വാഷിങ്ടണ്‍: പെന്‍സില്‍വാനിയയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു നേരെയുണ്ടായ വധശ്രമത്തെ അപലപിച്ച് അമേരിക്കയിലെ കത്തോലിക്ക സഭാ നേതാക്കള്‍. ട്രംപിനായും ആക്രമണത്തിന്റെ ഇരകള്‍ക്കും വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകളും പള്ളികളില്‍ നടത്തി.
വെടിവയ്പ്പ് നടന്ന പിറ്റ്‌സ്ബര്‍ഗിലെ രൂപതാ ബിഷപ്പ് ഡേവിഡ് സുബിക്കാണ് സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി ആദ്യം രംഗത്തെത്തിയത്.
'ബട്ട്ലര്‍ കൗണ്ടിയിലെ ഞങ്ങളുടെ ഇടവകയ്ക്ക് തൊട്ടടുത്ത് നടന്ന പരിപാടിക്കിടെ ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റെന്ന വാര്‍ത്തകള്‍ ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു' - ബിഷപ്പ് ഡേവിഡ് സുബിക് പ്രസ്താവനയില്‍ പറഞ്ഞു.
വെടിവയ്പ്പ് നടന്നതിന് പിന്നാലെ ദ്രുതഗതിയില്‍ ഇടപെട്ട യുഎസ് സീക്രട്ട് സര്‍വീസ് അംഗങ്ങളെയും സംയമനത്തോടെ പ്രതികരിച്ച പ്രദേശവാസികളെയും ബിഷപ്പ് അഭിനന്ദിച്ചു.
'എല്ലാവരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും രോഗസൗഖ്യത്തിനും സമാധാനത്തിനുമായി പ്രാര്‍ത്ഥിക്കുന്നതിനൊപ്പം ഈ ലോകത്തിലെ അക്രമാസക്തമായ അന്തരീക്ഷത്തിന് അറുതി വരുത്താനുള്ള പ്രാര്‍ത്ഥനയില്‍ നമുക്ക് ഒരുമിച്ച് ചേരാം. ദൈവം നമ്മെ എല്ലാവരെയും നയിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ - ബിഷപ്പ് ഡേവിഡ് സുബിക് കൂട്ടിച്ചേര്‍ത്തു.
'എന്റെ സഹോദര മെത്രാന്മാരോടൊപ്പം രാഷ്ട്രീയ ആക്രമണങ്ങളെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ട്രംപിനു വേണ്ടിയും ആക്രമണത്തില്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തവര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുന്നു' - യു.എസ്. കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്സ് പ്രസിഡന്റും അമേരിക്കയിലെ മിലിട്ടറി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പുമായ തിമോത്തി പി. ബ്രോഗ്ലിയോ പ്രസ്താവനയില്‍ പറഞ്ഞു.
'നമ്മുടെ രാജ്യത്തിനു വേണ്ടിയും രാഷ്ട്രീയ ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിനു വേണ്ടിയും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ഇത്തരം ആക്രമണങ്ങള്‍ ഒരിക്കലും രാഷ്ട്രീയ വിയോജിപ്പുകള്‍ക്കുള്ള പരിഹാരമല്ല'. രാജ്യത്തിന്റെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കാന്‍ ഞങ്ങളോടൊപ്പം ചേരാന്‍ എല്ലാ സുമനസുകളോടും അഭ്യര്‍ത്ഥിക്കുന്നു. ദൈവമാതാവും അമേരിക്കയുടെ രക്ഷാധികാരിയുമായ പരിശുദ്ധ മറിയമേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ - ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
നെവാര്‍ക്കിലെ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോസഫ് ടോബിന്‍, സാന്‍ അന്റോണിയോയിലെ ആര്‍ച്ച് ബിഷപ്പും മിഷനറീസ് ഓഫ് ഹോളി സ്പിരിറ്റ് അംഗവുമായ ആര്‍ച്ച് ബിഷപ്പ് ഗുസ്താവോ ഗാര്‍സിയ-സില്ലെറും ആക്രമണത്തെ അപലപിച്ചു. മെക്‌സിക്കോ സിറ്റിയിലെ ബസിലിക്ക സന്ദര്‍ശിച്ച ആര്‍ച്ച് ബിഷപ്പ് ഗുസ്താവോ ഗ്വാഡലൂപ്പിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ
മാദ്ധ്യസ്ഥം അഭ്യര്‍ത്ഥിച്ചു.
'രാഷ്ട്രീയ സംഘട്ടനങ്ങള്‍ ആക്രമണത്തിലേക്ക് നയിക്കാന്‍ അനുവദിക്കരുത് - മെക്‌സിക്കോ സിറ്റിയില്‍ നിന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു. 'നമ്മുടെ രാജ്യത്തെ ഈ ദുഷ്‌കരമായ സമയങ്ങളില്‍ ഗ്വാഡലൂപ്പിലെ മാതാവ് ഞങ്ങളെ നയിക്കട്ടെ. നമുക്ക് വീടുകളിലും കുടുംബങ്ങളിലും ജോലിസ്ഥലങ്ങളിലും നമ്മുടെ രാജ്യത്തിലും സമാധാനം സൃഷ്ടിക്കുന്നവരായി മാറാം. ലോകത്ത് സമാധാനം അനിവാര്യമാണ്.
വെടിവയ്പ്പിനെക്കുറിച്ച് അറിഞ്ഞതിനെ തുടര്‍ന്ന് താന്‍ അതീവ ദുഃഖിതനാണെന്ന് ഫിലാഡല്‍ഫിയയിലെ ആര്‍ച്ച് ബിഷപ്പ് നെല്‍സണ്‍ ജെ. പെരെസ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.
'ഇന്നത്തെ രാഷ്ട്രീയ അക്രമത്തെയും എല്ലാത്തരം അക്രമങ്ങണളെയും അപലപിക്കാന്‍ അമേരിക്കക്കാര്‍ ഐക്യദാര്‍ഢ്യത്തോടെ ചേരണം. ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ, സമാധാനപരമായ സംഭാഷണത്തിലൂടെ നമുക്ക് അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനും വിദ്വേഷത്തിന്റെ പാപം കീഴടക്കാനും കഴിയും' - അദ്ദേഹം പറഞ്ഞു.
'ഇന്നത്തെ സംഭവങ്ങള്‍ നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ പിരിമുറുക്കം പ്രകടമാക്കുന്നു' - പെന്‍സില്‍വാനിയയിലെ ഗ്രീന്‍സ്ബര്‍ഗിലെ ബിഷപ്പ് ലാറി കുലിക് പറഞ്ഞു. അക്രമങ്ങള്‍ ഒരിക്കലും ജനാധിപത്യ പ്രക്രിയയുടെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.