മുൻവിധികൾ ഇല്ലാത്ത, ആരെയും അശുദ്ധരെന്ന് മുദ്ര കുത്താത്ത ഒരു സഭയും സമൂഹവും കെട്ടിപ്പടുക്കുക: ഫ്രാൻസിസ് പാപ്പ

മുൻവിധികൾ ഇല്ലാത്ത, ആരെയും അശുദ്ധരെന്ന് മുദ്ര കുത്താത്ത ഒരു സഭയും സമൂഹവും കെട്ടിപ്പടുക്കുക: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: ആരോടും വിവേചനം കാണിക്കാതെ എല്ലാവരെയും സ്നേഹിക്കുന്നവനാണ് ദൈവം എന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. ആരെയും അകറ്റിനിർത്താത്ത ഒരു സഭയും സമൂഹവുമാണ് നമുക്ക് ആവശ്യമായിരിക്കുന്നതെന്നും ഇതിനായി നാം ദൈവത്തിന്റെ ഹൃദയത്തിലേക്ക് നോക്കണമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ഞായറാഴ്ച ത്രികാലജപ പ്രാർത്ഥനയോടനുബന്ധിച്ച് വചന സന്ദേശം നൽകുകയായിരുന്നു പാപ്പാ. സുവിശേഷത്തിൽ പരസ്പരം ഇഴചേർന്നവിധം വിവരിച്ചിരിക്കുന്ന രണ്ട് അത്ഭുതങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പരിശുദ്ധ പിതാവ് ഈയാഴ്ചത്തെ ധ്യാനചിന്തകൾ പങ്കുവച്ചത്. യേശുവിന്റെ മേലങ്കിയിൽ സ്പർശിച്ചതുവഴി രക്തസ്രാവക്കാരി സ്ത്രീ സുഖം പ്രാപിച്ചതും അവിടുന്ന് കരം പിടിച്ച് എഴുന്നേൽപ്പിച്ചപ്പോൾ ജായ്റോസിന്റെ മകൾ ജീവനിലേക്ക് മടങ്ങിവന്നതുമാണ് ആ അത്ഭുതങ്ങൾ.

ദൈവത്തിന്റെ കരസ്പർശം

ശാരീരികമായ സ്പർശനത്തിന്റെ പ്രാധാന്യമാണ് ഈ രണ്ടു സംഭവങ്ങളും ഉയർത്തിക്കാട്ടുന്നതെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. ആചാരപരമായി അശുദ്ധരായി കണക്കാക്കപ്പെട്ടിരുന്ന ആളുകൾ ഇവ രണ്ടിലും ഉൾപ്പെട്ടിരുന്നു. ശാരീരികമായ സൗഖ്യം പ്രദാനം ചെയ്യുന്നതിനു മുമ്പ് മതപരമായ ഒരു മിഥ്യാധാരണയെ അവിടുന്ന് വെല്ലുവിളിക്കുന്നു. ശുദ്ധർക്കും അശുദ്ധർക്കും ഇടയിൽ ദൈവം വേർതിരിവ് കൽപ്പിക്കുന്നു എന്നുള്ളതായിരുന്നു ആ മിഥ്യാധാരണ.

'ദൈവം നമ്മെ കരം പിടിച്ചുയർത്തുന്നു. നമ്മുടെ വേദനകളിൽ തന്നെ സ്പർശിക്കാൻ അവിടുന്നു നമ്മെ അനുവദിക്കുന്നു. അവിടുത്തെ കരസ്പർശത്താൽ നമ്മെ സൗഖ്യപ്പെടുത്തുകയും നമുക്ക് ജീവൻ പ്രദാനം ചെയ്യുകയും ചെയ്യുന്നു.' ദൈവത്തെക്കുറിച്ച് ഇപ്രകാരമൊരു ചിത്രമാണ് ഹൃദയത്തിൽ പതിപ്പിച്ച് സൂക്ഷിക്കേണ്ടതെന്ന് മാർപാപ്പ ഊന്നിപ്പറഞ്ഞു.

ആരെയും ഒഴിവാക്കാത്ത ഒരു സഭയും സമൂഹവും

ഈ ജീവിതത്തിന്റെ കഷ്ടപ്പാടുകളിലും പാപത്തിൻ്റെ അവസ്ഥയിൽ പോലും ദൈവം നമ്മെ അകറ്റിനിർത്തുന്നില്ല. പകരം, അവിടുന്ന് നമ്മുടെ അടുത്തു വരുകയും തന്നെ സ്പർശിക്കാൻ നമ്മെ അനുവദിക്കുകയും ചെയ്യുന്നു. തൻ്റെ സ്പർശനത്താൽ നമുക്ക് ജീവൻ പ്രദാനം ചെയ്യാൻ അവിടുന്ന് ആഗ്രഹിക്കുന്നു.

മുൻവിധികൾ കൂടാതെ എല്ലാവരെയും സ്വീകരിക്കാനും സ്നേഹിക്കാനും നമുക്ക് സാധിക്കണം. ആരെയും ഒഴിവാക്കാത്ത, അശുദ്ധരെന്ന് മുദ്രകുത്താത്ത, ഒരു സഭയും സമൂഹവുമാണ് നമുക്ക് ആവശ്യമായിരിക്കുന്നത്. ഇതിനായി 'ദൈവത്തിന്റെ ഹൃദയത്തിലേക്ക് നോക്കണം' - പാപ്പാ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

മാർപാപ്പായുടെ ഇതുവരെയുള്ള ഞായറാഴ്ച ദിന സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.