അർബുദ പരിചരണത്തിൽ വൻ കുതിപ്പേകാൻ ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അബുദാബിയിൽ തുറന്നു

അർബുദ പരിചരണത്തിൽ വൻ കുതിപ്പേകാൻ ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അബുദാബിയിൽ തുറന്നു

അബുദാബി: സമഗ്രവും നൂതനവുമായ അർബുദ പരിചരണത്തിനായി ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് (ബിസിഐ) ആരംഭിച്ച് യുഎഇയിലെ ഏറ്റവും വലിയ കാൻസർ കെയർ നെറ്റ്വർക്കുകളിൽ ഒന്നായ ബുർജീൽ. അബുദാബി, അൽ ഐൻ, അൽ ദഫ്ര, ഷാർജ, ദുബായ് എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ബുർജീലിന്റെ കാൻസർ കെയർ സൗകര്യങ്ങൾ ഏകീകരിക്കുന്ന ശൃംഖലയുടെ കേന്ദ്രമാണ് അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ തുടങ്ങിയ ബിസിഐ.

മെനയിലെ പ്രമുഖ സൂപ്പർ സ്പെഷ്യലിറ്റി ഹെല്ത്ത്കെയര് സേവന ദാതാക്കളായ ബുർജീൽ ഹോൾഡിങ്സിന്റെ ഏറ്റവും വലിയ ആശുപത്രിയായ ബുർജീൽ മെഡിക്കൽ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ട് യുഎഇയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ളവർക്ക് വിപുലമായ കാൻസർ ചികിത്സകൾ വാഗ്ദാനം ചെയ്യുന്നു. രോഗനിർണയം മുതൽ പാലിയേറ്റീവ് കെയർ വരെയുള്ള ഓങ്കോളജി സേവനങ്ങൾ നൽകാൻ ഇൻസ്റ്റിറ്റ്യൂട്ട് സജ്ജമാണ്.

യുഎയിലെ സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തു. ബുർജീൽ ഹോൾഡിങ്‌സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ.ഷംഷീർ വയലിൽ, സിഇഒ ജോൺ സുനിൽ, സിഒഒ സഫീർ അഹമ്മദ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. പ്രഗത്ഭ എമിറാത്തി ഓങ്കോളജിസ്റ്റ് പ്രൊഫ. ഹുമൈദ് അൽ ഷംസിയുടെ നേതൃത്വത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.

യു.എ.ഇ.യിൽ ലോകോത്തര അർബുദ പരിചരണം നൽകാനുള്ള ലക്ഷ്യത്തിലെ സുപ്രധാന നാഴികക്കല്ലാണ് ബിസിഐയുടെ സമാരംഭമെന്ന് ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ.ഷംഷീർ വയലിൽ പറഞ്ഞു. അർബുദ ഗവേഷണ രംഗത്തെ പുതിയ കണ്ടെത്തലുകൾ ചികിത്സകളായി ലഭ്യമാക്കുന്നതിൽ നേരിടുന്ന കാലതാമസം പരിഹരിക്കേണ്ടത് അനിവാര്യമാണെന്ന് ഷെയ്ഖ് നഹ്യാൻ പറഞ്ഞു.

അർബുദ പരിചരണത്തിലെ നാഴികക്കല്ല്

പ്രതിവർഷം, 5,000-ലധികം അർബുദ രോഗികളെ ചികിത്സിക്കുന്ന ബുർജീലിന്റെ ശൃംഖല പതിനായിരത്തിലധികം സ്ക്രീനിംഗുകൾ, റേഡിയോ തെറാപ്പി സെഷനുകൾ എന്നിവ അൻപതിലധികം വിദഗ്ധരുടെ നേതൃത്വത്തിലാണ് നടത്തുന്നത്. നാല് നിലകളിലായി പ്രവർത്തിക്കുന്ന ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്വകാര്യ കീമോതെറാപ്പി സ്യൂട്ടുകൾ, സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ, സ്തനാർബുദ യൂണിറ്റ്, രോഗി കേന്ദ്രീകൃത സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. കീമോതെറാപ്പി, ഇമ്മ്യൂണോതെറാപ്പി, സർജിക്കൽ ഓങ്കോളജി, സ്റ്റീരിയോടാക്റ്റിക് റേഡിയോ സർജറി (SRS), സ്റ്റീരിയോടാക്റ്റിക് ബോഡി റേഡിയോ തെറാപ്പി, ടാർഗെറ്റഡ് തെറാപ്പി (SBRT), പ്രിസിഷൻ മെഡിസിൻ, അഡ്വാൻസ്ഡ് സർജിക്കൽ ടെക്നിക്കുകൾ, അത്യാധുനിക റേഡിയേഷൻ തെറാപ്പി, AI ഉപയോഗിച്ചുള്ള കാൻസർ രോഗ നിർണയം തുടങ്ങിയ അത്യാധുനിക ചികിത്സകളും ഇൻസ്റ്റിറ്റ്യൂട്ട് പ്രദാനം ചെയ്യുന്നു.

പ്രത്യേക പരിശോധനകൾ പ്രാദേശികമായി നടത്താനും ഉയർന്ന നിലവാരമുള്ള ക്ലിനിക്കൽ പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്താനും ബിസിഐ സജ്ജമാണ്. അന്താരാഷ്ട്ര കാൻസർ ഗവേഷണ സ്ഥാപനങ്ങളുമായും ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായും സഹകരിക്കുന്നതിലൂടെ കാൻസർ പരിചരണത്തിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങൾ കാലതാമസമില്ലാതെ രോഗികൾക്ക് ലഭ്യമാക്കാൻ ബിസിഐ വഴിയൊരുക്കും


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.