കോഴിക്കോട്: കാലടി ശ്രീ ശങ്കര സംസ്‌കൃത സര്‍വകലാശാലയിലെ മലയാള വിഭാഗത്തില്‍ അസിസ്റ്റന്‍ഡ് പ്രൊഫസറായി പാലക്കാട് മുന്‍ എംപി എം.ബി രാജേഷിന്റെ ഭാര്യയ്ക്ക് നിയമനം നല്‍കിയതുമായി ബന്ധപ്പെട്ട വിവാദം കൂടുതല്‍ ചൂടുപിടിക്കുന്നു.
നിയമനത്തില്‍ ക്രമക്കേട് നടന്നതായി കാണിച്ച് ഇന്റര്‍വ്യൂ ബോര്‍ഡിലെ വിഷയ വിദഗ്ധര്‍ വൈസ് ചാന്‍സലര്‍ക്ക് അയച്ച കത്ത് പുറത്തായതിന് പിന്നാലെ ഇന്റര്‍വ്യൂ ബോര്‍ഡിലെ പ്രമുഖന്റെ ആള്‍ക്കു വേണ്ടി ബോര്‍ഡിലുണ്ടായിരുന്ന വിഷയ വിദഗ്ധര്‍ ഉപജാപം നടത്തി എന്ന ആരോപണവുമായി എം.ബി രാജേഷ് രംഗത്തെത്തി. സിപിഎം നേതാവ് എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് അനധികൃതമായി നിയമനം നല്‍കാന്‍ റാങ്ക് പട്ടിക അട്ടിമറിച്ചു എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഡോ.ടി. പവിത്രന്‍, ഡോ. ഉമര്‍ തറമ്മേല്‍, ഡോ.കെ.എം. ഭരതന്‍. എന്നിവര്‍ ചേര്‍ന്ന് വൈസ് ചാന്‍സലര്‍ക്ക് കത്തയച്ചത്.
ഇപ്പോള്‍ പ്രസിദ്ധീകരിച്ച പട്ടിക തങ്ങള്‍ തയ്യാറാക്കിയ റാങ്ക് പട്ടികയ്ക്ക് വിരുദ്ധമാണെന്നും അധ്യാപന പരിചയമോ കാര്യമായ പ്രസിദ്ധീകരണങ്ങളോ ഇല്ലാത്ത ഒരു ഉദ്യോഗാര്‍ഥിയ്ക്ക് നിയമനം നല്‍കാന്‍ തീരുമാനിച്ചത് തെറ്റായ നടപടിയാണെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. തന്റെ മുന്നിലുള്ള രണ്ടോ അതിലധികമോ മികച്ച ഉദ്യോഗാര്‍ഥികളെ മറികടന്നാണ് ഈ ഉദ്യോഗാര്‍ഥി പട്ടികയില്‍ ഒന്നാമതായത്.
സര്‍വകലാശാല അധികാരികള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് നിയമനം നല്‍കാനായിരുന്നെങ്കില്‍ വിഷയ വിദഗ്ധരുടെ ആവശ്യമില്ലായിരുന്നെന്നും ഈ നടപടി സര്‍വകലാശാലാ എത്തിക്സിന് വിരുദ്ധമാണെന്നും കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാല്‍ തന്റെ ഭാര്യയുടെ നിയമനം രാഷ്ട്രീയവല്‍ക്കരിച്ചെന്ന് ആരോപിച്ച രാജേഷ് ഭാര്യ നിനിതക്കെതിരെ മൂന്നു തലത്തില്‍ ഉപജാപം നടന്നതായും പറഞ്ഞു. നിനിത ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാതിരിക്കാന്‍ ഉപജാപം നടന്നു. പിന്നെ അവരുടെ പിച്ച്ഡി ബിരുദത്തിനെതിരെയും പരാതി വന്നു. എന്നാല്‍ ജോലിക്ക് അപേക്ഷിക്കുന്നതിന് ഒരു വര്‍ഷം മുമ്പേ പിഎച്ച്ഡി എടുത്തതാണെന്ന് തെളിഞ്ഞു. പിഎച്ച്ഡിക്കെതിരെ കേസുണ്ട് എന്നായി അടുത്ത വാദം. എന്നാല്‍ അതും പൊളിഞ്ഞു. ഇന്റര്‍വ്യൂവില്‍ പരാജയപ്പെടുത്താന്‍ ഇന്റര്‍വ്യൂ ബോര്‍ഡിലും ശ്രമം നടന്നു.
കൂടിയാലോചന നടന്നതായി അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ശ്രമം വിജയിക്കാതെ വന്നതോടെ 31 ന് രാത്രി മൂന്നുപേരും ഒരുമിച്ച് ഒപ്പിട്ട കത്ത് ഉദ്യോഗാര്‍ത്ഥിയായ നിനിതയ്ക്ക് ലഭ്യമാക്കിക്കൊടുത്തു. മൂന്നാമതൊരാള്‍ മുഖേനയാണ് ഇത് നിനിതയ്ക്ക് കൈമാറിയത്. തുടര്‍ന്ന് ജോലിയില്‍ ജോയിന്‍ ചെയ്യാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി. പിന്മാറിയാല്‍ പ്രശ്നമില്ലെന്നും, അല്ലെങ്കില്‍ മാധ്യമങ്ങളില്‍ കൊടുത്ത് വിവാദമാക്കുമെന്നും പറഞ്ഞു.
ഇത്തരം ഭീഷണികളുടെ പശ്ചാത്തലത്തിലാണ്, അതിന് വഴങ്ങേണ്ടെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചത്. മൂന്നാം തീയതി വൈകീട്ടാണ് ജോലിയില്‍ പ്രവേശിച്ചതെന്നും രാജേഷ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.