ഉമ്മന്‍ ചാണ്ടിയിലൂടെ ഓര്‍ത്തഡോക്‌സ് സഭ യുഡിഎഫിനോട് അടുക്കുന്നു

ഉമ്മന്‍ ചാണ്ടിയിലൂടെ ഓര്‍ത്തഡോക്‌സ് സഭ  യുഡിഎഫിനോട് അടുക്കുന്നു

ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങുന്നവര്‍ പരസ്പരം പോരടിച്ച് മുന്നോട്ടു പോകുന്നതില്‍ ഇരുകൂട്ടര്‍ക്കും അസ്വസ്തതയുണ്ട്. ശാശ്വതമായ പ്രശ്‌ന പരിഹാരത്തിന് ഇരു പക്ഷവും ആഗ്രഹിക്കുന്നുണ്ട് താനും. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായാല്‍ പള്ളികളുടെ കാര്യത്തില്‍ വിട്ടു വീഴ്ചയാകാമെന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ മനോഭാവം യാക്കോബായ പക്ഷത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചു പിടിക്കാന്‍ ഉമ്മന്‍ ചാണ്ടിയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് കോണ്‍ഗ്രസ് പറയാതെ പറഞ്ഞപ്പോള്‍ തന്നെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറി മറിഞ്ഞു തുടങ്ങി.

യുഡിഫിന്റെ വെല്‍ഫെയര്‍ ബന്ധം ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ അതൃപ്തി ഉളവാക്കുകയും ഒരു കത്തോലിക്കാ മെത്രാപ്പോലീത്ത പരസ്യമായി ലേഖനം എഴുതുകയും കൂടി ചെയ്തപ്പോള്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ യുഡിഫില്‍ നിന്നും അകന്നു മാറി. അത് തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഫിന് വലിയ തിരിച്ചടിയാവുകയും ചെയ്തിരുന്നു.

ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തിലൂടെ അസംതൃപതരായ ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ വോട്ട് എല്‍ഡിഎഫിന് അനുകൂലമായി ലഭിക്കുകയും ചെയ്തു. ഈ അവസരത്തിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ് തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ചെയര്‍മാനായി ഉമ്മന്‍ ചാണ്ടിയെ കൊണ്ട് വരുന്നത്. അതോടെ ക്രൈസ്തവ സഭാ വിഭാഗങ്ങളില്‍ പെടുന്ന ഓര്‍ത്തോഡോക്‌സ്- യാക്കോബായ വിഭാഗങ്ങള്‍ കോണ്‍ഗ്രസ് അനുകൂല നിലപാടിലേക്ക് മാറി. ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലാണ് ഇതിന്റെ പിന്നില്‍ എന്ന് വ്യക്തം.

പ്രധാനമന്ത്രിയുടെ മുന്നില്‍ എത്തിയ സഭാ തര്‍ക്കത്തില്‍ ബിജെപി നേട്ടമുണ്ടാക്കുമോ എന്ന ഭയം ഇടതു, വലതു മുന്നണികളെ ഒരു പോലെ അലട്ടുന്നുണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായാല്‍ ഓര്‍ത്തോഡോക്‌സ് വിഭാഗം യാക്കോബായ വിഭാഗവുമായി സമവായത്തിന് തയ്യാറാവുകയും കയ്യേറിയ പല പള്ളികളും വിട്ടുകൊടുത്തുകൊണ്ട് പ്രശ്‌ന പരിഹാരം സാധ്യമാകുകയും ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.

ഉമ്മന്‍ ചാണ്ടി ഓര്‍ത്തോഡോക്‌സ് പക്ഷക്കാരനാണെങ്കിലും അനുകൂല നിലപാടുമായി ഇരു പക്ഷവും സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങുന്നവര്‍ പരസ്പരം പോരടിച്ച് മുന്നോട്ടു പോകുന്നതില്‍ ഇരുകൂട്ടര്‍ക്കും അസ്വസ്തതയുണ്ട്. ശാശ്വതമായ പ്രശ്‌ന പരിഹാരത്തിന് ഇരു പക്ഷവും ആഗ്രഹിക്കുന്നുണ്ട് താനും. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായാല്‍ പള്ളികളുടെ കാര്യത്തില്‍ വിട്ടു വീഴ്ചയാകാമെന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ മനോഭാവം യാക്കോബായ പക്ഷത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. കൂടാതെ മുസ്ലിം ക്രൈസ്തവ ഐക്യം ലക്ഷ്യമാക്കി ഇരു കൂട്ടരും പ്രചാരണ പരിപാടികളും സൗഹൃദ സന്ദര്‍ശനങ്ങളും നടപ്പിലാക്കി തുടങ്ങി.

എന്നാല്‍ ന്യൂനപക്ഷ സംവരണത്തിലെ അനീതി യുഡിഎഫ് സൗകര്യപൂര്‍വം വിസ്മരിക്കുകയും ഹഗ്ഗിയ സോഫിയ വിഷയത്തില്‍ പാണക്കാട് നിന്നുണ്ടായ അഭിപ്രായ പ്രകടനത്തെ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ വെള്ള പൂശുകകൂടി ചെയ്തത് ചെറിയ കല്ലുകടിയായി അവശേഷിക്കുന്നുണ്ട്.

അതിനിടെ ശബരിമല വിഷയത്തില്‍ പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിന് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ മുന്‍ഗണന നല്‍കിയാല്‍ വരുന്ന നിമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു പിന്തുണ നല്‍കുമെന്ന് ഹിന്ദു പാര്‍ലമെന്റ് വ്യക്തമാക്കി. ഈ മാസം 27നു തിരുവനന്തുപരത്ത് ഹിന്ദു പാര്‍ലമെന്റിന്റെ നേതൃത്വത്തില്‍ ചേരുന്ന ജനസഭയിലേക്ക് ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്.

ക്രിസ്ത്യന്‍, മുസ്ലിം സാമുദായിക നേതാക്കള്‍ വിശ്വാസ സൗഹൃദമായ സമീപനം കൈക്കൊണ്ടിട്ടുണ്ട്. ശബരിമല കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കഴിയും. രാഷ്ട്രീയ ഭേദമന്യേ ശബരിമല വിശ്വാസത്തെ സംരക്ഷിക്കാന്‍ നിയമം നിര്‍മ്മിക്കണമെന്നാണ് തങ്ങളുടെ നിലപാടെന്ന് വിശ്വാസ സംരക്ഷണ സമിതിക്കുവേണ്ടി രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.

ശബരിമല വിഷയം വീണ്ടും ലൈവാക്കി നിര്‍ത്തി എല്‍ഡിഎഫിനെ പ്രതിരോധത്തിലാക്കാനുള്ള യുഡിഎഫിന്റെ ശ്രമങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് ഹിന്ദു പാര്‍ലമെന്റിന്റേയും ശബരിമല വിശ്വാസ സംരക്ഷണ സമിതിയുടേയും നിലപാട്. അതേപോലെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സന്ദര്‍ശനം നടത്തി ദിവസങ്ങള്‍ക്കകം ബിഡിജെഎസിനെ പിളര്‍ത്തിയതു പോലുള്ള രാഷ്ട്രീയ കരുനീക്കങ്ങള്‍ ഇനിയും ഉണ്ടായേക്കാം.

(ആര്‍ കെ)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.