പാലാ വിട്ടൊരു മത്സരം ഇല്ലെന്ന് കാപ്പന്‍; യുഡിഎഫിലേക്കെന്ന് ഏതാണ്ട് ഉറപ്പിച്ചു

പാലാ വിട്ടൊരു മത്സരം ഇല്ലെന്ന് കാപ്പന്‍;  യുഡിഎഫിലേക്കെന്ന് ഏതാണ്ട് ഉറപ്പിച്ചു

കോട്ടയം: ശരത് പവാറിന്റെ നിര്‍ദേശപ്രകാരം കേരളത്തിലെത്തുന്ന എന്‍സിപി നേതാവ് പ്രഫൂല്‍ പട്ടേലുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമയം നല്‍കാത്തതിനാല്‍ സിപിഎം-എന്‍സിപി സമവായ സാധ്യതകള്‍ മങ്ങി. ഇതോടെ മാണി സി കാപ്പന്‍ നിലപാട് കടുപ്പിച്ചു. പാലാ വിട്ടൊരു മത്സരം തനിക്കില്ലെന്നാണ് ഇപ്പോള്‍ കാപ്പന്‍ വ്യക്തമാക്കുന്നത്.

പാലാ സീറ്റുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന കടുത്ത നിലപാട് മയപ്പെടുത്തി നേരത്തെ മാണി സി കാപ്പന്‍ രംഗത്തെത്തിയിരുന്നു. ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ പറയുന്ന പോലെ കാര്യങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പിണറായി വിജയനുമായി പ്രഫുല്‍ പട്ടേല്‍ നടത്തുന്ന ചര്‍ച്ചയില്‍ പാലാ വിട്ടുകൊടുത്താല്‍ ജയസാധ്യതയുള്ള ഒരു നിയമസഭാ മണ്ഡലവും രാജ്യസഭാ സീറ്റും വേണമെന്ന ഉപാധി എന്‍സിപി മുന്നോട്ട് വെക്കുമെന്ന് സൂചനയുണ്ടായിരുന്നു. കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി സമയം അനുവദിക്കാത്ത സാഹചര്യത്തില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു.

കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറെടുക്കുന്നതായാണ് സൂചന. കേരളത്തിലെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി കാപ്പന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മുന്‍ എന്‍സിപി നേതാവായ താരിഖ് അന്‍വറുമായി കാപ്പന് നല്ല അടുപ്പമുണ്ട്. ഇത് മുന്നണിയിലേക്കുള്ള അദ്ദേഹത്തിന്റെ വരവിനെ എളുപ്പമാക്കുമെന്നാണ് യുഡിഎഫ് നേതൃത്വം കരുതുന്നത്.

പാല സീറ്റ് യുഡിഎഫ് കാപ്പന് വേണ്ടി ഒഴിച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍ ദില്ലിയില്‍ നടന്ന പവാര്‍-യെച്ചൂരി ചര്‍ച്ചയ്ക്ക് ശേഷം ആ നീക്കം യുഡിഎഫ് ഉപേക്ഷിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും അനുകൂല സാഹചര്യം ഉടലെടുത്തതോടെ കാപ്പന്‍ യുഡിഎഫിലേക്കെന്ന ചര്‍ച്ച സജീവമായിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.