മൊത്ത വ്യാപാരികള്‍ക്ക് മരുന്ന് മറിച്ച് വില്‍ക്കുന്നു; എസ്.എ.ടിയില്‍ നടക്കുന്നത് വന്‍ അഴിമതിയെന്ന് ധനകാര്യ വകുപ്പ്

മൊത്ത വ്യാപാരികള്‍ക്ക് മരുന്ന് മറിച്ച് വില്‍ക്കുന്നു; എസ്.എ.ടിയില്‍ നടക്കുന്നത് വന്‍ അഴിമതിയെന്ന് ധനകാര്യ വകുപ്പ്

തിരുവനന്തപുരം: ശ്രീ അവിട്ടം തിരുനാള്‍ (എസ്.എ.ടി) ആശുപത്രിയില്‍ വന്‍ അഴിമതിയെന്ന് ധനകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. കുറഞ്ഞ വിലക്ക് ലഭിക്കുന്ന മരുന്ന് മൊത്തവ്യാപാരികള്‍ക്ക് ഉയര്‍ന്ന വിലക്ക് മറിച്ചുവില്‍ക്കുന്നുവെന്നാണ് പരിശോധനയിലെ കണ്ടെത്തല്‍. നിര്‍ധനരും സാധാരണക്കാരുമായ രോഗികള്‍ക്ക് കുറഞ്ഞ വിലയില്‍ വിതരണം ചെയ്യേണ്ട മരുന്നാണ് മറിച്ച് വില്‍ക്കുന്നത്.

എസ്.എ.ടി ആശുപത്രിയിലെ ഇന്‍ ഹൗസ് ഗ്രഡ് ബാങ്ക് (ഐ.എച്ച്.ഡി.ബി) ഒഴികെയുള്ള മറ്റ് മൊത്തവ്യാപാരികള്‍ക്ക് കൂടിയ വിലക്കാണ് കമ്പനികള്‍ മരുന്ന് നല്‍കുന്നത്. ഇങ്ങനെ സംഭരിക്കുന്ന മരുന്ന് മൊത്തവ്യാപാരികള്‍ക്ക് തന്നെ മറിച്ചുവില്‍ക്കുന്നതിന് പിന്നില്‍ വന്‍തോതിലുള്ള അഴിമതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ ഐ.എച്ച്.ഡി.ബിയുടെ മൊത്തവ്യാപാര ലൈസന്‍സ് ഉടന്‍ റദ്ദു ചെയ്യണമെന്നും സ്ഥാപനത്തിന്റെ മരുന്നുവില്‍പന കൗണ്ടര്‍ വഴിയുള്ള ചില്ലറ വ്യാപാരം മാത്രമാക്കി നിയന്ത്രിക്കണമെന്നുമാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ.

2017 ഫെബ്രുവരിയിലാണ് ഐ.എച്ച്.ഡി.ബിക്ക് മരുന്നുകളുടെ മൊത്ത വ്യാപാരത്തിനുള്ള ലൈസന്‍സ് ലഭിച്ചത്. ഇത് ദുരുപയോഗം ചെയ്ത് അന്യസംസ്ഥാനത്തിലെ മരുന്ന് കമ്പനികളില്‍ നിന്നും വളരെ കുറഞ്ഞ വിലക്ക് മരുന്നുകള്‍ സംഭരിച്ച് ചെറിയ മാര്‍ജിനില്‍ മറിച്ച് വിറ്റ് കോടിക്കണക്കിന് രൂപയുടെ കച്ചവടം നടത്തുന്നതായി ഡ്രഗ്സ് കണ്‍ട്രോളുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഐ.എച്ച്.ഡി.ബിക്ക് വളരെ വില കുറച്ചാണ് കമ്പനികള്‍ മരുന്ന് നല്‍കുന്നത്. ഇത് റീജിയണല്‍ കാന്‍സര്‍ സെന്റര്‍, മെഡിക്കല്‍ കോളജ്, ശ്രീചിത്രാ മെഡിക്കല്‍ സെന്റര്‍, ശ്രീ അവിട്ടം തിരുനാള്‍ തുടങ്ങിയ ആശുപത്രികളിലെത്തുന്നു.

ഐ.എച്ച്.ഡി.ബിയിലെ ഉദ്യോഗസ്ഥര്‍ കുറഞ്ഞ വിലക്ക് മരുന്നുകള്‍ സംഭരിച്ച് ചെറിയ മാര്‍ജിനില്‍ മറിച്ചുവിറ്റ് വന്‍തോതില്‍ ലാഭമുണ്ടാക്കാനുള്ള സാധ്യതയാണ് നിലവുലുള്ളത്. ഈ ഇടപാടുകള്‍ക്ക് അന്തര്‍സംസ്ഥാന ബന്ധവുമുണ്ട്. അതിനാല്‍ ഐ.എച്ച്.ഡി.ബിയിലെ ഇത്തരം ഇടപാടുകളെപ്പറ്റി ഫാര്‍മസിയുടെ മുഖ്യ ചുമതലക്കാരായ ചീഫ് ഫാര്‍മസിസ്റ്റ് എ. ബിജു, സീനിയര്‍ ഫാര്‍മസിസ്റ്റ് പി.എസ് സുഭാഷ് എന്നിവരെ സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്തിക്കൊണ്ട് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ.

ഐ.എച്ച്.ഡി.ബിയിലെ ചുമതലക്കാരായ ഫാര്‍മസിസ്റ്റുകള്‍ അനധികൃത സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്നതും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.