തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാന്‍ നടന്ന നീക്കത്തില്‍ നിയമസഭ പ്രക്ഷുബ്ധമായി. നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി.
കേസില്‍ ശിക്ഷ അനുഭവിക്കുന്ന നാല് പേര്‍ക്ക് ശിക്ഷായിളവ് നല്‍കാനാണ് നീക്കം നടന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപ്പട്ടികയിലുള്ള, മുന്‍ ബ്രാഞ്ച് സെക്രട്ടറി മനോജിന്റെ ശിക്ഷായിളവിനും ശുപാര്‍ശ ഉണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിയമസഭയില്‍ ആരോപിച്ചു.
വിവാദത്തിന് ശേഷവും ഇളവിനുള്ള പൊലീസ് നീക്കും ഉണ്ടായിയെന്നും മനോജിന് ശിക്ഷായിളവ് നല്‍കുന്നതിന്റെ ഭാഗമായി പൊലീസ് ഇന്നലെ കെ.കെ രമയുടെ അഭിപ്രായം തേടിയെന്നും സതീശന്‍ പറഞ്ഞു. എന്നാല്‍ പ്രതിപക്ഷം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധരണയുണ്ടാക്കുന്നുവെന്നാണ് മറുപടി നല്‍കിയ മന്ത്രി എം.ബി രാജേഷ് പറഞ്ഞത്. പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി നല്‍കുകയായിരുന്നു എം.ബി രാജേഷ്.
ടി.പി കേസിലെ പ്രതികള്‍ക്ക് ഒരു കാരണവശാലും ശിക്ഷായിളവ് നല്‍കില്ലെന്ന് സര്‍ക്കാരിന്റെ ഉറപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇന്നലെ വൈകുന്നേരം വരെ പ്രതികള്‍ക്ക് ശിക്ഷാ ഇളവിന് സര്‍ക്കാര്‍ ശ്രമിച്ചെന്ന് വി.ഡി സതീശന്‍ ആരോപിച്ചു.
കൊളവല്ലൂര്‍ പൊലീസ് ഇന്നലെ വൈകുന്നേരം കെ.കെ രമയുടെ മൊഴിയെടുക്കാന്‍ വിളിച്ചു. മനോജിന് ശിക്ഷായിളവ് നല്‍കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കെ.കെ രമയുടെ അഭിപ്രായം തേടിയത്. സര്‍ക്കാരിന് നാണമുണ്ടോ എന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ചോദിച്ചു.
എന്നാല്‍ പുതുക്കിയ ശിക്ഷായിളവ് പട്ടിക സര്‍ക്കാരിന്റെ പരിഗണനക്ക് എത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി എം.ബി രാജേഷ് മറുപടി പറഞ്ഞു. പട്ടിക ലഭ്യമാക്കിയത് ജയില്‍ മേധാവിക്കാണ്. അനര്‍ഹര്‍ പട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ടു.
മാധ്യമ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ സര്‍ക്കാര്‍ ഇടപെട്ടുവെന്നും എം.ബി രാജേഷ് പറഞ്ഞു. സബ്മിഷന്‍ നോട്ടീസില്‍ പറയാത്ത കാര്യം പ്രതിപക്ഷ നേതാവ് ഉന്നയിച്ചെന്നും സബ്മിഷനെ അടിയന്തര പ്രമേയമാക്കിയെന്നും മന്ത്രി വിമര്‍ശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.