കൊച്ചി: സീറോ മലബാർ സഭയുടെ ഔദ്യോഗിക അത്മായ പ്രസ്ഥാനമായ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ഭാരവാഹികളുടെ സ്ഥാനാരോഹണം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നു. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കത്തോലിക്ക കോൺഗ്രസിനെ വളർത്താനായി മുൻ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയെടുത്ത പരിശ്രമങ്ങളെ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നന്ദിയോടെ അനുസ്മരിച്ചു. നമുക്ക് കിട്ടുന്ന ഒന്നും നഷ്ടമാകാത്ത രീതിയിൽ സമ്മർദ്ധ ശക്തിയായി നാം പ്രവർത്തിക്കണം. അതിന് നിങ്ങളുടെ കൂടെ എന്നും ഉണ്ടാകുമെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.
ബിഷപ്പ് ലെഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ മുഖ്യപ്രഭാഷണം നടത്തി. നമ്മുടെ സഭയുടെ തലവനാണ് മേജർ ആർച്ച് ബിഷപ്പ്. പിതാവ് നൽകുന്ന നിർദേശങ്ങൾ പൂർണമായും അനുസരിക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും ബാധ്യസ്ഥരാണ്. അങ്ങനെ ചെയ്യുമ്പോൾ വലിയ വളർച്ചയുണ്ടാകുമെന്ന് പ്രഭാഷണത്തിനിടെ ബിഷപ്പ് പറഞ്ഞു.
നമ്മുടെ മുമ്പിലുള്ള വെല്ലുവിളികളെ ധീരതയോടെ ഏറ്റെടുക്കണം. കഴിഞ്ഞ കാലഘട്ടത്തിലെല്ലാം പ്രതിസന്ധികളെ നാം അതിജീവിച്ചിട്ടുണ്ട്. എന്നാൽ സമാനതകളില്ലാത്ത പ്രതിസന്ധിയിലാണിപ്പോൾ. കാർഷിക മേഖലയിലും സാമുദായിക മേഖലയിലുമടക്കം നടക്കുന്ന പ്രശ്നങ്ങൾ സൂക്ഷ്മതയോടെ കണ്ടെത്താനും പരിഹാരം കാണാനും ഓരോരുത്തരും ശ്രദ്ധിക്കണമെന്ന് ഫാദർ ഫിലിപ്പ് കവിയിൽ പറഞ്ഞു.
ബിഷപ്പ് മാർ ജോസ് പുളിക്കലും ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപുരക്കലും അനുഗ്രഹ സന്ദേശങ്ങൾ നൽകി. ഡോ. ജോസ്കുട്ടി ജെ ഒഴുകയിൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ അഡ്വ. ബിജു പറയനിലം അധ്യക്ഷനായിരുന്നു. രാജീവ് കൊച്ചുപറമ്പിൽ മറുപടി പ്രസംഗവും ഡോ.ജോബി കാക്കശ്ശേരി നന്ദിയും പറഞ്ഞു.
കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി പ്രസിഡന്റായി രാജീവ് കൊച്ചുപറമ്പിൽ (പാലാ)ജനറൽ സെക്രട്ടറിയായി ഡോ. ജോസ്കുട്ടി ഒഴുകയിൽ (കോതമംഗലം), ട്രഷറർ ആയി അഡ്വ ടോണി പുഞ്ചക്കുന്നേൽ (തലശേരി) എന്നിവരും 51 അംഗ ഭരണ സമിതിയുമാണ് സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റെടുത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.