ആലപ്പുഴ: മാന്നാറില്‍ കാണാതായ കലയെ 15 കൊല്ലം മുന്‍പ് കൊലപ്പെടുത്തിയതെന്ന് പൊലീസിന്റെ സ്ഥിരീകരണം. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്രാ തെരേസ ജോണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. 2008-2009 കാലത്തായിരുന്നു കൊലപാതകം.
പാലക്കാട് സ്വദേശിക്കൊപ്പം പോയ കലയെ രണ്ട് ദിവസത്തിന് ശേഷം ഭര്‍ത്താവ് അനില്‍ തിരികെ കൊണ്ടു വന്നു. ഇതിനിടെ എറണാകുളത്ത് നിന്നും ആലപ്പുഴയിലേക്കുള്ള കാര്‍ യാത്രയ്ക്കിടെ ഷാള്‍ കഴുത്തില്‍ മുറുക്കിയാണ് കലയെ കൊന്നത്.
കലയുടെ ഭര്‍ത്താവ് അനില്‍ തന്നെയാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ ഇസ്രയേലിലുള്ള അനിലിനെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് ചൈത്രാ തെരേസ ജോണ്‍ അറിയിച്ചു. അയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുമെന്നും അവര്‍ പറഞ്ഞു.
സംഭവത്തില്‍ കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് വിവരം. കലയുടെ ഭര്‍ത്താവ് അനിലിന്റെ ബന്ധുക്കളാണ് കസ്റ്റഡിയിലുള്ളത്. മാന്നാര്‍ പൊലീസ് കൊലപാതകത്തിന് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യും.
കലയെ മറവു ചെയ്തെന്ന് കരുതപ്പെടുന്ന ഇരമത്തൂരിലെ വീട്ടിലെ സെപ്റ്റിക് ടാങ്ക് കുഴിച്ച് നടത്തിയ പരിശോധനയില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തിയിരുന്നു. ഇത് പരിശോധനയ്ക്കായി അയയ്ക്കുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹാവശിഷ്ടം കാണാതായ കലയുടേത് തന്നെയെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. വിശദമായ പരിശോധനയാണ് നടന്നത്.
മാവേലിക്കര മാന്നാര്‍ സ്വദേശിയായ കലയെ (20) പതിനഞ്ച് വര്‍ഷം മുന്‍പാണ് കാണാതായത്. കലയുടെ ഭര്‍ത്താവ് അനിലിന്റെ വീട്ടുവളപ്പിലുള്ള സെപ്റ്റിക് ടാങ്ക് പൊളിച്ചാണ് പരിശോധന നടത്തിയത്. യുവതിയെ കൊന്ന് കുഴിച്ചുമൂടിയതെന്ന് പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തുന്നത്.
കലയെ കാണാതായ സമയം അവര്‍ക്ക് ഒരു കുഞ്ഞുണ്ടായിരുന്നു. അനിലും കലയും വ്യത്യസ്ത സമുദായത്തില്‍പ്പെട്ടവരാണ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. അനില്‍ കലയെ വിവാഹം കഴിച്ചതില്‍ ബന്ധുക്കള്‍ക്ക് താല്‍പര്യമില്ലായിരുന്നു.
അതിനാല്‍ത്തന്നെ അനിലിന്റെ ബന്ധുവീട്ടിലാണ് വിവാഹ ശേഷം കലയെ താമസിപ്പിച്ചിരുന്നത്. സ്വന്തം വീട്ടുകാരുമായി കലയ്ക്കും വലിയ അടുപ്പം ഉണ്ടായിരുന്നില്ല. പെട്ടെന്ന് ഒരു ദിവസം കലയെ കാണാതാകുകയായിരുന്നു. പൊലീസിന് പരാതി ലഭിച്ചെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. പിന്നീട് അനില്‍ വേറെ വിവാഹം കഴിച്ചു.
മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് കലയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മാന്നാര്‍ പൊലീസിന് ഒരു ഊമക്കത്ത് ലഭിക്കുന്നത്. ഇതോടെ വീണ്ടും അന്വേഷണം ആരംഭിക്കുകയായിരുന്നു. കലയെ കൊലപ്പെടുത്തിയതാണെന്ന വിവരം പ്രതികളില്‍ ആരോ മദ്യപാന സദസില്‍ വെളിപ്പെടുത്തിയതാണെന്നാണ് സൂചന.
അവിടെയുണ്ടായിരുന്ന ആരെങ്കിലുമാകണം പൊലീസിന് കത്ത് അയച്ചത്. സംഭവത്തില്‍ പ്രതിയായ ഒരാള്‍ മുന്‍പ് ഭാര്യയെയും മക്കളെയും അപകടപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.