യുഎഇയുടെ പ്രിയ മലയാളി ഡോക്ടർക്ക് രാജ്യത്തിന്റെ ആദരം; അബുദാബിയിലെ റോഡിന് ഡോ. ജോർജ് മാത്യുവിന്റെ പേര് നൽകി യുഎഇ സർക്കാർ

യുഎഇയുടെ പ്രിയ മലയാളി ഡോക്ടർക്ക് രാജ്യത്തിന്റെ ആദരം; അബുദാബിയിലെ റോഡിന് ഡോ. ജോർജ് മാത്യുവിന്റെ പേര് നൽകി യുഎഇ സർക്കാർ

അബുദാബി: രാജ്യത്തിന്റെ ആരോഗ്യ മേഖല കെട്ടിപ്പടുക്കുന്നതിൽ നിർണായക സംഭാവനകൾ നൽകിയ അൽ ഐനിന്റെ പ്രിയ മലയാളി ഡോക്ടർ ജോർജ് മാത്യുവിന്റെ പേരിൽ അബുദാബിയിലെ റോഡ് നാമകരണം ചെയ്ത് യുഎഇ ഭരണകൂടം. 57 വർഷങ്ങളായി യുഎഇക്ക് നൽകുന്ന സേവനങ്ങൾക്കും സംഭാവനകൾക്കുമുള്ള ആദരവായാണ് പത്തനംതിട്ട തുമ്പമണ്ണിൽ വേരുകളുള്ള ഡോ. ജോർജ് മാത്യുവിനുള്ള ഈ അപൂർവ അംഗീകാരം.

അബുദാബി അൽ മഫ്രകിലെ ഷൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിക്ക് സമീപത്തുള്ള റോഡാണ് ഇനി ജോർജ് മാത്യു സ്ട്രീറ്റ് എന്നറിയപ്പെടുക. ദീഘവീക്ഷണത്തോടെ യുഎഇയ്ക്കായി പ്രവർത്തിച്ചവരെ അനുസ്‌മരിക്കാനായി പാതകൾ നാമകരണം ചെയ്യുന്നതിന്റെ ഭാഗമായി മുനിസിപ്പാലിറ്റിസ് ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പാണ് റോഡിന് ഈ പേര് നൽകിയത്.

അൽ ഐന്ൻ കാരുടെ "മത്യസ്", ആരോഗ്യമേഖലയിലെ ദീർഘദർശി

രാജ്യത്തിനു വേണ്ടി ചെയ്ത ആത്മാർത്ഥമായ സേവനങ്ങൾക്കുള്ള അംഗീകാരമായാണ് തീരുമാനത്തെ കാണുന്നതെന്ന് ഡോ. ജോർജ് പറഞ്ഞു. "ഭാവി എന്താകുമെന്ന് നോക്കാതെ കഷ്ടതകൾ അവഗണിച്ചാണ് യുഎഇയിലെത്തിയ ആദ്യകാലങ്ങളിൽ പ്രവർത്തിച്ചത്. റോഡ്, വൈദ്യതി, ജലവിതരണം എന്നിവയൊന്നും അന്നില്ലായിരുന്നു. പ്രദേശ വാസികളുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞു സഹായിക്കാനായിരുന്നു ശ്രമം. ബുദ്ധിമുട്ടുകൾ മറന്ന് രാജ്യത്തിനു വേണ്ടി നടത്തിയ സേവനങ്ങൾ തിരിച്ചറിയപ്പെടുന്നതിൽ ഏറെ സന്തോഷമുണ്ട്," അദ്ദേഹം പറഞ്ഞു.

1967ൽ 26 ആം വയസിൽ യുഎഇയിലെത്തിയത് മുതൽ തുടങ്ങിയതാണ് രാജ്യത്തിനായുള്ള ഡോ. ജോർജ് മാത്യുവിന്റെ പ്രവർത്തനങ്ങൾ. അമേരിക്കയിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾക്കിടയിൽ മിഷനറിയായ ഒരു സുഹൃത്തിൽ നിന്ന് അൽ ഐന്റെ നന്മകളെയും പ്രകൃതി ഭംഗിയയെയും പറ്റി പറഞ്ഞു കേട്ടപ്പോഴേ അദ്ദേഹം ഉറപ്പിച്ചു, ഇത് തന്നെ തട്ടകമെന്ന്. അൽ ഐനിലെ ആദ്യ സർക്കാർ ഡോക്ടർക്കായുള്ള ഭരണകൂടത്തിന്റെ തിരച്ചിലിനിടെ ജോർജ് മാത്യുവിന്റെ അപേക്ഷയെത്തി. പിന്നാലെ നിയമന അറിയിപ്പും. ഭരണാധികാരിയായിരുന്ന ഹിസ് ഹൈനസ് ഷെയ്ഖ് സായിദിന്റെ ആശീർവാദത്തോടെ ആദ്യ ക്ലിനിക്ക് തുടങ്ങി. പിന്നീടെല്ലാം അതിവേഗം. തിരിഞ്ഞു നോക്കുമ്പോൾ അഞ്ചേമുക്കാൽ പതിറ്റാണ്ട് ദൂരം. അൽ ഐനും യുഎഇയ്ക്കും ഒപ്പം ഡോ. ജോര്ജും വളർന്നു.

"അന്ന് ജനറൽ പ്രാക്ടീഷണറായാണ് സേവനം തുടങ്ങിയത്. ആൾക്കാർ എന്നെ "മത്യസ്" എന്നാണ് വിളിച്ചിരുന്നത്. ഷെയ്ഖ് സായിദിന്റെ വ്യക്തി പ്രഭാവം നേരിട്ട് കണ്ടറിയാനുള്ള അവസരം ജീവിതം തന്നെ മാറ്റി. രാഷ്ട്ര നിർമ്മാണത്തിൽ അദ്ദേഹം ദീർഘ വീക്ഷണത്തോടെ സ്വീകരിച്ച പല ഉദ്യമങ്ങളിലും പങ്കാളിയാകാനായത് ഏറെ അഭിമാനകരമാണ്. കാര്യങ്ങൾ പഠിക്കാനും സമൂഹത്തെ സഹായിക്കാനും നിരവധി അവസരങ്ങളാണ് തേടി വന്നു"

മലേറിയ അടക്കമുള്ള രോഗങ്ങളെ നേരിടാൻ അദ്ദേഹത്തെ ഷെയ്ഖ് സായിദ് ഇംഗ്ലണ്ടിൽ അയച്ചു പഠിപ്പിച്ചു. ഹോസ്പിറ്റൽ മാനേജ്‌മെന്റ് ചുമതലകൾ നൽകിയപ്പോൾ വിദഗ്ധ പഠനത്തിന് ഹാർവാർഡിലേക്ക് അയച്ചു. 1972-ൽ അൽ ഐൻ റീജിയൻ്റെ മെഡിക്കൽ ഡയറക്ടർ, 2001-ൽ ഹെൽത്ത് അതോറിറ്റി കൺസൾട്ടന്റ് തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചു. യുഎഇയിൽ ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ തുടക്കത്തിന് സാക്ഷ്യം വഹിച്ച അദ്ദേഹം എമിറേറ്റിലെ ആരോഗ്യ സേവനങ്ങളുടെ പുരോഗതിയിൽ ഗണ്യമായ സംഭാവന നൽകി.രാജ്യത്ത് ആധുനിക മെഡിക്കൽ സംസ്കാരം പ്രോത്സാഹിപ്പിച്ചു. ആരോഗ്യ മേഖയിലെ ജീവനക്കാരുടെ വിദ്യാഭ്യാസത്തിലും പരിശീലനത്തിലും സുപ്രധാന പങ്ക് വഹിച്ചു. അടുത്ത് പ്രവർത്തിച്ചവരുടെ സ്നേഹവും വിശ്വാസവും ആർജിച്ച ഡോ. മാത്യു ഇപ്പോഴും അൽഐൻ സമൂഹത്തിന് മെഡിക്കൽ വിവരങ്ങളുടെ വിലപ്പെട്ട ഉറവിടമാണ്.

അൽ നഹ്യാൻ കുടുംബത്തെ ആകെ സേവിക്കാനുള്ള അവസരം അദ്ദേഹത്തിന് കൈവന്നു. അടുത്തിടെ അന്തരിച്ച ഷെയ്ഖ് താനൂൻ ബിൻ മുഹമ്മദ് ബിൻ ഖലീഫ അൽ നഹ്യാനുമായി (അൽഐന് മേഖലയിലെ അബുദാബി ഭരണാധികാരിയുടെ പ്രതിനിധി) ഡോ. ജോർജിനുണ്ടായിരുന്നത് മികച്ച അടുപ്പം. "അദ്ദേഹത്തിനു കീഴിൽ 57 വര്ഷം ജോലി ചെയ്യാനായത് വലിയ ഭാഗ്യം. അതിനുള്ള അംഗീകാരം കൂടിയാകാം ഇപ്പോഴത്തെ അംഗീകാരം."

യുഎഇ നൽകിയ സമാനതകളില്ലാത്ത ബഹുമതികൾ

സമ്പൂർണ യുഎഇ പൗരത്വം, സാമൂഹ്യ സേവനത്തിനുള്ള പരമോന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡ് എന്നിവയിലൂടെ ഡോ. ജോർജ് മാത്യുവിന്റെ സംഭാവനകളെ രാജ്യം നേരത്തെ തന്നെ ആദരിച്ചിട്ടുണ്ട്. പത്തു വർഷം മുൻപ് മകളുടെ വിദ്യാഭ്യാസം പൂർത്തിയായപ്പോൾ നാട്ടിലേക്ക് മടങ്ങാൻ ആലോചിച്ചതാണ്. അപ്പോഴാണ് യുഎഇ ഭരണാധികാരികളുടെ നിർദ്ദേശ പ്രകാരം അദ്ദേഹത്തിനും കുടുംബത്തിനും പൗരത്വം നൽകിയത്.

എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും സഹിതം പൗരത്വം നൽകുകയെന്ന അപൂർവ നടപടിയിലൂടെ രാജ്യത്തിനായി ഡോ. ജോർജ് നൽകിയ സംഭാവനകൾ അടയാളപ്പെടുത്തുകയായിരുന്നു യുഎഇ. സേവനങ്ങൾ അംഗീകരിക്കുന്നതിൽ രാജ്യത്തിന്റെ ഭരണാധികാരികളോട് നന്ദി പറയുകയാണ് അദ്ദേഹം. 84 ആം വയസിലും സേവന നിരതനായ ഡോ. ജോർജ് പ്രസിഡൻഷ്യൽ ഡിപ്പാർട്ട്മെന്റിനു കീഴിലുള്ള പ്രൈവറ്റ് ഹെൽത്തിന്റെ തലവൻ ഡോ. അബ്ദുൽ റഹീം ജാഫറിനൊപ്പമാണ് നിലവിൽ പ്രവർത്തിക്കുന്നത്.

"ഈ രാജ്യം നന്നാവട്ടെ. ഇവിടെ ആയതുകൊണ്ട് ജാതി ഭേദങ്ങൾ ഇല്ലാതെ എല്ലാവരെയും സേവിക്കാനായി. ഈ രാജ്യത്തിനും ഇവിടത്തെ പൗരന്മാർക്കും വേണ്ടി എന്തൊക്കെ ചെയ്യാൻ കഴിയുമോ അതൊക്കെ ചെയ്യാൻ ജീവിച്ചിരിക്കുന്ന കാലത്തോളം തയ്യാറാണ്. സമയം ദൈവം തരട്ടെ എന്നാണ് പ്രാർത്ഥന."

ഓർമകൾ തന്നെ ചരിത്രം

വെല്ലുവളികളെ മറികടന്ന് യുഎഇയുടെ ആരോഗ്യ മേഖലയ്ക്ക് അടിത്തറ പാകാനുള്ള പ്രവർത്തനങ്ങളുടെ മുൻപന്തിയിൽ നിന്ന ഡോ. ജോർജ് മാത്യുവിന്റെ ഓർമ്മകൾ യുഎഇയുടെ ചരിത്രത്തിന് സമാന്തരമായാണ് സഞ്ചരിക്കുന്നത്. ഷെയ്ഖ് സായിദിനൊപ്പമുള്ള ഏറ്റവും ആദ്യം നിമിഷം വരെ ഫോട്ടോഗ്രാഫിനെക്കാൾ തെളിമയോടെ ഇന്നും മനസിൽ സൂക്ഷിക്കുന്നു. അതിൽ ഏറെ പ്രിയപ്പെട്ട ഒന്ന് താൻ നല്ല ഡോക്ടറാണെന്ന് മറ്റൊരാളോട് ഷെയ്ഖ് സായിദ് പറയുന്നതിന് സാക്ഷിയായ മുഹൂർത്തമാണ്.

1969ലെ ആ അനുഭവം ഇങ്ങനെ:"ഒരു ദിവസം രാത്രി അൽ ഐനിലെ മജ്‌ലിസിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പ്രദേശവാസിയായ ഒരാൾ. വീട്ടിലേക്ക് നടന്നു കയറുമ്പോൾ മേൽക്കൂരയിലെ പലക പൊടുന്നനെ പൊട്ടി താണു. ഇത് സന്ദർശകന്റെ നെറ്റിയിലാണ് ഇടിച്ചത്. ഒരു ലാൻഡ്‌റോവറിന്റെ പിറകിൽ ഇരുത്തി ആളെ അവിടെയുണ്ടായിരുന്നവർ ക്ലിനിക്കിൽ എത്തിച്ചു. വിവരം അറിഞ്ഞതോടെ സർജറി സാമഗ്രികളടങ്ങിയ ബാഗെടുത്തു ഞാൻ വീടിനു പുറത്തിറങ്ങി. വൈദ്യതിയില്ലാത്തതിനാൽ ഇരുട്ടത്ത് എന്താണെന്ന് മനസിലാക്കാൻ ആദ്യം ബുദ്ദിമുട്ടി.

പരിക്കേറ്റയാളെ ഇരുത്തിയ വണ്ടിയുടെ പിറകിൽ മറ്റൊരു ലാൻഡ്റോവർ കൂടി ഉണ്ടായിരുന്നു. അതിന്റെ ഹെഡ് ലൈറ്റ് തെളിക്കാൻ പറഞ്ഞു. ആ വെളിച്ചത്തിൽ ആളെ മുന്നിലെ വണ്ടിയുടെ പിറകിൽ കിടത്തി ഞാൻ മുറിവ് തുന്നിക്കെട്ടി. 21 സ്റ്റിച്ചുകൾ. 15 ദിവസം കഴിഞ്ഞു വീണ്ടും കാണിക്കാൻ വന്നപ്പോൾ പരിക്കേറ്റയാളുടെ മുറിവുകൾ എല്ലാം ഉണങ്ങി സുഖം പ്രാപിച്ചിരിക്കുന്നു. അടുത്ത ദിവസം മജ്‌ലിസിൽ ഇരിക്കുമ്പോൾ മത്യസിന്റെ ചികിത്സ കാരണം എന്റെ പരിക്ക് മാറിയെന്ന് അയാൾ ഷെയ്ഖ് സായിദിനോട് പറഞ്ഞു. അദ്ദേഹം തല പരിശോധിച്ച് ഭേദമായെന്ന് ഉറപ്പാക്കിയ ശേഷം പറഞ്ഞു, 'അവൻ നല്ല ഡോക്ടറാ'. ഞാൻ കൂടി കേൾക്കെയുള്ള അദ്ദേഹത്തിന്റെ വാക്കുകൾ വലിയ പ്രചോദനമാണ് നൽകിയത്."

തുമ്പമൺ ബന്ധം

പത്തനംതിട്ട തുമ്പമണിലെ പടിഞ്ഞാറ്റിടത്ത് വീട്ടിലാണ് ജോർജ് മാത്യു വളർന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് 1965ൽ എംബിബിഎസ്‌ പാസായി. പഠനം പൂർത്തിയായ ഉടൻ വിവാഹം. തിരുവല്ല സ്വദേശിനി വത്സയാണ്‌ ഡോക്ടറുടെ പ്രിയതമ. കുവൈറ്റിൽ നിന്ന് ഇരുവരും ഒരുമിച്ചാണ് യുഎഇയിലേക്ക് എത്തിയത്. അൽ ഐനിൽ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ, ഇന്റർനാഷണൽ ലേഡീസ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ പ്രവർത്തനം സജീവമാക്കിയത് ശ്രീമതി വൽസയാണ്. മകൾ മറിയം (പ്രിയ) അൽ ഐൻ ഗവർണറുടെ ഓഫീസിൽ ജോലി ചെയ്യുന്നു. മാതാപിതാക്കളുടെ മരണ ശേഷം നാട് സന്ദർശിക്കാനായിട്ടില്ല.

അൽഐനിലെ പ്രവർത്തനം ശക്തമാക്കാൻ ഡോ. ഷംഷീർ വയലിൽ അടക്കമുള്ള ആരോഗ്യ മേഖലയിലെ മലയാളി സംരംഭകർക്ക് ഡോ. ജോർജ് മാത്യു നൽകുന്ന പിന്തുണയും മാർഗനിർദേശവും ചെറുതല്ല. പ്രതീക്ഷകളുമായി യുഎഇയിലെത്തുന്ന പ്രവാസികൾക്കായി അദ്ദേഹത്തിന് നൽകാനുള്ള വിലയേറിയ വാക്കുകളിതാണ്: "നൂറ് ശതമാനം ആത്മാർത്ഥതയോടെ പ്രവർത്തിക്കുക, എങ്കിൽ വിജയിക്കാം."


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.