രാജസ്ഥാനില്‍ ക്രൈസ്തവര്‍ക്ക് നേരെ വി.എച്ച്.പി ആക്രമണം: സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഇരകളെ കസ്റ്റഡിയിലെടുത്ത് പൊലീസിന്റെ വിചിത്ര നടപടി

രാജസ്ഥാനില്‍ ക്രൈസ്തവര്‍ക്ക് നേരെ വി.എച്ച്.പി ആക്രമണം: സ്ത്രീകള്‍  ഉള്‍പ്പെടെയുള്ള ഇരകളെ കസ്റ്റഡിയിലെടുത്ത് പൊലീസിന്റെ വിചിത്ര നടപടി

ജയ്പൂര്‍: നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് രാജസ്ഥാനില്‍ ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെ വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകരുടെ ആക്രമണം.

ഭരത്പൂരിലെ രാജസ്ഥാന്‍ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് ആന്റ് ഇന്‍വെസ്റ്റ്മെന്റ് ഏരിയയില്‍ പ്രാര്‍ത്ഥന കൂട്ടായ്മ നടക്കുകയായിരുന്ന ഭവനത്തിലേക്ക് ഇരച്ചെത്തിയ തീവ്ര ഹിന്ദുത്വ വാദികള്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ക്രൂരമായി മര്‍ദ്ദിച്ചു.

വീട്ടില്‍ അതിക്രമിച്ചു കയറിയ വിഎച്ച്പി പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയെന്ന് ആരോപിച്ച് യുവാക്കളെ പൊതിരെ തല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തു വന്നിട്ടുണ്ട്. വസ്ത്രങ്ങള്‍ കീറി ചോരയൊലിക്കുന്ന യുവാവിനെ പുറത്തിറക്കി നിലത്തിട്ട് ആക്രമിക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്.

വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. എന്നാല്‍ വിവരമറിഞ്ഞെത്തിയ പൊലീസ് അക്രമികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം സ്ത്രീകള്‍ ഉള്‍പ്പെടെ 28 ക്രൈസ്തവരെ കസ്റ്റഡിയിലെടുത്തു. ഹിന്ദുത്വ വാദികളുടെ ഒത്താശയിലാണ് ഇവരെ കസ്റ്റഡിയിലെടുക്കുകയും കേസ് ഫയല്‍ ചെയ്തതെന്നും അരോപണമുണ്ട്.

ആക്രമണത്തിന് നേതൃത്വം നല്‍കിയ ഹിന്ദുത്വ വാദികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം ക്രൈസ്തവ വിശ്വാസികളായ സ്ത്രീകളെ ഉള്‍പ്പെടെയുള്ളവരെ അകാരണമായി ബലം പ്രയോഗിച്ചു കസ്റ്റഡിയിലെടുത്ത മതുരഗേറ്റ് പോലീസ് നടപടിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാണ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നേരെ തീവ്ര ഹിന്ദുത്വ വാദികള്‍ നടത്തുന്ന ആക്രമണങ്ങളില്‍ അക്രമത്തിനിരയാകുന്നവര്‍ തന്നെ പ്രതികളാക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.