ന്യൂഡല്‍ഹി: ലോക്‌സഭയിലെ പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഹിന്ദുമതത്തെ അവഹേളിച്ച് ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്ന് ഉത്തരാഖണ്ഡിലെ ജ്യോതിഷ് പീഠം ശങ്കരാചാര്യര്‍ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി.
രാഹുലിന്റെ പ്രസംഗം ഹിന്ദു മതത്തിന് എതിരല്ലെന്നും അദേഹം വ്യക്തമാക്കി. ഹിന്ദുക്കളെന്ന് വിശേഷിപ്പിക്കുന്ന ചിലര്‍ വിദ്വേഷവും ഹിംസയും പ്രചരിപ്പിക്കുന്നുവെന്നായിരുന്നു ഭരണ പക്ഷത്തെ ചൂണ്ടിക്കാട്ടിയുള്ള രാഹുലിന്റെ വിമര്‍ശനം.
രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പകുതി മാത്രം പ്രചരിപ്പിക്കുന്നത് കുറ്റകൃത്യമാണെന്നും അവിമുക്തേശ്വരാനന്ദ പറഞ്ഞു. രാഹുല്‍ ഹിന്ദുമതത്തെ അവഹേളിച്ചെന്ന് ബിജെപിയും സംഘ്പരിവാറും വ്യാപക വിമര്‍ശനമുയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ശങ്കരാചാര്യരുടെ വാക്കുകള്‍.
'രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മുഴുവനും ഞങ്ങള്‍ കേട്ടു. ഹിന്ദു മതത്തില്‍ അക്രമത്തിന് ഒരു സ്ഥാനവുമില്ലെന്നാണ് അദേഹം വ്യക്തമായി പറഞ്ഞത്. ഹിന്ദു മതത്തിനെതിരെ ഒരു വാക്കു പോലും രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ എവിടെയും പറയുന്നില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ പകുതി മാത്രം പ്രചരിപ്പിക്കുന്നത് കുറ്റകൃത്യമാണ്. അങ്ങനെ ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടണം'-സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞു.
പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തില്‍ നന്ദിപ്രമേയ ചര്‍ച്ചയില്‍ ജൂലൈ ഒന്നിന് മോഡിക്കും ബിജെപിക്കുമെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗമാണ് ബിജെപിയും കേന്ദ്ര സര്‍ക്കാറും വിവാദമാക്കാന്‍ ശ്രമിച്ചത്. ഹിന്ദുക്കളെന്ന് അവകാശപ്പെട്ട് ബിജെപി അക്രമവും വിദ്വേഷവും വിതക്കുകയാണെന്ന് രാഹുല്‍ പറഞ്ഞിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.