'രക്ഷപ്പെട്ടാല്‍മതിയെന്നാണ് യുവാക്കള്‍ക്ക്': വിദ്യാര്‍ഥി കുടിയേറ്റം സഭയില്‍ അവതരിപ്പിച്ച് മാത്യൂ കുഴല്‍നാടന്‍; അങ്ങനയല്ലെന്ന് വാദിച്ച് മന്ത്രി ആര്‍.ബിന്ദു

'രക്ഷപ്പെട്ടാല്‍മതിയെന്നാണ് യുവാക്കള്‍ക്ക്': വിദ്യാര്‍ഥി കുടിയേറ്റം സഭയില്‍ അവതരിപ്പിച്ച് മാത്യൂ കുഴല്‍നാടന്‍; അങ്ങനയല്ലെന്ന് വാദിച്ച് മന്ത്രി ആര്‍.ബിന്ദു

തിരുവനന്തപുരം: കേരളത്തിലെ ഭാവിതലമുറ ഇവിടെ നില്‍ക്കാനാഗ്രഹിക്കുന്നില്ലെന്നും എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്ന ചിന്തയാണ് അവര്‍ക്കുള്ളതെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കേരളത്തിലെ വിദ്യാര്‍ഥികളുടെ വിദേശ കുടിയേറ്റം സംബന്ധിച്ച അടിയന്തര പ്രമേയത്തിന് നിയമസഭയില്‍ നോട്ടീസ് നല്‍കി സംസാരിക്കുകയായിരുന്നു അദേഹം.

എന്നാല്‍ കാര്യങ്ങള്‍ അങ്ങനയല്ലെന്ന് വ്യക്തമാക്കിയ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു കേരളം മഹാമോശമാണ് എന്ന പ്രചാരണം എംഎല്‍എ നടത്താന്‍ പാടില്ലെന്നും പറഞ്ഞു. വിദേശത്തേക്ക് എത്തിപ്പെടുന്ന എല്ലാവര്‍ക്കും മികച്ച ജോലി കിട്ടുന്നില്ലെന്നും ഈ യാഥാര്‍ഥ്യം വിദ്യാര്‍ഥികളെ പറഞ്ഞ് മനസിലാക്കാനാണ് ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. കേരളമെന്ന് കേട്ടാല്‍ തിളക്കണം ചോര ഞരമ്പുകളിലെന്ന് പാടിയിട്ടുള്ള പൂര്‍വികരാണ് നമുക്കുള്ളതെന്നും മന്ത്രി ഓര്‍മ്മപ്പെടുത്തി.

പത്താം ക്ലാസ് കഴിഞ്ഞിറങ്ങുന്നവര്‍ക്ക് നേരെ ചൊവ്വെ എഴുത്തും വായനയും അറിയില്ലെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത് യാഥാര്‍ഥ്യമാണെന്ന് മാത്യു കുഴല്‍നാടന്‍ പ്രസംഗത്തിനിടെ പറഞ്ഞു.

കേരളത്തിലെ ഭാവിതലമുറ ഇവിടെ നില്‍ക്കാനാഗ്രഹിക്കുന്നില്ല. ഇവിടെനിന്ന് എങ്ങനെയെങ്കിലും കടന്നുപോയാല്‍ രക്ഷപ്പെടുമെന്ന് ചിന്തിക്കുന്നവരാണ് 18 വയസ് മുതലുള്ള ഇപ്പോഴത്തെ തലമുറ. ഇത് ഭയനാകരമായ അവസ്ഥയാണ്. അത് ചര്‍ച്ചചെയ്യാതിരുന്നിട്ടോ അംഗീകരിക്കാതിരുന്നിട്ടോ കാര്യമില്ല. ഇന്നത്തെ തലമുറ ജീവിക്കാനാഗ്രഹിക്കുന്ന ഒരു അന്തരീക്ഷം നല്‍കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ലെന്നും കുഴല്‍നാടന്‍ വ്യക്തമാക്കി.

6000 രൂപ മുതല്‍ 10000 രൂപവരെ ശമ്പളത്തിലാണ് കേരളത്തിലെ ചെറുപ്പക്കാര്‍ ജോലി ചെയ്യുന്നത്. ശരാരശി ഒരു വര്‍ഷം ഓരോ നഗരത്തിലും ചെറുപ്പക്കാര്‍ക്ക് കിട്ടുന്ന ശമ്പള സ്‌കെയില്‍ പരിശോധിക്കുമ്പോള്‍ ബംഗളൂരുവില്‍ 9.57 ലക്ഷം രൂപ, ഹൈദരാബാദില്‍ 7.23 ലക്ഷം, പുനെയില്‍ 7.19 ലക്ഷം, മുംബൈയില്‍ 6.4 ലക്ഷം, ചെന്നൈയില്‍ 6.18 ലക്ഷം, ഡല്‍ഹിയില്‍ 6.11 ലക്ഷം, തിരുവനന്തപുരത്ത് 5.72 ലക്ഷം, കൊച്ചിയില്‍ 5.05 ലക്ഷം രൂപ എന്നിങ്ങനെയാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

കേരളത്തില്‍ മാത്രം എല്ലായിടത്തേക്കാളും കുറവ് വരാന്‍ കാരണം ഇവിടുത്തെ സാമ്പത്തിക വളര്‍ച്ച വളരെ മന്ദഗതിയിലായതാണ്. അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ എത്തുന്ന വിദേശ നിക്ഷേപം വളരെ കുറവാണ്. തൊഴിലില്ലായ്മയില്‍ ജമ്മു കാശ്മീരിനേക്കാള്‍ പിന്നിലാണ്. ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് നടിച്ചിട്ട് കാര്യമില്ല. വിദ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ ആത്മാര്‍ഥമായി ചര്‍ച്ച ചെയ്യാതിരുന്നിട്ട് കാര്യമില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

പത്താം ക്ലാസ് കഴിഞ്ഞിറങ്ങുന്നവര്‍ക്ക് നേരേചൊവ്വേ എഴുത്തും വായനയും അറിയില്ലെന്ന് നേരത്തെ വിദ്യാഭ്യാസ വകുപ്പിന് നേതൃത്വം നല്‍കുന്ന ഡിപിഐ ചൂണ്ടിക്കാട്ടിയിരുന്നു. അദേഹത്തെ അപഹസിച്ച് തള്ളി. ഇവിടെയുള്ള മന്ത്രിയും ഇതേകാര്യം പറഞ്ഞു. അദേഹത്തേയും തള്ളി പറഞ്ഞത് തെറ്റാണെന്ന് പറയിപ്പിച്ചു. മന്ത്രിക്ക് അതില്‍ ഉറച്ച് നില്‍ക്കാനുള്ള തന്റേടം ഉണ്ടായില്ല. അദേഹം പറഞ്ഞത് തെറ്റായിരുന്നില്ല. അതാണ് യാഥാര്‍ഥ്യം.

നീറ്റ് പരീക്ഷയിലെ കഴിഞ്ഞ വര്‍ഷങ്ങളിലെ കേരളത്തിലെ വിജയ ശതമാനം എടുത്ത് പരിശോധിച്ചാല്‍ മതി. പിന്നിലേക്കാണ് പോയിട്ടുള്ളത്. ഈ യാഥാര്‍ഥ്യം മുന്നില്‍ നില്‍ക്കെ കുറേ എ പ്ലസ് ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും കുഴല്‍നാടന്‍ തുറന്നടിച്ചു.

നമ്മള്‍ ഏറ്റവും മുന്‍പന്തിയിലാണെന്നാണ് മന്ത്രി പറയുന്നത്. ഐഐടിയില്‍ പ്രവേശം നേടുന്ന കേരളീയര്‍ 1.08 ശതമാനം ആണ്. മറ്റ് സംസ്ഥാനങ്ങളില്‍ പത്ത് ശതമാനത്തിനും അതിന് മുകളിലുമാണ്. ദേശീയ പരീക്ഷകളില്‍ എന്തുകൊണ്ടാണ് നമ്മള്‍ പിന്നിലാകുന്നതെന്ന് കണ്ടെത്തി പരിഹാരം കാണണം. കേരളത്തിലേക്ക് വരുമായിരുന്ന സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ പ്രത്യയശാസ്ത്ര പിടിവാശിക്കൊണ്ട് നശിപ്പിച്ചതാണ്. ഇതുമൂലം ഇത്തരം ഐടി വ്യവസായം ബംഗളൂരുവിലേക്കും ഹൈദരാബാദിലേക്കും വഴിമാറിപ്പോയി.

ആര്‍ക്കും വേണ്ടാത്ത ജാതിയും മതവും പറഞ്ഞ് ലോകം മുഴുവന്‍ വലിച്ചെറിഞ്ഞ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് നമ്മള്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുകയാണ്. നമുക്ക് നമ്മുടെ കൂടെ നിര്‍ത്താന്‍ കഴിയുന്ന ഒരു അന്തരീക്ഷം ഈ സംസ്ഥാനത്ത് ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്താണ് നമ്മള്‍ നേടാന്‍ പോകുന്നത്. കഴിവുള്ള ചെറുപ്പക്കാരൊക്കെ പുറത്തേക്ക് ഒഴുകുന്നത് തുടര്‍ന്നാല്‍ കേരളം അവസാനം വൃദ്ധ സദനമായി മാറുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

അതേസമയം കേരളത്തേക്കുറിച്ച് മാത്യു കുഴല്‍നാടന്‍ പങ്കുവെച്ച ഉത്കണഠയില്‍ നിന്ന് വ്യത്യസ്തമാണ് കാര്യങ്ങളെന്ന് മന്ത്രി ബിന്ദു മറുപടി നല്‍കി. കേരളത്തിലെ നഗരങ്ങളിലാണ് ജീവിത ഭദ്രതയുള്ളതെന്ന് കണക്കുകള്‍ ഉദ്ധരിച്ച് പറയാന്‍ സാധിക്കും. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംവിധാനമാണ് ഗ്ലോബല്‍ റാങ്കിങ്ങില്‍ ആദ്യം ഉള്‍പ്പെട്ടിരിക്കുന്നത്. അതില്‍ അഭിമാനമുണ്ട്. ഇന്ത്യ സ്‌കില്‍ റിപ്പോര്‍ട്ട് എംഎല്‍എ വായിച്ചു നോക്കണമെന്നും മന്ത്രി പറഞ്ഞു.

ഇവിടെ ചെയ്യാന്‍ കഴിയാത്ത ജോലികള്‍ വിദേശത്ത് പോയി ചെയ്യുന്നവരുണ്ട്. ഏറ്റവും മികച്ച തൊഴില്‍സാധ്യതകളിലാണ് വിദേശത്ത് മിക്കവാറും കുട്ടികള്‍ എത്തിച്ചേരുന്നതെന്നത് പൊള്ളയായ കാര്യമാണ്. വികസിത രാജ്യങ്ങളില്‍ വേണ്ടത്ര ആളുകള്‍ ഇല്ലാത്തതുകൊണ്ടാണ് നമ്മുടെ രാജ്യത്ത് നിന്ന് ആളുകളെ എടുക്കാന്‍ തയ്യാറാകുന്നതെന്നും മന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.