കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് തിരിച്ചടി. ഇ.ഡി പിടിച്ചെടുത്ത രേഖകള്‍ ക്രൈം ബ്രാഞ്ചിന് വിട്ടു നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
രേഖകളുടെ പരിശോധന രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കൊച്ചി പിഎംഎല്‍എ കോടതിയിലുള്ള രേഖകളാണ് ക്രൈം ബ്രാഞ്ചിന് കൈമാറേണ്ടത്. കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 2021 ജൂലൈയിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിക്കുന്നത്.
ഒരു വര്‍ഷത്തിന് ശേഷമാണ് ഇ.ഡി കേസന്വേഷണം തുടങ്ങുന്നതും ബാങ്കില്‍ റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുക്കുന്നതും. അനധികൃതമായി വായ്പകള്‍ അനുവദിച്ചത് അടക്കമുള്ള രേഖകളാണ് ഇ.ഡി പിടിച്ചെടുത്തത്.
ഈ രേഖകള്‍ ആധികാരികമാണോയെന്ന് ഉറപ്പാക്കാന്‍ ഫോറന്‍സിക് പരിശോധന അടക്കം നടത്തണമെന്നും എന്നാല്‍ ഇ.ഡിയുടെ കസ്റ്റഡിയില്‍ ആയതിനാല്‍ പരിശോധന നടത്താനാകാത്തത് കേസന്വേഷണം വഴിമുട്ടിച്ചുവെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി. ഇതുമൂലം പ്രതിപ്പട്ടിക അടക്കം നിശ്ചയിക്കുന്നതില്‍ പ്രതിസന്ധിയിലായി എന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു.
രേഖകള്‍ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നേരത്തെ പിഎംഎല്‍എ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യത്തെ ഇ.ഡി എതിര്‍ത്തു. തുടര്‍ന്നാണ് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്.
ഫോറന്‍സിക് പരിശോധനയ്ക്ക് വളരെ കാലതാമസം ഉണ്ടാകുമെന്നും അതിനാല്‍ സമയ ബന്ധിതമായി രേഖകള്‍ തിരിച്ചു നല്‍കണമെന്നും ഇ.ഡി ആവശ്യപ്പെട്ടു. ഈ ആവശ്യം കോടതി അംഗീകരിച്ചു. രേഖകള്‍ ക്രൈം ബ്രാഞ്ചിന് വിട്ടുനല്‍കിയാല്‍, രാഷ്ട്രീയ മാനങ്ങളുള്ള കേസായതിനാല്‍ സ്വാധീനം ഉപയോഗിച്ച് രേഖകളില്‍ കൃത്രിമം വരുത്തുമോയെന്ന ആശങ്കയും ഇ.ഡി ഉന്നയിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.