ഇന്ത്യ - റഷ്യ വാർഷിക ഉച്ചകോടി; പ്രധാനമന്ത്രി ഇന്ന് റഷ്യയിലേക്ക് തിരിക്കും; റഷ്യയിലെ ഇന്ത്യൻ സമൂഹവുമായി നരേന്ദ്ര മോഡി സംവദിക്കും

ഇന്ത്യ - റഷ്യ വാർഷിക ഉച്ചകോടി; പ്രധാനമന്ത്രി ഇന്ന് റഷ്യയിലേക്ക് തിരിക്കും; റഷ്യയിലെ ഇന്ത്യൻ സമൂഹവുമായി നരേന്ദ്ര മോഡി സംവദിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ദ്വിദിന റഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. ഇന്നും നാളെയുമാണ് പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനം. പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ക്ഷണപ്രകാരം 22-ാമത് ഇന്ത്യ - റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി മോസ്‌കോയിലെത്തുന്നത്. രാവിലെ 10.55ന് യാത്ര തിരിക്കുന്ന പ്രധാനമന്ത്രി വൈകിട്ട് 5.20ന് മോസ്‌കോയിലെ വ്‌നുക്കോവോ-II അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും.

സന്ദർശനത്തിന്റെ ഭാഗമായി റഷ്യൻ പ്രസിഡന്റുമായി മോഡി കൂടിക്കാഴ്ച നടത്തും. പ്രതിരോധം, നിക്ഷേപം, ഊർജ സഹകരണം, വിദ്യാഭ്യാസം, സംസ്‌കാരം തുടങ്ങി വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നേതാക്കൾ അവലോകനം ചെയ്യുകയും പൊതുതാത്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളിൽ അഭിപ്രായങ്ങൾ പങ്കുവയ്‌ക്കുകയും ചെയ്യും.

റഷ്യ - ഉക്രെയ്ൻ സംഘർഷം ആരംഭിച്ചതിന് ശേഷം പ്രധാനമന്ത്രി മോഡിയുടെ റഷ്യയിലേക്കുള്ള ആദ്യ യാത്രയാണിത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ നേതൃത്വത്തിൽ ഇന്ന് പ്രധാനമന്ത്രിക്കായി അത്താഴ വിരുന്നും ഒരുക്കിയിട്ടുണ്ട്. നാളെ ഇരു നേതാക്കളും പങ്കെടുക്കുന്ന ഉച്ചകോടി നടക്കും. റഷ്യയിലെ ഇന്ത്യൻ സമൂഹവുമായും പ്രധാനമന്ത്രി സംവദിക്കും. 2019-ലാണ് മോഡി അവസാനമായി റഷ്യ സന്ദർശിച്ചത്. 2022-ൽ ഉസ്‌ബെക്കിസ്ഥാനിൽ വച്ച് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.