വാഷിങ്ടൺ: വീണ്ടും യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിന് തയ്യാറെടുക്കുന്നതിനിടെ ജോ ബൈഡന് വീണ്ടും തലവേദനയായി നാക്കുപിഴ. കഴിഞ്ഞ ദിവസം വിസ്‌കോൺസിൻ റാലിക്കിടെയാണ് സംഭവം. 2020ൽ താൻ വീണ്ടും ട്രംപിനെ തോൽപ്പിക്കുമെന്നാണ് ജോ ബൈഡൻ റാലിക്കിടെ പ്രഖ്യാപിച്ചത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങലിടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
” ഞാൻ ഈ മത്സരത്തിൽ തുടരുമോ അത് പകുതി വഴിയിൽ നിർത്തുകയാണോ എന്നാണ് പലരും സംശയം ഉന്നയിക്കുന്നത്. ഞാൻ ഈ മത്സരത്തിൽ തുടരുക തന്നെ ചെയ്യും. ഇതിൽ ഞാൻ വിജയിക്കും. ഡോണൾഡ് ട്രംപിനെ 2020ലും ഞാൻ തോൽപ്പിക്കുക തന്നെ ചെയ്യുമെന്നുമാണ്” ബൈഡൻ പറഞ്ഞത്. എന്നാൽ ഒരു നിമിഷത്തിന് ശേഷം തെറ്റ് മനസിലാക്കിയ ബൈഡൻ 2024 ലും ട്രംപിനെ പരാജയപ്പെടുത്തുന്നത് ആവർത്തിക്കുമെന്ന് തിരുത്തുകയും ചെയ്തു.
ഇതിന് പിന്നാലെ ബൈഡനെതിരെ വലിയ രീതിയിലുള്ള പരിഹാസമാണ് ഉയരുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ യോഗ്യനല്ലെന്ന് ബൈഡൻ തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന വിമർശനവും ശക്തമായിട്ടുണ്ട്. ട്രംപുമായി നടന്ന ആദ്യഘട്ട സംവാദത്തിലും ബൈഡന് മികച്ച പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. തന്റെ ആരോഗ്യ സ്ഥിതി അന്നേ ദിവസം മോശമായിരുന്നുവെന്നാണ് ബൈഡൻ ഇതിന് വിശദീകരണമായി പറയുന്നത്.
തന്റെ ജനപ്രീതിയിൽ ഇടിവ് സംഭവിച്ചുവെന്ന തരത്തിലുള്ള വാദങ്ങളും ബൈഡൻ തള്ളിയിരുന്നു. ”വിമർശകർ എന്താണ് പറയുന്നത് അവർ മനസിലാക്കുന്നില്ല. വിമർശിക്കുന്നവർ പറയുന്ന പല കാര്യങ്ങളും തെറ്റാണ്. കാരണം ട്രംപ് ഒരു നുണയനാണ്. അയാൾ മറ്റൊരാൾക്ക് പ്രയോജനം ലഭിക്കുന്ന എന്തെങ്കിലും ഒരു കാര്യം ചെയ്തതായി നിങ്ങൾ കേട്ടിട്ടുണ്ടോ. സ്വന്തം ഉയർച്ചയ്‌ക്ക് വേണ്ടിയുള്ള കാര്യങ്ങൾ മാത്രമാണ് ട്രംപ് ചെയ്ത് കൂട്ടിയിട്ടുള്ളത്. ട്രംപിന്റെ ഭരണകാലം പരിശോധിച്ചാൽ ഇക്കാര്യം മനസിലാക്കാൻ സാധിക്കുമെന്നും” ബൈഡൻ ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.