തിരുവനന്തപുരം: സംസ്ഥാനത്ത് തകര്‍ന്നു കിടക്കുന്ന റോഡുകളുമായി ബന്ധപ്പെട്ട നജീബ് കാന്തപുരത്തിന്റെ നോട്ടീസ് അവതരണം തടസപ്പെടുത്താന്‍ ശ്രമിച്ച ഭരണപക്ഷത്തെ ശകാരിച്ച് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. അദേഹം അവതരിപ്പിക്കട്ടേ. ഇങ്ങനെ പറഞ്ഞാല്‍ എങ്ങിനെയാണ് ശരിയാവുക. ഒന്നും പറയാന്‍ പറ്റില്ലേ ഈ ഫ്ളോറിലെന്നും സ്പീക്കര്‍ ചോദിച്ചു.
നജീബിന് കൂടുതല്‍ സമയം അനുവദിച്ചു എന്നു ചൂണ്ടിക്കാട്ടി ഭരണപക്ഷം എതിര്‍പ്പ് ഉയര്‍ത്തിയതോടെയാണ് സ്പീക്കര്‍ ശകാരവുമായി രംഗത്തു വന്നത്. നജീബ് കാന്തപുരത്തിന് 16 മിനിറ്റ് നല്‍കിയെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഈ ഉദാരത മന്ത്രിമാരോടും കാണിക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടു.
മന്ത്രി മനസിലാക്കിയത് തെറ്റാണെന്നും നജീബ് സംസാരിച്ചത് 10 മിനിറ്റാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. വെറുതെ ബഹളം വെക്കരുതെന്ന് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി. ഭരണപക്ഷത്തെ ശാന്ത കുമാരിയെയും സ്പീക്കര്‍ പേരെടുത്ത് ശാസിച്ചു.
റോഡിലിറങ്ങിയാല്‍ മണിച്ചിത്രത്താഴിലെ കുതിരവട്ടം പപ്പുവിനെ പോലെ ചെമ്പരത്തിപ്പൂ ചെവിയില്‍ വെച്ച് ചാടിച്ചാടി പോകേണ്ട അവസ്ഥയാണ് മലയാളികള്‍ക്ക് ഇപ്പോഴെന്ന് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയ നജീബ് കാന്തപുരം പറഞ്ഞു.
2023 ല്‍ മാത്രം 4,110 പേര്‍ക്ക് റോഡ് അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടു. 54,369 പേര്‍ക്ക് പരിക്കേറ്റു. എത്ര ഗര്‍ഭിണികള്‍ നടുറോഡില്‍ പ്രസവിച്ചു. എത്ര സ്ത്രീകള്‍ക്ക് അബോര്‍ഷനായി. ജനിക്കാതെ പോയ ആ കുഞ്ഞുങ്ങളുടെ കാലനാണ് പൊതുമരാമത്ത് വകുപ്പെന്ന് നജീബ് കാന്തപുരം പറഞ്ഞു.
റോഡിലൂടെ എല്ലൊടിയാതെ സഞ്ചരിക്കാനാവുമോ? ഭാവിയില്‍ റോഡുകള്‍ നന്നാകുമെന്നാണ് മന്ത്രി പറയുന്നത്. എന്നാണ് ആ ഭാവി ഉണ്ടാവുക. യുദ്ധ ഭൂമിയിലേക്ക് പോകുന്നത് പോലെയല്ലേ ആളുകള്‍ ഇപ്പോള്‍ റോഡിലേക്ക് പോകുന്നത്. ജീവന്‍ കിട്ടിയാല്‍ കിട്ടി. തിരിച്ചു വന്നാല്‍ വന്നു.
എന്ത് ഉറപ്പാണ് റോഡ് വഴിയുള്ള യാത്രകള്‍ക്കുള്ളതെന്നും നജീബ് കാന്തപുരം ചോദിച്ചു. ചില റോഡുകളിലൂടെ പോയാല്‍ അഡ്വഞ്ചര്‍ പാര്‍ക്കിലൂടെ പോകും പോലെയാണ്. ഓട്ടയടക്കല്‍ യജ്ഞമാണ് നടക്കുന്നത്. ശാസ്ത്രീയമായി റോഡിലെ കുഴിയടക്കാന്‍ അറിയില്ലെന്നും നജീബ് കാന്തപുരം പറഞ്ഞു.
റോഡ് നിര്‍മ്മാണത്തിനും പരിപാലനത്തിനും സര്‍ക്കാര്‍ നല്‍കുന്നത് മികച്ച പരിഗണനയാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് മറുപടി പറഞ്ഞു. ഗ്രാമീണ റോഡുകള്‍ ടാര്‍ ചെയ്ത് നല്ല നിലയിലാണെന്നും എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചാണ് മുന്നോട്ടു പോകുന്നതെന്നും മന്ത്രി പറഞ്ഞു. പിഡബ്ല്യുഡി റോഡുകളുടെ പകുതിയും ബിഎന്‍ബിസി ആക്കി മാറ്റുകയായിരുന്നു ലക്ഷ്യം. 50 ശതമാനം ഇത് കടന്നിട്ടുണ്ട്. ഇനിയും പരമാവധി റോഡുകള്‍ ബിഎന്‍ബിസി ആക്കും.
പ്രമേയ അവതാരകന്‍ മണിച്ചിത്രത്താഴ് സിനിമയിലെ ഗംഗ ശോഭനയാകുമെന്നാണ് പ്രതീക്ഷിച്ചത്. അദേഹത്തിന്റെ മണ്ഡലത്തിലെ റോഡുകളുടെ പണി വെച്ച് നോക്കുമ്പോള്‍ പക്ഷേ, അദേഹം നാഗവല്ലി ശോഭനയാണ് ആയതെന്നും മന്ത്രി റിയാസ് പരിഹസിച്ചു.
സമീപകാലത്തെ ഏറ്റവും മോശമായ റോഡുകളാണ് സംസ്ഥാനത്തുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. പൊതുമരാമത്തു മന്ത്രിയുടേത് യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത മറുപടിയാണ്. ദേശീയപാത റോഡുകളുടെ പണി നടക്കുമ്പോള്‍ ആളുകള്‍ പുറത്തിറങ്ങേണ്ടേ?
ജനങ്ങള്‍ക്ക് സഞ്ചരിക്കാനായി സമീപ റോഡുകള്‍ ഗതാഗത യോഗ്യമാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ലേയെന്ന് വി.ഡി സതീശന്‍ ചോദിച്ചു. നജീബ് കാന്തപുരത്തെ വ്യക്തിപരമായി റിയാസ് ആക്ഷേപിച്ചു. വിമര്‍ശനങ്ങളെ വ്യക്തിപരമായി എടുക്കേണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം പിന്നീട് സഭ വിട്ടിറങ്ങിപ്പോയി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.