മയക്കുമരുന്ന് കടത്തുകാർ മരണത്തിന്റെ വ്യാപാരികൾ; ഉത്പാദനവും കടത്തും തടയുക നമ്മുടെ ധാർമിക ഉത്തരവാദിത്വം: ഫ്രാൻസിസ് മാർപാപ്പ

മയക്കുമരുന്ന് കടത്തുകാർ മരണത്തിന്റെ വ്യാപാരികൾ; ഉത്പാദനവും കടത്തും തടയുക നമ്മുടെ ധാർമിക ഉത്തരവാദിത്വം: ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: മയക്കുമരുന്ന് കടത്തുകാർ മരണവ്യാപാരികൾ ആണെന്ന് ഫ്രാൻസിസ് മാർപാപ്പ. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനമായ ജൂൺ 26ന് വത്തിക്കാനിൽ പ്രതിവാര പൊതുദർശന പരിപാടിക്കിടെ പ്രഭാഷണം നടത്തുകയായിരുന്നു മാർപാപ്പ. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ 1987ൽ ആണ് ഈ ദിനം ഏർപ്പെടുത്തിയത്. ഈ ആചരണത്തിന്റെ ഇക്കൊല്ലത്തെ പ്രമേയം ‘തെളിവുകൾ സുവ്യക്തമാണ്: പ്രതിരോധത്തിനായി മുതൽമുടക്കണം’ എന്നതാണ്.

മയക്കുമരുന്ന് ഉത്പാദനവും മയക്കുമരുന്ന് കടത്തും തടയുകയെന്നത് നമ്മുടെ ധാർമിക ഉത്തരവാദിത്വമാണെന്ന് മാർപാപ്പ പറഞ്ഞു. മയക്കുമരുന്ന് ഉപയോഗം സമൂഹത്തെ ഏറെ ദോഷകരമായി ബാധിക്കുന്നു. ചില രാജ്യങ്ങളിൽ നടപ്പാക്കിയത് പോലെ മയക്കുമരുന്നിന്റെ ഉപഭോഗം ഉദാരമാക്കുന്നതിലൂടെ മയക്കുമരുന്ന് ആശ്രിതത്വം കുറയ്ക്കാൻ കഴിയില്ല. ഇതൊരു വ്യാമോഹമാണ്. ഉദാരമാക്കപ്പെടുമ്പോൾ ഒരുവൻ അതു കൂടുതൽ ഉപയോഗിക്കുന്നു. മയക്കുമരുന്നിന് അടിമകളായവരുടെയും അവരുടെ കുടുംബങ്ങളുടെയും നിരവധി ദുരന്ത കഥകൾ അറിയാവുന്നതിനാൽ അപകടരമായ ഈ വസ്‌തുക്കളുടെ ഉത്പാദനവും കടത്തും അവസാനിപ്പിക്കേണ്ടത് ധാർമികമായ ഉത്തരവാദിത്വമാണ് – മാർപാപ്പ പറഞ്ഞു.

മയക്കുമരുന്ന് ഉത്പാദനവും കടത്തും പരിസ്ഥിതിയിൽ വിനാശകരമായ സ്വാധീനമുണ്ടാക്കുമെന്ന് ആമസോണിലെ സാഹചര്യം ചൂണ്ടിക്കാട്ടി മാർപാപ്പ പറഞ്ഞു. മയക്കുമരുന്ന് ദുരുപയോഗം അത് നിലവിലുള്ള ഓരോ സമൂഹത്തെയും ക്ഷയിപ്പിക്കുന്നു. ഇത് മാനവ ശക്തിയും ധാർമ്മികതയും കുറയ്ക്കുന്നു. ആദരണീയ മൂല്യങ്ങളെ ദുർബ്ബലപ്പെടുത്തുന്നു.

ജീവിക്കാനും മെച്ചപ്പെട്ട ഒരു സമൂഹത്തിനായി സംഭാവന നൽകാനുമുള്ള ആഗ്രഹത്തെ നശിപ്പിക്കുന്നു. ഇതാണ് മയക്കുമരുന്നു ദുരുപയോഗം. അതേ സമയം നാം ഓർക്കണം. മയക്കുമരുന്നിന് അടിമയായ ഓരോ വ്യക്തിയും വ്യത്യസ്തമായ ഒരു വ്യക്തിഗത ചരിത്രം പേറുന്നു, അത് ശ്രവിക്കപ്പെടുകയും മനസ്സിലാക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും കഴിയുന്നിടത്തോളം, അതിനെ സൗഖ്യമാക്കുകയും ശുദ്ധീകരിക്കുകയും വേണം.

മയക്കുമരുന്ന് വ്യാപാരികളുടെയും കടത്തുകാരുടെയും ദുരുദ്ദേശ്യങ്ങളും ദുഷ്ചെയ്തികളും നമുക്ക് അവഗണിക്കാനാവില്ല. അവർ ഘാതകരാണ്. മയക്കുമരുന്നിന് അടിമകളായവരെ അതിൽനിന്ന് വിമുക്തരാക്കുന്നതിനുള്ള ഒരു ചികിത്സാ കേന്ദ്രം സന്ദർശിച്ച വേളയിൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ പറഞ്ഞ വാക്കുകൾ അനുസ്മരിച്ചു.

അന്നു പാപ്പാ ഇപ്രകാരമാണ് പറഞ്ഞത്: “ഞാൻ മയക്കുമരുന്നുകടത്തുകരോട് പറയുന്നു, നിങ്ങൾ സമൂഹത്തിന്റെ എല്ലാ തട്ടുകളിലുമുള്ള യുവജനങ്ങളും മുതിർന്നവരുമുൾപ്പെടുന്ന ജനസഞ്ചയത്തോട് ചെയ്യുന്ന ദ്രോഹത്തെക്കുറിച്ച് ചിന്തിക്കുക. ഈ ചെയ്തവയെക്കുറിച്ചുള്ള കണക്ക് ദൈവം ചോദിക്കും. മാനവാന്തസ്സ് ഇങ്ങനെ ചവിട്ടിമെതിക്കപ്പെടാൻ പാടില്ല“ മാർപാപ്പ പറഞ്ഞു.

കർത്താവായ യേശു നിൽക്കുകയും അടുത്തുവരുകയും മുറിവുകൾ സുഖപ്പെടുത്തുകയും ചെയ്തു. ബലഹീനതയുടെയും വേദനയുടെയും സാഹചര്യങ്ങൾക്ക് മുന്നിൽ അവിടത്തെ സാമീപ്യത്തിൻറെ ശൈലിയിൽ പ്രവർത്തിക്കാനും നിൽക്കാനും ഏകാന്തതയുടെയും കഠോരവേദനയുടെയും നിലവിളി എങ്ങനെ കേൾക്കണമെന്ന് അറിയാനും മയക്കുമരുന്നിൻറെ അടിമത്തത്വത്തിൽ വീണുപോകുന്നവരെ ഉയർത്താനും പുതിയ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും നമ്മളും വിളിക്കപ്പെട്ടിരിക്കുന്നു.

യുവ ജനത്തിന് മയക്കുമരുന്ന് നൽകുകയും അതിനായി മുതൽ മുടക്കുകയും ചെയ്യുന്ന ഈ കുറ്റവാളികൾക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം. അവർ കുറ്റവാളികളാണ്, കൊലപാതകികളാണ്. അവരുടെ മാനസാന്തരത്തിനായി നമുക്ക് പ്രാർത്ഥിക്കാമെന്ന വാക്കുകളോടെയാണ് പാപ്പ സന്ദേശം ചുരുക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.