സിപിഎം പാര്‍ട്ടി ഗ്രാമങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതിനൊപ്പം ക്രിസ്ത്യന്‍ ന്യൂനപക്ഷ മേഖലകളില്‍ സ്വാധീനമുറപ്പിക്കാനുള്ള ശ്രമങ്ങളും തുടരും.
കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പാര്‍ട്ടിക്കുണ്ടായ മുന്നേറ്റത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ സാന്നിധ്യമാകാന്‍ ബിജെപി.
ഇതിനായി കണ്ണൂരിലുള്‍പ്പെടെ സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളിലടക്കം കടന്നു കയറാനുള്ള തന്ത്രങ്ങളാണ് ബിജെപി ഒരുക്കുന്നത്. പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസിനാണ് പുതിയ ദൗത്യത്തിന്റെ ഏകോപന ചുമതല.
സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലുള്‍പ്പെടെ ബൂത്ത് തലങ്ങളില്‍ പ്രവര്‍ത്തനം ശക്തമാക്കാനാണ് ബിജെപി പദ്ധതി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ തങ്ങള്‍ക്ക് ബൂത്ത് കമ്മിറ്റി പോലുമില്ലാത്ത ഇടങ്ങളില്‍ പോലും ബിജെപിക്ക് വോട്ട് കിട്ടിയത് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിട്ടുള്ളത്.
പാര്‍ട്ടി ഗ്രാമങ്ങളിലെ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് സജീവമാകുകയാണ് പദ്ധതി. ജൂലൈ 20 ന് പ്രത്യേക യോഗം ചേര്‍ന്ന് തുടര്‍ തീരുമാനങ്ങളെടുക്കും. ശനിയാഴ്ച കൊച്ചിയില്‍ ചേര്‍ന്ന ഭാരവാഹി യോഗത്തിലാണ് ഇതിനുള്ള ചുമതല പി.കെ കൃഷ്ണദാസിന് നല്‍കിയത്.
തലശേരിക്കാരനായ കൃഷ്ണദാസിന് കണ്ണൂരിലുള്ള വലിയ വ്യക്തി ബന്ധങ്ങള്‍കൂടി കണക്കിലെടുത്താണ് തീരുമാനം. കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലെ സിപിഎം ഗ്രാമങ്ങളിലാണ് പ്രാഥമികമായി ശ്രദ്ധ കൊടുക്കുന്നത്.
കണ്ണൂര്‍ സിപിഎമ്മിലെ ഉള്‍പ്പോരും നേതാക്കളുടെ ബിസിനസ് താല്‍പര്യങ്ങളും മൂലം മനസുമടുത്ത സാധാരണക്കാരായ അണികളിലേക്കും അനുഭാവികളിലേക്കും കടന്നു കയറാനുള്ള രാഷ്ട്രീയ ഇടമുണ്ടെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
ഓരോയിടത്തും ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ പരമാവധി വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വലിയതോതില്‍ ബിജെപിയിലേക്ക് സിപിഎമ്മിന്റെ വോട്ടുകള്‍ പോയെന്നാണ് വിലയിരുത്തുന്നത്. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളിലും മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലും ബിജെപിയുടെ വോട്ട് കൂടിയിരുന്നു.
ഉദുമ, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, ധര്‍മ്മടം, തളിപ്പറമ്പ് തുടങ്ങി പല സിപിഎം കോട്ടകളിലും ബിജെപിക്ക് നാലിരട്ടിയിലേറെ വോട്ടുകള്‍ കൂടിയിരുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ബൂത്ത് കമ്മറ്റി പോലുമില്ലാത്തിടത്ത് പോലും മൂന്നക്ക വോട്ടുകള്‍ നേടാന്‍ ബിജെപിക്ക് സാധിച്ചു. ഈ അനുകൂല സാഹചര്യം പരമാവധി മുതലാക്കാനാണ് ശ്രമം.
പാര്‍ട്ടി ഗ്രാമങ്ങളിലെ പാര്‍ട്ടി കുടുംബങ്ങളില്‍ പോലും സിപിഎം നേതാക്കളുടെ പ്രവര്‍ത്തന രീതികളോട് എതിര്‍പ്പുള്ളവരുണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. കാര്യമായ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതിരുന്നിട്ടും കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ബിജെപിക്ക് വോട്ട് കൂടിയത് ഇതുകൊണ്ടാണെന്നാണ് നിഗമനം.
ബോംബ് രാഷ്ട്രീയവും സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കള്‍ക്ക് മേലുള്ള ആരോപണങ്ങളും തുടരെ വരുന്നതിനാല്‍ സമയം പാഴാക്കാതെ അസംതൃപ്തരെ ബിജെപി പാളയത്തിലേക്കെത്തിക്കാനാണ് ശ്രമം. പ്രാദേശിക തലത്തില്‍ ജനസ്വാധീനമുള്ളവരെ പാര്‍ട്ടിയിലെത്തിക്കാനുള്ള ശ്രമങ്ങളുണ്ടാകും.
മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ പാര്‍ട്ടി ഗ്രാമങ്ങളില്‍ പ്രവര്‍ത്തനത്തിനെത്തുമെന്നാണ് വിവരം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് വിഹിതത്തില്‍ ഗണ്യമായ വര്‍ധനവ് മാത്രമല്ല ബിജെപി ലക്ഷ്യമിടുന്നത്. നിയമ സഭയിലേക്കുള്ള സീറ്റുകള്‍ കൂടിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 11 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ആ നേട്ടം നിലനിര്‍ത്താനുള്ള ശ്രമമാണ് മുന്‍കൂട്ടി തുടങ്ങുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി രണ്ട് വര്‍ഷം ബാക്കി നില്‍ക്കേ ഇനിയുള്ള പ്രവര്‍ത്തനം സീറ്റെണ്ണം ഉയര്‍ത്തി ശക്തമായ നിലയിലെത്താനായിരിക്കും. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ മാത്രമല്ല കേരളത്തില്‍ തലസ്ഥാനജില്ലയുള്‍പ്പടെ ഒട്ടു മിക്കയിടങ്ങളിലും അടുത്ത തിരഞ്ഞെടുപ്പോടെ ചുവടുറപ്പിക്കാനുള്ള നീക്കങ്ങളാണ് ബിജെപി നടത്തുന്നത്.
ഇതിനൊപ്പം ക്രിസ്ത്യന്‍ ന്യൂനപക്ഷ മേഖലകളില്‍ സ്വാധീനമുറപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരും. പാലക്കാട്, ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പ് പുതിയ തന്ത്രങ്ങളുടെ പരീക്ഷണത്തിനായി ഉപയോഗിക്കും. ഉപതിരഞ്ഞെടുപ്പിലെ ജനങ്ങളുടെ പ്രതികരണങ്ങള്‍ വിലയിരുത്തി ആവശ്യമായ മാറ്റങ്ങളോടെയാകും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇറങ്ങുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.