ലക്ഷ്യം മറ്റൊരു പദവി: ബിസിസിഐ തലപ്പത്ത് നിന്ന് ജയ് ഷാ ഒഴിയുന്നു

ലക്ഷ്യം മറ്റൊരു പദവി: ബിസിസിഐ തലപ്പത്ത് നിന്ന് ജയ് ഷാ ഒഴിയുന്നു

മുംബൈ: ബിസിസിഐ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാകാന്‍ ജയ് ഷാ തയ്യാറെടുക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ചെയര്‍മാന്‍ സ്ഥാനം ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് വിവരം. ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ വേണ്ടിയാണ് ബിസിസിഐ സെക്രട്ടറി സ്ഥാനം രാജിവെക്കാന്‍ അദേഹം തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 2020 മുതല്‍ ഗ്രേഗ് ബാര്‍ക്‌ലേ ആണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍.

ഈ മാസം ഐസിസിയുടെ വാര്‍ഷിക സമ്മേളനം ശ്രീലങ്കയിലെ കൊളംബോയിലാണ് ചേരുന്നത്. അതിന് മുമ്പ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ജയ് ഷാ മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായേക്കും. ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആവിഷ്‌കരിക്കേണ്ട നയം വാര്‍ഷിക സമ്മേളനത്തില്‍ തീരുമാനിക്കും. ഈ വര്‍ഷം നവംബറിലാണ് ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുക.

ഇന്ത്യയില്‍ ക്രിക്കറ്റ് തലപ്പത്ത് 2019 മുതല്‍ ജയ് ഷാ പ്രവര്‍ത്തിക്കുന്നുണ്ട്. ഐ.സി.സി ചെയര്‍മാനായി ജയ്ഷാ തിരഞ്ഞെടുക്കപ്പെട്ടാല്‍ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായി അദേഹം മാറും. അതേസമയം ഈ വിഷയത്തില്‍ ബിസിസിഐയോ ജയ് ഷായോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ബിസിസിഐ തലപ്പത്ത് മികച്ച പ്രകടനമാണ് ജയ് ഷാ കാഴ്ചവയ്ക്കുന്നതെന്ന് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെ അഭിപ്രായപ്പെട്ടിരുന്നു. ജയ് ഷാ വളരെ നല്ല രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നുവെന്നും എന്നാല്‍ രാഷ്ട്രീയവല്‍കരിക്കുന്നവര്‍ അദേഹത്തിന് അര്‍ഹിക്കുന്ന അഭിനന്ദനം നല്‍കുന്നില്ലെന്നും സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.