'റിയാസ് സൂപ്പര്‍ മുഖ്യമന്ത്രി കളിക്കുന്നു; സ്പീക്കര്‍ക്ക് കമ്മ്യൂണിസ്റ്റ് രീതിക്ക് നിരക്കാത്ത ബന്ധങ്ങള്‍': തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലും വിമര്‍ശനം

'റിയാസ് സൂപ്പര്‍ മുഖ്യമന്ത്രി കളിക്കുന്നു;  സ്പീക്കര്‍ക്ക് കമ്മ്യൂണിസ്റ്റ് രീതിക്ക് നിരക്കാത്ത ബന്ധങ്ങള്‍': തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലും വിമര്‍ശനം

തിരുവനന്തപുരം: സര്‍ക്കാരിനെ വിടാതെ വിമര്‍ശിച്ച് സിപിഎം ജില്ലാ കമ്മിറ്റികള്‍. കണ്ണൂര്‍, ആലപ്പുഴ, കോട്ടയം തുടങ്ങിയ ജില്ലാ കമ്മിറ്റികള്‍ക്ക് പിന്നാലെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലും സര്‍ക്കാരിനെതിരെ അംഗങ്ങള്‍ വിമര്‍ശനമുയര്‍ത്തി. മന്ത്രി മുഹമ്മദ് റിയാസിനും സ്പീക്കര്‍ എ.എന്‍ ഷംസീറിനുമെതിരെയായിരുന്നു രൂക്ഷ വിമര്‍ശനം.

നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയ കടകംപള്ളി സുരേന്ദ്രനോടുള്ള മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം ശരിയായില്ലെന്നും മുതിര്‍ന്ന നേതാക്കളോട് ബഹുമാനമില്ലാതെ റിയാസ് സൂപ്പര്‍ മുഖ്യമന്ത്രി കളിക്കുന്നുവെന്നും വിമര്‍ശനമുണ്ടായി.

സ്പീക്കര്‍ എ.എന്‍ ഷംസീറിന് തലസ്ഥാനത്ത് കമ്യൂണിസ്റ്റ് രീതിക്ക് നിരക്കാത്ത ബന്ധങ്ങളുണ്ടെന്നും കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. മുഖ്യമന്ത്രിയും സ്പീക്കറും സാധാരണ പാര്‍ട്ടിക്കാര്‍ക്ക് അപ്രാപ്യരും വ്യവസായികള്‍ക്ക് പ്രാപ്യരുമായെന്നായിരുന്നു ആരോപണം. സ്പീക്കര്‍ക്ക് ബിജെപി ബന്ധമുള്ള വ്യവസായിയുമായി വരെ ബന്ധമുണ്ട്. ഇത് ശരിയല്ലെന്നും നേതാക്കള്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട മാസപ്പടി ആക്ഷേപത്തില്‍ മൗനം പാലിച്ചത് ശരിയായില്ലെന്നും ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. മുഖ്യമന്ത്രിയുടെ മൗനം സംശയത്തിനിടയാക്കി. മക്കള്‍ക്കെതിരായ ആക്ഷേപങ്ങളില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന നിലപാടായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിച്ചത്. അങ്ങനെ ചെയ്യാമായിരുന്നുവെന്നും ജില്ലാ കമ്മിറ്റിയില്‍ നേതാക്കള്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണം ഉന്നയിച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കരമന ഹരിയോട് വിശദീകരണം തേടി. തിരുവനന്തപുരത്തെ വ്യവസായിക്ക് മുഖ്യമന്ത്രിയുടെ അടുക്കളവരെ സ്വാധീനമുണ്ടെന്നായിരുന്നു ജില്ലാ കമ്മിറ്റി യോഗത്തില്‍ കരമന ഹരിയുടെ പരാമര്‍ശം.

സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രതിനിധി എം. സ്വരാജ് കരമന ഹരിയുടെ പരാമര്‍ശം വ്യക്തമാക്കണമെന്ന് അറിയിച്ചു. വ്യവസായിയുടെ പേര് പറയാതായതോടെ വിശദീകരണം നല്‍കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.