ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍; ഔദ്യോഗിക പ്രഖ്യാപനം നടത്തി ബിസിസിഐ

ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍; ഔദ്യോഗിക പ്രഖ്യാപനം നടത്തി ബിസിസിഐ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. 2027 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് വരെയാണ് ഗൗതം ഗംഭീറിന്റെ കാലാവധി.

വെസ്റ്റിന്‍ഡീസിലും യുഎസ്എയിലുമായി കഴിഞ്ഞ മാസം സമാപിച്ച ട്വന്റി 20 ലോകകപ്പോടെ രാഹുല്‍ ദ്രാവിഡ് സ്ഥാനമൊഴിഞ്ഞിരുന്നു. ഇതിന് പകരക്കാരനായിട്ടാണ് ഗംഭീറിന്റെ നിയമനം. ഗംഭീര്‍ മുഖ്യ ഉപദേഷ്ടാവായിരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎല്ലില്‍ കിരീടം നേടിയതാണ് ഗംഭീറിന്റെ ഇന്ത്യന്‍ പരിശീലകസ്ഥാനത്തേക്കുള്ള നിയമനത്തില്‍ നിര്‍ണായകമായത്.

2016 വരെ മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യക്കായി കളിച്ചിട്ടുള്ള ഗംഭീര്‍ 2007 ലെ ട്വന്റി 20 ലോകകപ്പ്, 2011 ലെ ഏകദിന ലോകകപ്പ് എന്നിവ വിജയിച്ച ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു. രണ്ട് ലോകകപ്പിലും ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനമാണ് ഗംഭീര്‍ പുറത്തെടുത്തത്. രണ്ട് ലോകകപ്പ് ഫൈനലുകളിലും ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ഗംഭീര്‍ ആയിരുന്നു.

പരിശീലകനായി ഗംഭീര്‍ തന്നെ സ്ഥാനമേല്‍ക്കുമെന്ന് നേരത്തെ തന്നെ തീരുമാനമായിരുന്നുവെങ്കിലും ശമ്പളം സംബന്ധിച്ച ചര്‍ച്ചകള്‍ നീണ്ടതാണ് പ്രഖ്യാപനം വൈകാന്‍ കാരണം. മുന്‍ താരം ഡബ്ല്യു.വി രാമന്‍ ഗൗതം ഗംഭീര്‍ എന്നിവരാണ് പരിശീലകനാകാനുള്ള അഭിമുഖത്തില്‍ പങ്കെടുത്തത്.

ഈ മാസം അവസാനം നടക്കുന്ന ശ്രീലങ്കന്‍ പര്യടനമായിരിക്കും ഗംഭീറിന് മുന്നിലുള്ള ആദ്യ വെല്ലുവിളി. നേരത്തെ ട്വന്റി 20 ലോകകപ്പ് വിജയത്തോടെ ഈ ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ച വിരാട് കൊഹ്ലി, രോഹിത് ശര്‍മ്മ എന്നിവരില്ലാതെയാണ് ഗംഭീറിന്റെ ആദ്യ പര്യടനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.