ജയ്പൂര്‍: തന്റെ മേഖലയിലുള്ള ലോക്‌സഭാ മണ്ഡലങ്ങളില്‍ ബിജെപി തോറ്റാല്‍ രാജി വയ്ക്കുമെന്ന വാക്ക് പാലിച്ച് രാജസ്ഥാനിലെ മുതിര്‍ന്ന ബിജെപി നേതാവും മന്ത്രിയുമായ കിരോഡി ലാല്‍ മീണ. മന്ത്രി സ്ഥാനത്തിനൊപ്പം പാര്‍ട്ടിയിലെ പദവികളും രാജിവെച്ചു.
ദൗസ ഉള്‍പ്പെടുന്ന കിഴക്കന്‍ രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് ചുമതല വഹിച്ചിരുന്ന അദ്ദേഹം അവിടുത്തെ ഏഴ് സീറ്റുകളിലും ബിജെപി ജയിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞിരുന്നു. ഇല്ലെങ്കില്‍ താന്‍ രാജിവെക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, ഇവിടുത്തെ ഭൂരിപക്ഷം സീറ്റുകളിലും ബിജെപി പരാജയപ്പെട്ടു. തനിക്ക് പാര്‍ട്ടിയെ വിജയിപ്പിക്കാനായില്ലെന്നും മന്ത്രിസഭയില്‍ തുടരാന്‍ ധാര്‍മികമായ അവകാശമില്ലെന്നും വ്യക്തമാക്കിയ മീണ രാജി പ്രഖ്യാപിക്കുകയായിരുന്നു.
ഫല പ്രഖ്യാപനത്തിന് ശേഷം അദേഹം മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. അതേസമയം മീണയുടെ രാജി സ്വീകരിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
'കഴിഞ്ഞ 10-12 വര്‍ഷമായി സജീവമായി പ്രവര്‍ത്തിച്ചിട്ടും എനിക്ക് സ്വാധീനമുള്ള മേഖലയില്‍ പാര്‍ട്ടിയെ വിജയിപ്പിക്കാന്‍ കഴിഞ്ഞില്ല. ഹൈക്കമാന്‍ഡ് എന്നോട് ഡല്‍ഹിയിലേക്ക് എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ ഡല്‍ഹിയില്‍ പോയി അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. പാര്‍ട്ടി വിജയിച്ചില്ലെങ്കില്‍ രാജിവെക്കുക എന്നത് എന്റെ ധാര്‍മിക കടമയാണ്'- കിരോഡി ലാല്‍ മീണ പറഞ്ഞു.
എന്നാല്‍ പാര്‍ട്ടിയിലും സര്‍ക്കാരിലുമുള്ള അതൃപ്തിയാണ് തന്റെ രാജിക്ക് പിന്നിലെന്ന അഭ്യൂഹവും അദേഹം തള്ളി. താന്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നുവെന്നും രാജിക്കാര്യം അറിയിച്ചതായും മീണ വ്യക്തമാക്കി.
രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മയ്ക്കും രണ്ട് ഉപ മുഖ്യമന്ത്രിമാര്‍ക്കും താഴെയായി ഏറ്റവും മുതിര്‍ന്ന മന്ത്രിയാണ് മീണ. രാജ്യസഭയിലും രണ്ട് തവണ ലോക്സഭാ എംപിയായും അഞ്ച് തവണ എംഎല്‍എ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട് മീണ.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദൗസ സീറ്റില്‍ ബിജെപിയുടെ കനയ്യലാല്‍ മീണയെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുറാലി ലാല്‍ മീണ 2.3 ലക്ഷത്തോളം വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ദൗസയില്‍ ബിജെപി വിജയിച്ചില്ലെങ്കില്‍ താന്‍ രാജിവെക്കുമെന്ന് അദേഹം പ്രചാരണത്തിനിടെ പലതവണ പറഞ്ഞിരുന്നു.
തിരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തലേദ ിവസവും അദേഹം തന്റെ നിലപാട് ആവര്‍ത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി കിഴക്കന്‍ രാജസ്ഥാനിലെ ഏഴ് സീറ്റുകളുടെ ചുമതല തനിക്ക് നല്‍കിയെന്നും അവിടെ ജയിക്കുമെന്നും അദേഹം ഉറപ്പിച്ച് പറഞ്ഞിരുന്നു.
ദൗസയെ കൂടാതെ കിഴക്കന്‍ രാജസ്ഥാനിലെ ടോങ്ക്, സവായ് മധോപുര്‍, കരൗലി-ധോല്‍പുര്‍, ഭരത്പൂര്‍ എന്നിവയും ബിജെപിക്ക് ഇത്തവണ ബിജെപി നഷ്ടമായിരുന്നു. 2019 ല്‍ രാജസ്ഥാനിലെ 25 ല്‍ 24 സീറ്റുകളും നേടാനായ ബിജെപിക്ക് ഇത്തവണ 14 സീറ്റുകളിലേ വിജയിക്കാനായൊള്ളൂ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.