'ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗം; സ്മൃതി ഇറാനിയെ പരിഹസിക്കുന്നത് അവസാനിപ്പിക്കണം': പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി

'ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗം; സ്മൃതി ഇറാനിയെ പരിഹസിക്കുന്നത് അവസാനിപ്പിക്കണം': പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ വിലക്കി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അമേഠിയിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സ്മൃതി ഇറാനിക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളില്‍ തുടരുന്ന പരിഹാസത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ഇടപെടല്‍.

ഇന്നലെയാണ് സ്മൃതി ഇറാനി ഡല്‍ഹിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞത്. ഇതിന് പിന്നാലെ രാഹുല്‍ വസതി ഒഴിഞ്ഞ ചിത്രങ്ങള്‍ ഉള്‍പ്പടെ പങ്കുവച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്മൃതിയെ പരിഹസിച്ച് നിരവധി ട്രോളുകളും വീഡിയോകളും പങ്കുവച്ചിരുന്നു.

സ്മൃതി ഇറാനിക്കെതിരെ അപകീര്‍ത്തികരമായ വാക്കുകളും പരിഹസിക്കുന്ന വീഡിയോകളും പ്രചരിപ്പിക്കുന്നതില്‍ നിന്ന് പ്രവര്‍ത്തകര്‍ വിട്ടു നില്‍ക്കണമെന്ന് രാഹുല്‍ എക്സില്‍ കുറിച്ചു. ജയവും തോല്‍വിയും ജീവിതത്തില്‍ ഉണ്ടാകുന്നതാണ്. ആരെയും പരഹസിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടാവരുതെന്നും അത് ബലഹീനതയുടെ ലക്ഷണമാണെന്നും രാഹുല്‍ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമേഠി മണ്ഡലത്തില്‍ നിന്നും സ്മൃതി ഇറാനി കോണ്‍ഗ്രസിലെ കിഷോരി ലാല്‍ ശര്‍മയോട് ഒന്നരലക്ഷം വോട്ടിന് പരാജയപ്പെട്ടിരുന്നു. പരാജയത്തിന് പിന്നാലെ മണ്ഡലത്തില്‍ തന്നെ തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് സ്മൃതി പറഞ്ഞിരുന്നു.

2019 ല്‍ രാഹുലിനെ പരാജയപ്പെടുത്തിയാണ് സ്മൃതി ഇറാനി മണ്ഡലം പിടിച്ചെടുത്തത്. പിന്നീട് രാഹുല്‍ ഗാന്ധിയെ  പൊതുജന മധ്യത്തില്‍ പരിഹസിക്കുന്ന പല പരാമര്‍ശങ്ങളും സ്മൃതി ഇറാനി നടത്തിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.