ആയുഷ്മാന്‍ ഭാരതിന്റെ പരിരക്ഷ 10 ലക്ഷമായി ഉയര്‍ത്തിയേക്കും; 70 വയസ് കഴിഞ്ഞവരെയും സൗജന്യ പദ്ധതിയുടെ ഭാഗമാക്കും

ആയുഷ്മാന്‍ ഭാരതിന്റെ പരിരക്ഷ 10 ലക്ഷമായി ഉയര്‍ത്തിയേക്കും; 70 വയസ് കഴിഞ്ഞവരെയും  സൗജന്യ പദ്ധതിയുടെ ഭാഗമാക്കും

ന്യൂഡല്‍ഹി: ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കവറേജ് പരിധി ഉയര്‍ത്തിയേക്കും. പ്രതിവര്‍ഷം 10 ലക്ഷം രൂപയായി ഇന്‍ഷുറന്‍സ് പരിരക്ഷ ഉയര്‍ത്തുന്നത് സംബന്ധിച്ച നിര്‍ദേശം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. കേന്ദ്ര ബജറ്റില്‍ ഇത് സംബന്ധിച്ച നിര്‍ദേശമുണ്ടാകുമെന്നാണ് സൂചന.

70 വയസ് കഴിഞ്ഞവരെ സൗജന്യ പദ്ധതിയുടെ ഭാഗമാക്കുന്നതിനുള്ള തീരുമാനത്തിനൊപ്പമാണ് പുതിയ പരിഷ്‌കാരവും പരിഗണിക്കുന്നത്. പരിരക്ഷാ തുക നിലവിലെ അഞ്ച് ലക്ഷം രൂപയില്‍ നിന്ന് ഇരട്ടിയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

അങ്ങനെ ചെയ്താല്‍ പ്രതിവര്‍ഷം 12,076 കോടി രൂപയുടെ അധികച്ചെലവ് കേന്ദ്രത്തിനുണ്ടാകുമെന്നാണ് ദേശീയ ആരോഗ്യ അതോറിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

നിതി ആയോഗിന്റെ 2021 ഒക്ടോബറിലെ റിപ്പോര്‍ട്ട് പ്രകാരം ജനസംഖ്യയുടെ 30 ശതമാനം പേര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സില്ല. 70 കഴിഞ്ഞവരെ പദ്ധതിയുടെ ഭാഗമാക്കി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഗുണഭോക്താക്കളുടെ എണ്ണം ഇരട്ടിയാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

എന്താണ് ആയുഷ്മാന്‍ ഭാരത് പദ്ധതി?

പാവപ്പെട്ടവര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ചികിത്സാ സഹായം കിട്ടുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്. വാര്‍ഷിക പ്രീമിയമായി 1324 രൂപ അടച്ചാല്‍ സര്‍ക്കാര്‍, പ്രൈവറ്റ് ആശുപത്രികളില്‍ സമ്പൂര്‍ണ സൗജന്യ ചികിത്സ ഉറപ്പു വരുത്താം.

വാര്‍ഷിക പ്രീമിയം കൃത്യമായി അടച്ചാല്‍ ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വരെയുള്ള ട്രീറ്റ്‌മെന്റിന് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഒരു 'സമഗ്ര ആരോഗ്യ പരിരക്ഷ' സ്‌കീം ആണിത്.

ഓണ്‍ലൈന്‍ വഴിയും അല്ലാതെയും പദ്ധതിയില്‍ അംഗമാകാവുന്നതാണ്. അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നേരിട്ട് ചെന്നാലും ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ചേരാം. ഇതിനായി ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ കോപ്പി മാത്രം മതി.

വര്‍ഷം അഞ്ച് ലക്ഷം രൂപയുടെ ഫാമിലി കവറേജ് (ഇതാണ് ഇപ്പോള്‍ പത്ത് ലക്ഷമാക്കാന്‍ ആലോചിക്കുന്നത്). കുടുംബ അംഗങ്ങളുടെ എണ്ണം, പ്രായം എന്നിവയ്ക്ക് പരിധികള്‍ ഇല്ല. ഹോസ്പിറ്റല്‍ ചിലവുകള്‍ ക്യാഷ്ലെസ് & പേപ്പര്‍ലെസ്.

സര്‍ക്കാര്‍, പ്രൈവറ്റ് ആശുപത്രികളില്‍ സമ്പൂര്‍ണ സൗജന്യ ചികിത്സാ സൗകര്യം. സ്‌കീമില്‍ അംഗമായവര്‍ ഐഡി കാര്‍ഡ് മാത്രം ഹോസ്പിറ്റലില്‍ കാണിച്ചാല്‍ മതി. നിലവില്‍ ഉള്ളതും മുന്‍കാല രോഗങ്ങളും സ്‌കീമില്‍ ചേരുന്നതിനോ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനോ തടസമല്ല.

ആയുഷ്മാന്‍ ഭാരത് പദ്ധതിയ്ക്ക് കീഴില്‍ രാജ്യത്ത് ഇതുവരെ ഒരു കോടിയിലധികം പേര്‍ സൗജന്യ ചികിത്സ നേടി. 2018 ലാണ് പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയില്‍ അംഗമായവര്‍ ആശുപത്രിയില്‍ കിടത്തി ചികിത്സ ആവശ്യമായ സന്ദര്‍ഭങ്ങളില്‍ യാതൊരു പൈസയും നല്‍കേണ്ടതില്ല.

ഈ പദ്ധതി പ്രകാരം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ആദ്യ ദിവസം മുതല്‍ തന്നെ ചികിത്സ ലഭിക്കും. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പും ശേഷവുമുള്ള ചികിത്സയും പദ്ധതിയില്‍ ഉള്‍പ്പെടുന്നതാണ്. ഓരോ സംസ്ഥാനത്തും ഇതിനായി പ്രത്യേക സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ഉണ്ട്.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.