റോസ മിസ്റ്റിക്ക മാതാവിന്റെ സന്ദേശങ്ങൾക്ക് വത്തിക്കാന്റെ അംഗീകാരം

റോസ മിസ്റ്റിക്ക മാതാവിന്റെ സന്ദേശങ്ങൾക്ക് വത്തിക്കാന്റെ അംഗീകാരം

വത്തിക്കാൻ സിറ്റി: ഇറ്റലിയിലെ മോന്തേക്യാരി എന്ന സ്ഥലത്ത് പിയറിന ഗില്ലി എന്ന നഴ്സിന് ലഭിച്ച റോസ മിസ്റ്റിക്ക മാതാവിന്റെ ദർശനങ്ങൾക്ക് വത്തിക്കാന്റെ അം​ഗീകാരം. സഭയുടെ ദൈവശാസ്ത്രത്തിനോ ധാർമികതയ്‌ക്കോ വിരുദ്ധമായതൊന്നുമില്ല എന്ന് വത്തിക്കാൻ വ്യക്തമാക്കി. ഫ്രാൻസിസ് മാർപാപ്പയുടെ അംഗീകാരത്തോടെ വിശ്വസകാര്യങ്ങൾക്കായുള്ള ഡിക്കാസ്റ്ററി തലവൻ കർദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് ബ്രെസ്‌കിയ രൂപത ബിഷപ്പിനയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

73 വർഷങ്ങൾക്ക് മുൻപ് 1947ലെ ഒരു വസന്തകാലത്താണ് ലൊംബാർഡി പ്രവിശ്യയിലെ മോന്തേക്യാരി എന്ന ചെറുപട്ടണത്തിലെ ആശുപത്രിച്ചാപ്പലിൽ പ്രാർഥിച്ചുകൊണ്ടിരുന്ന പിയെറിന ഗില്ലി എന്ന നഴ്‌സിന് പരിശുദ്ധ അമ്മ, ‘റോസാ മിസ്റ്റിക്കാ മാതാവ്’ എന്ന പേരിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ദുഖിതയായി കാണപ്പെട്ട അമ്മയുടെ ഹൃദയം തുളച്ചുകൊണ്ട് മൂന്നു വാളുകൾ കടന്നുപോകുന്നതായിട്ടാണ് അന്ന് കാണപ്പെട്ടത്. എന്നാൽ അതേവർഷം ജൂലൈ 13-ന് ശുഭ്ര വസ്ത്രം ധരിച്ചുകൊണ്ടു പ്രത്യക്ഷപ്പെട്ട അമ്മയുടെ നെഞ്ചിൽ വാളുകൾക്കുപകരമുണ്ടായിരുന്നത് വെള്ള, ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള മൂന്നു റോസാപ്പൂക്കളായിരുന്നു.

യേശുവിന്റെയും എല്ലാവരുടെയും അമ്മയായ മറിയമാണ് താനെന്ന് വെളിപ്പെടുത്തിയ മാതാവ് എല്ലാ വർഷവും ജൂലൈ 13ന് റോസ മിസ്റ്റിക്ക മാതാവിന്റെ തിരുനാളാഘോഷിക്കണം എന്നും ഈ മരിയൻ ഭക്തി വൈദികരുടെ ഇടയിലും എല്ലാ സന്യാസഭവനങ്ങളിലും പ്രചരിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.1947ൽ അഞ്ച് തവണ കൂടെ മാതാവ് ഗില്ലിക്ക് പ്രത്യക്ഷപ്പെട്ടു. അമലോത്ഭവ മാതാവിന്റെ തിരുനാൾദിനമായ ഡിസംബർ എട്ടിന് പ്രത്യക്ഷപ്പെട്ടപ്പോൾ റോസ മിസ്റ്റിക്ക എന്ന പേരിലറിയപ്പെടാനുള്ള തന്റെ ആഗ്രഹവും എല്ലാ ഡിസംബർ എട്ടിനും ഉച്ചക്ക് ലോകത്തിന് വേണ്ടിയുള്ള കൃപയുടെ മണിക്കൂർ ആചരിക്കുവാനുള്ള ആഗ്രഹവും മാതാവ് വ്യക്തമാക്കി.

പിന്നീട് ദീർഘകാലത്തെ ഇടവേളക്ക് ശേഷം 1966 ഫൊണ്ടാനെല്ലയിൽ വച്ചാണ് മാതാവ് ഗില്ലിക്ക് പ്രത്യക്ഷപ്പെടുന്നത്. അവിടെ ‘കൃപയുടെ ഫൗണ്ടൻ’ എന്ന പേരിലുള്ള ഒരു അത്ഭുത അരുവി മാതാവ് ആശിർവദിച്ചു. മാതാവിന്റെ ആവശ്യപ്രകാരം ഗില്ലി മണ്ണിൽ ചുംബിച്ചപ്പോൾ അവിടെ നിന്ന് അത്ഭുതകരമായി ഒരുറവ പൊട്ടി പുറപ്പെടുകയായിരുന്നു. അവിടെ ഒരു കുരിശ് നാട്ടുവാനും ആ ഉറവയിൽ നിന്ന് വെള്ളം കുടിക്കുന്നതിന് മുമ്പ് രോഗികളും അല്ലാത്തവരുമായ എല്ലാ മക്കളും തങ്ങളുടെ പാപത്തിന് ഈശോയോട് ക്ഷമ ചോദിച്ചുകൊണ്ട് സ്‌നേഹത്തിന്റെ ചുംബനം നൽകാനും മാതാവ് ആവശ്യപ്പെട്ടു. ഇതിന് ശേഷവും മാതാവിന്റെ നിരവധി സ്വകാര്യ പ്രത്യക്ഷപ്പെടലുകളും വെളിപാടുകളും ഗില്ലിക്ക് ലഭിച്ചിരുന്നു. 2019ൽ മരിയൻ പ്രത്യക്ഷീകരണം നടന്ന സ്ഥലം രൂപത ഏറ്റെടുത്തു.

ഈ ദർശനങ്ങൾ സഭാപഠനങ്ങൾക്കോ സാന്മാർഗികമൂല്യങ്ങൾക്കോ എതിരല്ലെന്ന് കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. എന്നിരുന്നാലും തെറ്റിധാരണകൾ ഒഴിവാക്കുന്നതിനായി ദർശനത്തിന്റെ ഓരോ പ്രത്യേകതകൾ ഇനിയും വ്യക്തതകൾക്ക് വിധേയമാക്കേണ്ടതിന്റെ ആവശ്യകതയും കത്തിൽ സൂചിപ്പിക്കുന്നുണ്ട്. ദർശനം കിട്ടിയ വ്യക്തിയുടെ എളിമയാർന്ന ജീവിതവും ലാളിത്യവും കത്തിൽ അടിവരയിട്ട് പറയുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.