുന്നുവെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. 
വിദ്യാര്‍ത്ഥികളില്‍ ധാര്‍മ്മിക ബോധം നിലനിര്‍ത്താനാണ് തീരുമാനമെന്നാണ് ലൂസിയാനയിലെ ജനപ്രതിനിധിയായ ഡോഡി ഹോര്‍ട്ടന്‍ പ്രതികരിക്കുന്നത്. ബൈബിളിലെ പത്ത് കല്‍പനകള്‍ കോടതികളിലും പൊലീസ് സ്റ്റേഷന്‍ അടക്കമുള്ള പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ച് നേരത്തെ നിരവധി നിയമ യുദ്ധങ്ങള്‍ക്കാണ് അമേരിക്ക സാക്ഷ്യം വഹിച്ചിട്ടുള്ളത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.