ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി; 13 ൽ 11 ഉം ഇന്ത്യാ മുന്നണി നേടി

ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി; 13 ൽ 11 ഉം ഇന്ത്യാ മുന്നണി നേടി

ന്യൂഡല്‍ഹി: ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ഇന്ത്യാ സഖ്യത്തിനും നേട്ടം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ എന്‍ഡിഎയ്ക്കും ബിജെപിക്കും കനത്ത തിരിച്ചടി. 13 ല്‍ 11 സീറ്റുകളിലും ഇന്ത്യാ സഖ്യ പാര്‍ട്ടികള്‍ വിജയിച്ചപ്പോള്‍ ഒരിടത്ത് മാത്രമാണ് എന്‍ഡിഎയ്ക്ക് വിജയിക്കാനായത്.

റുപൗലി (ബിഹാര്‍), റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല (പശ്ചിമ ബംഗാള്‍), വിക്രവണ്ടി (തമിഴ്നാട്), അമര്‍വാര (മധ്യപ്രദേശ്), ബദരീനാഥ്, മംഗളൂര്‍ (ഉത്തരാഖണ്ഡ്), ജലന്ധര്‍ വെസ്റ്റ് (പഞ്ചാബ്), ഡെഹ്റ, ഹാമിര്‍പുര്‍, നലഗഢ് (ഹിമാചല്‍ പ്രദേശ്) എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. പശ്ചിമ ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു. ഇതില്‍ മൂന്ന് സീറ്റ് ബിജെപിയുടേതും ഒരു സീറ്റ് തൃണമൂല്‍ കോണ്‍ഗ്രസിന്റെയും സിറ്റിങ് സീറ്റുകളായിരുന്നു. തമിഴ്നാട് ഉപതിരഞ്ഞെടുപ്പിൽ ഡിഎംകെ തങ്ങളുടെ സിറ്റിങ് സീറ്റ് നിലനിർത്തി. സിറ്റിങ് ഡിഎംകെ എംഎല്‍എ പുകഴേന്തിയുടെ നിര്യാണത്തെ തുടര്‍ന്നാണ് തമിഴ്‌നാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്.

മധ്യപ്രദേശിൽ നടന്ന ഒരു സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് തങ്ങളുടെ സീറ്റിങ് സീറ്റ് തിരിച്ച് പിടിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ധീരന്‍ ഷാ ഇന്‍വതി ബിജെപിയിലേക്ക് ചേക്കേറിയ സിറ്റിങ് എംഎല്‍എ കമലേഷ് ഷായെ ആണ് പരാജയപ്പെടുത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായിട്ടാണ് ഇവിടുത്തെ എംഎല്‍എ കമലേഷ് ഷാ ബിജെപിയിലേക്ക് ചേക്കേറിയത്. കമല്‍നാഥിന്റെ ശക്തി കേന്ദ്രമായ ചിന്ദ്വാരയില്‍ ഉള്‍പ്പെട്ട മണ്ഡലമാണ് അമര്‍വാര. ചിന്ദ്വാരയില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കമല്‍നാഥിന്റെ മകന്‍ നകുല്‍നാഥ് പരാജയപ്പെട്ടിരുന്നു.

ഉത്തരാഖണ്ഡിൽ നടന്ന രണ്ട് സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ രണ്ട് സീറ്റിലും കോൺഗ്രസ് വിജയിച്ചു. കോൺഗ്രസ് സ്ഥാനാര്‍ഥി ലഖപത് സിങ് ബുട്ടോലയാണ് ബദരീനാഥിൽ വിജയിച്ചത്. കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന രാജേന്ദ്ര ഭണ്ഡാരി രാജിവെച്ച് ബിജെപി ടിക്കറ്റില്‍ മത്സരിച്ചിരുന്നു. അദേഹത്തെയാണ് ലഖപത് പരാജയപ്പെടുത്തിയത്. മംഗളൂരിൽ കോണ്‍ഗ്രസിന്റെ ഖാസി മുഹമ്മദ് നിസാമുദ്ദീന്‍ വിജയിച്ചു. ബിഎസ്പി സിറ്റിങ് സീറ്റായിരുന്നു ഇത്. ബിഎസ്പി എംഎല്‍എ സര്‍വത് കരിം അന്‍സാരിയുടെ മരണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇത്തവണ ഇവിടെ ബിഎസ്പി മൂന്നാമതായി. ബിജെപിയുടെ കര്‍തര്‍ സിങ് ഭന്ദാനയാണ് രണ്ടാം സ്ഥാനത്ത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.