അധികാരം പിടിക്കണം...ലീഗിനെ തളയ്ക്കണം; കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് 50 സീറ്റുകള്‍

അധികാരം പിടിക്കണം...ലീഗിനെ തളയ്ക്കണം;  കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് 50 സീറ്റുകള്‍

കുഞ്ഞാലിക്കുട്ടിയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും കൂടുതല്‍ മന്ത്രി സ്ഥാനങ്ങളും സ്വപ്‌നം കാണുന്ന മുസ്ലീം ലീഗ് ഇത്തവണ അപ്രതീക്ഷിത അട്ടിമറികളൊന്നും നടന്നില്ലെങ്കില്‍ ഇരുപതിലധികം സീറ്റുകള്‍ നേടുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. അങ്ങനെ വരുന്ന ലീഗിനെ ഫലപ്രദമായി പ്രതിരോധിക്കണമെങ്കില്‍ കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ ഇരട്ടിയിലധികം സീറ്റുകള്‍ ഉണ്ടാവണം. അതിനുള്ള നീക്കമാണ് പാര്‍ട്ടി ഇപ്പോള്‍ നടത്തുന്നത്. കുറഞ്ഞത് 50 സീറ്റാണ് ലക്ഷ്യം. ഇത് ഹൈക്കമാന്‍ഡ് മുന്നോട്ട് വെച്ച ഫോര്‍മുലയാണ്.

കൊച്ചി: കേരളത്തില്‍ എങ്ങനെയും ഭരണം തിരിച്ചു പിടിക്കാന്‍ ഭഗീരഥ പ്രയത്‌നം നടത്തുന്ന കോണ്‍ഗ്രസ് മുഖ്യ ഘടക കക്ഷിയായ മുസ്ലീം ലീഗിന് മൂക്കുകയറിടാനുള്ള രഹസ്യ തന്ത്രങ്ങള്‍ മെനഞ്ഞു തുടങ്ങി. അധികാരത്തില്‍ വരികയും ചെയ്യണം... ലീഗിനെ വരുതിക്ക് നിര്‍ത്തുകയും വേണം. ഇതാണ് കോണ്‍ഗ്രസിന്റെ മുന്നിലെ പ്രധാന വെല്ലുവിളി. കോണ്‍ഗ്രസ് മുസ്ലീം ലീഗിന്റെ തടവറയിലാണന്ന ആക്ഷേപം നിലനില്‍ക്കെ തന്നെ ലീഗിനെതിരെയുള്ള പല ആരോപണങ്ങളും കോണ്‍ഗ്രസിന്റെ പ്രതിച്ഛായയെ ബാധിക്കുന്നത് ഹൈക്കമാന്റ് തിരിച്ചറിഞ്ഞിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും കൂടുതല്‍ മന്ത്രി സ്ഥാനങ്ങളും സ്വപ്‌നം കാണുന്ന മുസ്ലീം ലീഗ് ഇത്തവണ അപ്രതീക്ഷിത അട്ടിമറികളൊന്നും നടന്നില്ലെങ്കില്‍ ഇരുപതിലധികം സീറ്റുകള്‍ നേടുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. അങ്ങനെ വരുന്ന ലീഗിനെ ഫലപ്രദമായി പ്രതിരോധിക്കണമെങ്കില്‍ കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ ഇരട്ടിയിലധികം സീറ്റുകള്‍ ഉണ്ടാവണം. അതിനുള്ള നീക്കമാണ് പാര്‍ട്ടി ഇപ്പോള്‍ നടത്തുന്നത്. കുറഞ്ഞത് 50 സീറ്റാണ് ലക്ഷ്യം. ഇത് ഹൈക്കമാന്‍ഡ് മുന്നോട്ട് വെച്ച ഫോര്‍മുലയാണ്. ഉമ്മന്‍ ചാണ്ടിയുടെ വരവോടെ പല രാഷ്ട്രീയ സമവാക്യങ്ങളും കോണ്‍ഗ്രസിന് അനുകൂലമായി തിരുത്തി എഴുതപ്പെടുന്നുണ്ട്. അത്തരം ആനുകൂല്യങ്ങള്‍ വാങ്ങി ഭരണത്തിലെത്തിയാല്‍ മുസ്ലീം ലീഗിനെ നിര്‍ത്തേണ്ടിടത്ത് നിര്‍ത്തേണ്ടതായും വരും. അതിനാല്‍ പരമാവധി സീറ്റില്‍ വിജയിക്കുക എന്നതിനാണ് മുഖ്യ പരിഗണന. ഗ്രൂപ്പ് താല്‍പര്യങ്ങള്‍ ഒരു പരിധിവിട്ട് നടക്കില്ല. അക്കാര്യം രാഹുല്‍ ഗാന്ധി നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എ ക്ലാസ്, ബി ക്ലാസ്, സി ക്ലാസ് എന്നിങ്ങനെ മൂന്ന് കാറ്റഗറിയായി തിരിച്ചാണ് കോണ്‍ഗ്രസ് ഇത്തവണ സീറ്റ് വിഭജനം നടത്തുന്നത്. ഏറ്റവും ജയസാധ്യതയുള്ള എ ക്ലാസില്‍ 50 മണ്ഡലങ്ങളാണുള്ളത്. ഈ മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള താര പ്രചാരകര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കടുത്ത മത്സരം കാഴ്ച്ചവെച്ചാല്‍ ജയിക്കാവുന്ന മണ്ഡലങ്ങളെ ബി ക്ലാസിലും ഇടത് കോട്ടകളെ സി ക്ലാസിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സി ക്ലാസില്‍ പൊതുസമ്മതരെ ഇറക്കിയുള്ള പരീക്ഷണത്തിനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. എ ക്ലാസ് മണ്ഡലങ്ങളെപ്പറ്റിയും അവിടങ്ങളില്‍ വിജയിക്കാന്‍ സാധ്യതയുള്ളവര്‍ ആരാണ് എന്നത് സംബന്ധിച്ചും ഹൈക്കമാന്റ് നിര്‍ദേശപ്രകാരം മൂന്ന് സ്വകാര്യ ഏജന്‍സികള്‍ പഠനം നടത്തി രാഹുല്‍ ഗാന്ധിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇത് നിര്‍ണായകമാകും. ഗ്രൂപ്പ് സാധ്യതകള്‍ പരിഗണിക്കുകയേയില്ല. പകരം ജയിക്കുന്ന സ്ഥാനാര്‍ത്ഥിയാണോ എന്ന് മാത്രം പരിശോധിക്കും. ചിലപ്പോള്‍ സിറ്റിംഗ് എംഎല്‍എമാര്‍ പോലും മാറേണ്ടതായും വരും. ചില സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളും രംഗപ്രവേശം ചെയ്യാം. എന്തായാലും സുരക്ഷിത മണ്ഡലങ്ങളില്‍ ചെറുപ്പക്കാര്‍ക്ക് പ്രാധിനിത്യമുണ്ടാകും.

ജയ്‌മോന്‍ ജോസഫ്‌


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.