കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി: കുട്ടികളില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണം ഉടന്‍

കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി:  കുട്ടികളില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണം ഉടന്‍

ന്യൂഡല്‍ഹി: കുട്ടികളില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ പരീക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചതായി ഭാരത് ബയോടെക്. ഇതുപ്രകാരം രണ്ട് മുതല്‍ 18 വയസു വരെ പ്രായമുള്ളവരില്‍ പരീക്ഷണം നടത്തുമെന്ന് ഭാരത് ബയോടെക് അറിയിച്ചു. ഫെബ്രുവരി അവസാനത്തോടെ കൊവാക്‌സിന്‍ പരീക്ഷണം തുടങ്ങും. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനാരംഭിച്ച സാഹചര്യത്തിലാണിത്.

മഹാരാഷ്ട്ര നാഗ്പുരിലെ കുട്ടികള്‍ക്കായുള്ള ഒരു പ്രമുഖ ആശുപത്രിയില്‍ വാക്സിന്‍ പരീക്ഷണത്തിനുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചു. ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ പരീക്ഷണം നടത്തുന്നത് ലോകത്തില്‍ ആദ്യമാണെന്ന് കുട്ടികളിലെ വാക്സിന്‍ പരീക്ഷണങ്ങളുടെ ഏകോപനം നിയന്ത്രിക്കുന്ന ഡോക്ടര്‍ ആശിഷ് താജ്നെ അറിയിച്ചു. കോവിഡിനെതിരായ പോരാട്ടത്തില്‍ ഇത് ഒരു നിര്‍ണായകമായ പരീക്ഷണമാണ്. 2-5, 6-12, 12-18 പ്രായവിഭാഗങ്ങളായി തിരിച്ച് നിശ്ചിത മാനദണ്ഡങ്ങളോടെയാണ് പരീക്ഷണങ്ങളെന്ന് ഡോ. താജ്നെ വ്യക്തമാക്കി.

പതിനാറ് വയസിന് തഴെയുള്ള കുട്ടികളിലെ വാക്സിന്‍ പരീക്ഷണത്തിന് പ്രവര്‍ത്തന രഹിതമായ വൈറസ് അടിസ്ഥാനമാക്കി നിര്‍മിച്ച വാക്സിനുകള്‍ ഉപയോഗിക്കണമെന്ന് അന്താരാഷ്ട്ര ചട്ടങ്ങളില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍ കോവാക്സിന്‍ മാത്രമാണ് കുട്ടികളിലെ പരീക്ഷണങ്ങള്‍ക്ക് അര്‍ഹമായിട്ടുള്ളത്. 12 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ജനുവരി ആദ്യം അനുമതി നല്‍കിയെങ്കിലും സര്‍ക്കാര്‍ പിന്നീട് ഇതിന് അനുമതി നിഷേധിച്ചിരുന്നു.

കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് വാക്‌സിന്‍ വിതരണം വേഗത്തിലാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. പല സംസ്ഥാനങ്ങളിലും രജിസ്റ്റര്‍ ചെയ്തവരില്‍ 50 ശതമാനം പേര്‍ മാത്രമേ വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തുന്നുള്ളു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്നണിപ്പോരാളികള്‍ക്കും നല്‍കിയ ശേഷം 50 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.