തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ തൊഴിലാളി ജോയിക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. അതീവ സാഹസിക ദൗത്യവുമായി സ്‌കൂബ സംഘം രംഗത്തുണ്ട്. പാറയും മാലിന്യങ്ങളും ഉള്ളതിനാൽ ഉള്ളിലേക്ക് പോകാൻ കഴിയുന്നില്ലെന്ന് മുങ്ങൽ വിദഗ്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
'ഞങ്ങൾ കഴിയുന്ന വിധം താഴെ കിടന്ന് ഉള്ളിലേക്ക് പോയി നോക്കി. പക്ഷേ മുകളിൽ ഒരു മീറ്റർ കനത്തിൽ മാലിന്യം ഉണ്ട്. വെള്ളം കുറയുമ്പോൾ ഈ മാലിന്യം താഴെക്ക് വരുന്നു. ഇനിയും അങ്ങോട്ട് പോയാൽ ഞങ്ങൾ അവിടെ പെട്ട് പോകും. മാലിന്യത്തിൽ ഉൾപ്പടെ തെരച്ചിൽ നടത്തി. താഴെ പാറകളും ഉണ്ട്. മാലിന്യം കെെവച്ച് തള്ളിമാറ്റാൻ പോലും കഴിയുന്നില്ല. അത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നു. 40 മീറ്ററോളം ദൂരത്തിൽ പോകാൻ കഴിഞ്ഞു. പക്ഷേ അവിടെ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇനി ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി ബാക്കി കാര്യങ്ങൾ തിരുമാനിക്കും' - അദ്ദേഹം വ്യക്തമാക്കി.
തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനടിയിലൂടെ ഒഴുകുന്ന ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം മാറ്റാൻ ശ്രമിക്കവെ മാരായമുട്ടം മലഞ്ചെരുവ് വീട്ടിൽ നേശമണിയുടെയും മേരിയുടെയും മകൻ എൻ.ജോയിയെ (45) ഇന്നലെ രാവിലെ 11.30 മുതലാണ് കാണാതായത്. റെയിൽവേയുടെ കരാറുകാരൻ എത്തിച്ച തൊഴിലാളിയാണ്. ശക്തമായ മഴയെ തുടർന്ന് തോട്ടിലുണ്ടായ വെള്ളപ്പാച്ചിലാണ് അപകടകാരണമായത്.
തമ്പാനൂർ ഇന്ത്യൻ കോഫി ഹൗസിന് എതിർഭാഗത്തെ റെയിൽവേ പാഴ്സൽ ഓഫീസിനു സമീപത്തുകൂടി റെയിൽവേ കോമ്പൗണ്ടിലൂടെ ഒഴുകുന്ന തോടാണിത്. രാവിലെ എട്ട് മണിയോടെ പവർഹൗസ് റോഡിനു സമീപത്തെ തോടിന്റെ ഭാഗം വൃത്തിയാക്കിയ ശേഷമാണ് ഇവിടെയെത്തിയത്. പ്ലാസ്റ്റിക് മാലിന്യം ചാക്കിൽ കോരിമാറ്റുന്നതിനിടെ വെള്ളം ശക്തമായി ഒഴുകിവരുന്നതുകണ്ട് കരയിലുണ്ടായിരുന്ന സൂപ്പർവൈസർ കുമാർ, കരയ്ക്കുകയറാൻ ആവശ്യപ്പെട്ടു.
ഇതിനിടെ ഒഴുക്കിന്റെ ശക്തിയിൽ ജോയി കാലിടറി ടണലിലേക്ക് പതിച്ചു. കുമാർ കയർ എറിഞ്ഞുകൊടുത്തെങ്കിലും ജോയിക്ക് പിടിച്ചുകയറാൻ കഴിഞ്ഞില്ല. സംഭവം നടക്കുമ്പോൾ ജോയി മാത്രമായിരുന്നു തോട്ടിലുണ്ടായിരുന്നത്. കൂടെയുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികളായ തപൻദാസ്, ബിശ്വജിത് മണ്ഡൽ എന്നിവർ ഭക്ഷണം കഴിച്ചശേഷം പിറകെ വരുന്നതേ ഉണ്ടായിരുന്നുള്ളൂ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.